Tweet 1020

    Tweet 1020
    March 30, 2025 • Sunday
    Post Header

    നിസ്കാരാനന്തനം തിരുനബിﷺ ജനങ്ങൾക്ക് അഭിമുഖമായി ഇരിക്കുമായിരുന്നു. ഇമാം മുസ്ലിമും(റ) അബൂദാവൂദും(റ) ഉദ്ധരിക്കുന്നു. പ്രമുഖ സ്വഹാബിയായ ബറാഅ(റ) പറഞ്ഞു. തിരുനബിﷺയുടെ പിന്നിൽ നിസ്കരിക്കുമ്പോൾ വലതുഭാഗത്ത് നിൽക്കാൻ ഞങ്ങൾ പ്രത്യേകം ഇഷ്ടപ്പെടുമായിരുന്നു. അപ്പോൾ അവിടുത്തെ തിരുമുഖം ഞങ്ങളുടെ ഭാഗത്തേക്ക് തിരിക്കുമായിരുന്നു.

    യസീദ് ബിൻ അസ്‌വദ് (റ) പറയുന്നു. വിടവാങ്ങൽ ഹജ്ജ് വേളയിൽ തിരുനബിﷺ ഞങ്ങൾക്ക് ഇമാമായി സുബ്ഹി നിസ്കരിച്ചു. ശേഷം അഭിമുഖമായി തിരിഞ്ഞിരുന്നു. ജനങ്ങൾ ഓടിക്കൂടി വന്ന് അവിടുത്തെ തിരുകരങ്ങൾ കവർന്നു ചുംബനം നൽകി. ഞാനും അവിടുത്തെ തിരുകരം കവർന്ന ശേഷം ആ കരങ്ങൾ കൊണ്ട് മുഖം തലോടി. മഞ്ഞിനെക്കാൾ തണുപ്പും കസ്തൂരിയെക്കാൾ സുഗന്ധവും അനുഭവിച്ചു. ഇമാം അഹ്മദാ(റ)ണ് ഈ നിവേദനം ഉദ്ധരിച്ചത്.

    ഹുദൈബിയ്യയിൽ വച്ചും ഇതുപോലെ തിരുനബിﷺ നിസ്കാരാനന്തരം അഭിമുഖമായിരുന്ന സംഭവം ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) ഉദ്ധരിച്ചിട്ടുണ്ട്. സൈദ് ബിൻ ഖാലിദ് അൽ ജുഹനി(റ)യാണ് പ്രസ്തുത ഹദീസ് നിവേദനം ചെയ്തത്.

    തിരുനബിﷺ ജനങ്ങളിലേക്ക് തിരിഞ്ഞിരുന്ന് ദുആ നിർവഹിച്ച കാര്യവും ഹദീസുകളിൽ വന്നിട്ടുണ്ട്. ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. നബിﷺ സുബ്ഹി നിസ്‌കരിച്ചു. ശേഷം സ്വഹാബത്തിലേക്ക് തിരിഞ്ഞിരുന്ന് ദുആ ചെയ്തു: “അല്ലാഹുവേ ഞങ്ങളുടെ മദീനയിലും മുദ്ദിലും സ്വാഇലും ശാമിലും യമനിലും ഞങ്ങൾക്ക് നീ ബറകത്ത് ചെയ്യേണമേ!”

    നിസ്കാരത്തിന് നേതൃത്വം കൊടുക്കുന്ന ആൾ ജനങ്ങളെ ഒഴിവാക്കി സ്വന്തമായി പ്രാർഥിക്കുന്നത് വഞ്ചന ആണെന്നും തിരുനബിﷺ പഠിപ്പിച്ചിട്ടുണ്ട്. ഇമാം ബൈഹഖി(റ) റിപ്പോർട്ട് ചെയ്യുന്നു. നബിﷺ പറഞ്ഞു. ഇമാം നിന്ന ഒരാളും മഅ്‌മൂമുകളെ പരിഗണിക്കാതെ സ്വന്തമായി ദുആ ചെയ്യാതിരിക്കട്ടെ! അങ്ങനെ സ്വന്തമായി ദുആ ചെയ്‌ത ഇമാം മഅ്‌മൂമുകളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്.

