
നിസ്കാരാനന്തരം തിരുനബിﷺ മുസ്വല്ലയിൽ ഇരുന്നുകൊണ്ട് നിർവഹിച്ചിരുന്ന സവിശേഷമായ പ്രാർത്ഥനകൾ വ്യത്യസ്ത നിവേദനങ്ങളിൽ വൈവിധ്യങ്ങളോടെ വായിക്കാൻ കഴിയും. ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു…. എന്നു തുടങ്ങുന്ന വചനങ്ങൾ എല്ലാ നിസ്കാരാനന്തരവും ഉരുവിടുമായിരുന്നു. അല്ലാഹുവിന്റെ ഏകത്വത്തെ വാഴ്ത്തുകയും അവനിൽ അഭയം തേടുകയും അല്ലാഹുവിനെ മുൻനിർത്തി വിവിധ വിപത്തുകളിൽ നിന്നും പൈശാചിക ശല്യങ്ങളിൽ നിന്നും കാവൽ തേടുകയും ചെയ്യുന്ന ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രാർഥനകളായിരുന്നു പ്രധാനമായും നിർവഹിച്ചിരുന്നത്.
ഇമാം നസാഇ(റ)യും തുർമുദി(റ)യും റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ ഇങ്ങനെയുണ്ട്. അബൂബക്കർ(റ) പറഞ്ഞു. നിസ്കാരാനന്തരം തിരുനബിﷺ ഇങ്ങനെ പ്രാർഥിക്കാറുണ്ടായിരുന്നു. അല്ലാഹുവേ സത്യനിഷേധം, ദാരിദ്ര്യം, ഖബറിലെ ശിക്ഷ എന്നിവയിൽ നിന്ന് നിന്നോട് ഞാൻ കാവൽ തേടുന്നു. ഇബ്നു അബീശൈബ(റ)യും നസാഇ(റ)യും നിവേദനം ചെയ്യുന്നു. അൻസ്വാരിയായ ഒരു സ്വഹാബി പറഞ്ഞു. അല്ലാഹുവേ എനിക്കു നീ പൊറുത്തു തരേണമേ. എൻ്റെ പാപമോചനം നീ സ്വീകരിക്കേണമേ. നീയാണല്ലോ ഏറ്റവും പൊറുക്കുന്നവനും പാപമോചനം നൽകുന്നവനും. നൂറു പ്രാവശ്യം തിരുനബിﷺ ഈ പ്രാർഥന ചൊല്ലുന്നത് ഞാൻ കേട്ടിട്ടുണ്ട്.
ജിബ്‌രീലി(അ)ന്റെയും മീക്കാഈലി(അ)ൻ്റെയും ഇസ്റാഫീലി(അ)ന്റെയും പരിപാലകനായ അല്ലാഹുവേ നരകത്തിന്റെ ചൂടിൽ നിന്നും ഖബറിലെ ശിക്ഷയിൽ നിന്നും എന്നെ നീ കാത്തുരക്ഷിക്കേണമേ! ഇത്തരമൊരു പ്രാർഥന നിസ്ക്കാരാനന്തരം തിരുനബിﷺ നിർവഹിക്കാറുണ്ടായിരുന്നു എന്ന് മഹതി ആഇശ(റ) പറയുന്നുണ്ട്. പ്രബലമായ പരമ്പരയിലൂടെ ഇമാം നസാഇ(റ)യും ത്വബ്റാനി(റ)യും ഈ ഹദീസ് ഉദ്ധരിക്കുന്നുമുണ്ട്.
അനസുബ്നു മാലിക്(റ) നിവേദനം ചെയ്യുന്നു. നിസ്കാരാനന്തരം തിരുനബിﷺ വലതു കൈകൊണ്ട് തലയിൽ തലോടുമായിരുന്നു. മറ്റൊരു നിവേദനത്തിൽ നെറ്റിയിലും എന്നുകൂടിയുണ്ട്. ആ സമയത്ത് തിരുനബിﷺ ഇങ്ങനെ പ്രാർഥിച്ചിരുന്നു. ബിസ്മില്ലാഹില്ലദീ ലാഇലാഹ ഇല്ലല്ലാഹുവ അറഹ്മാൻ അർറഹീം.. അല്ലാഹുമ്മ അദ്ഹിബ് അന്നീ അല് ഹമ്മ വൽ ഹുസ്ൻ… (കാരുണ്യവാനും ഏകനുമായ അല്ലാഹുവേ മനപ്രയാസവും ദുഃഖവും ഖേദവും എന്നിൽ നിന്നും നീ അകറ്റേണമേ..)
നിസ്കാരാനന്തരം ധൃതിയിൽ എഴുന്നേറ്റ് പോവുക എന്നതും, മുസ്വല്ലയിൽ വെച്ചുകൊണ്ട് പ്രത്യേക പ്രാർഥനകളോ മന്ത്രങ്ങളോ ചൊല്ലാത്തതും തിരുനബിﷺയുടെ രീതിയായിരുന്നില്ല. പ്രാർഥനയ്ക്ക് ഏറ്റവും പ്രതിഫലം ലഭിക്കുകയും ഉത്തരം പ്രതീക്ഷിക്കാവുന്നതുമായ സമയമാണത് എന്ന് തിരുമേനിﷺ പഠിപ്പിക്കുകയായിരുന്നു.
നിരന്തരമായി അല്ലാഹുവിനെ സ്മരിക്കുകയും ആശകളും ആശങ്കകളും അവനോട് പങ്കുവെക്കുകയും ചെയ്യുന്ന ഒരു ആത്മീയ പരിസരം വിശ്വാസികൾ രൂപപ്പെടുത്തുന്നത് ഇത്തരം കർമാനുഷ്ഠാനങ്ങളിലൂടെയാണ്. ഇവയൊക്കെ അന്യം നിന്നാൽ ജഡമായ ഒരു ഇസ്ലാമിനെ മാത്രമേ നമുക്ക് പരിചയപ്പെടാനാവൂ.
മധുരവും ആനന്ദവും ആത്മീയമായ വലയങ്ങളും ആധ്യാത്മികമായ വിചാരങ്ങളും ഹൃദയം ചേർത്തുവെക്കുന്ന ആധ്യാത്മിക അനുഷ്ഠാനങ്ങളും ഇഴചേർന്നു നിൽക്കുന്ന ആരാധനാക്രമങ്ങളെയാണ് തിരുനബിﷺ അവതരിപ്പിച്ചിട്ടുള്ളത്. ഹൃദയം തൊടാതെയുള്ള കേവല സിദ്ധാന്തങ്ങളെ ഭംഗി വാക്കുകൾ പറഞ്ഞ് ഇസ്ലാമായി അവതരിപ്പിക്കുകയും ഉപരിപ്ലവാത്മകമായ ഒരു ദർശനത്തെ അവതരിപ്പിച്ച് ഇസ്ലാമിനെ അപകടകരമായി ആധുനികവൽക്കരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ മർമപ്രധാനമായ ആത്മീയ വശത്തെയാണ് നിരാകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