    നിസ്കാര ശേഷമുള്ള പ്രാർഥനയെക്കുറിച്ച് ഇമാം നവവി(റ) ശറഹുൽ മുഹദ്ദബിൽ പറയുന്നത് ഇങ്ങനെയാണ്. ഇമാമിനും മഅ്മൂമിനും എല്ലാ നിസ്കാര ശേഷവും ദിക്റുകളും ദുആയും നിർവ്വഹിക്കൽ സുന്നത്താണെന്ന് നാം പറഞ്ഞുവല്ലോ! എന്നാൽ ചില ഇമാമുമാർ നിസ്കാര ശേഷമുള്ള ദുആ സുബ്ഹ്, അസ്ർ നിസ്കാരങ്ങൾക്ക് ശേഷം മാത്രം നിർവ്വഹിക്കുന്നതിന് ഒരടിസ്ഥാനവുമില്ല. സുബ്ഹിനും അസറിനും ശേഷം മാത്രമാണല്ലോ സുന്നത്ത് നിസ്കാരമില്ലാത്തത് എന്നത് ഇതിന് ന്യായമായി പറയുന്നതും അടിസ്ഥാനരഹിതമാണ്. ശരിക്കും
    എല്ലാ നിസ്കാര ശേഷവും ഇമാം ജനങ്ങളിലേക്ക് തിരിഞ്ഞിരുന്ന് ദുആ ചെയ്യണണമെന്നതാണ് സുന്നത്തായ രൂപം.

    നിസ്കാര ശേഷമുള്ള പ്രാർഥനയെക്കുറിച്ച് ബുഖാരിയിൽ വന്ന ഹദീസിനെ വിശദീകരിച്ചുകൊണ്ട് ബുഖാരിയുടെ ഏറ്റവും പ്രസിദ്ധമായ വ്യാഖ്യാന ഗ്രന്ഥം ഫത്ഹുൽ ബാരിയിൽ ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി(റ) പറയുന്നത് ഇപ്രകാരമാണ്. ഇമാം ബുഖാരി(റ) നൽകിയ തലക്കെട്ടിൽ നിന്ന് തന്നെ നിസ്കാര ശേഷം ദുആ സുന്നത്തില്ലെന്ന് വാദിക്കുന്നവർക്ക് മറുപടിയുണ്ട്. അല്ലാഹുമ്മ അൻതസ്സ‌ലാം എന്ന് തുടങ്ങുന്ന ദിക്ർ ചൊല്ലുന്ന സമയമേ നബിﷺ നിസ്‌കാര ശേഷം ഇരിക്കാറുള്ളൂ എന്ന ഹദീസ് ഇവർ തെളിവാക്കാറുണ്ട്. ഹദീസിൻ്റെ ശരിയായ അർത്ഥം: അവിടുന്ന് നിസ്കാര ശേഷം ഖിബ്‌ലക്ക് മുന്നിട്ട അതേ രൂപത്തിൽ ഈ ദിക്റുകൾ ചൊല്ലുന്ന സമയം മാത്രമേ ഇരിക്കാറുളളു എന്നതാണ്. കാരണം നബിﷺ നിസ്‌കാര ശേഷം സ്വഹാബത്തിലേക്ക് അഭിമുഖമായി ഇരിക്കാറുണ്ടെന്നത് സ്ഥിരപ്പെട്ടു വന്നിട്ടുണ്ടല്ലൊ.

    കൂട്ടമായി പ്രാർഥിക്കുന്നതിന്റെ മഹത്വം പറയുന്ന ഹദീസുകളും തിരുനബിﷺയിൽ നിന്ന് വന്നിട്ടുണ്ട്. ഹബീബ് ബിൻ മസ്‌ലമ(റ)യിൽ നിന്ന് നിവേദനം. റസൂൽﷺ പറയുന്നത് ഞാൻ കേട്ടു. “ഒരു കൂട്ടം ജനങ്ങൾ ഒരുമിച്ചു കൂടി. അവരിൽ ഒരാൾ പ്രാർഥിക്കുകയും ബാക്കിയുള്ളവർ മുഴുവൻ ആമീൻ പറയുകയും ചെയ്താൽ അല്ലാഹു ആ പ്രാർഥനക്ക് ഉത്തരം നൽകുന്നതാണ്.”

    നിങ്ങൾ ആമീൻ പറയുന്നത് ജൂതന്മാർക്ക് അത്ര ഇഷ്ടമുള്ള കാര്യമായിരുന്നില്ല എന്ന് ഇബ്നുമാജ(റ) റിപ്പോർട്ട് ചെയ്ത ഹദീസിലുണ്ട്. നബിﷺ പറഞ്ഞു: “നിങ്ങൾ പരസ്പരം സലാം പറയുന്നതിനേയും ആമീൻ പറയുന്നതിനേയും ജൂതന്മാർ വെറുക്കുന്നത് പോലെ മറ്റൊരു കാര്യത്തിലും നിങ്ങളോട് ജൂതന്മാർക്ക് വെറുപ്പുണ്ടാവുകയില്ല.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...