
ഖുഫ്ഫ തടകിയാൽ മതിയാകണമെങ്കിൽ ചില അടിസ്ഥാന നിബന്ധനകൾ പാലിച്ചിരിക്കണം. ഒന്ന്, രണ്ട് അശുദ്ധിയിൽ നിന്നും പൂർണ്ണമായി ശുദ്ധിയായിരിക്കുന്ന സമയത്ത് ധരിച്ചതായിരിക്കണം. ഖുഫ്ഫ് ധരിക്കുന്ന സമയത്ത് വുളൂഅ് നിർവഹിക്കുകയാണെങ്കിൽ രണ്ടു കാലുകളും കഴുകിയതിനുശേഷം മാത്രമേ ധരിക്കാവൂ. ഒരു കാൽ കഴുകിയതിനുശേഷം ആ കാലിൽ കാലുറ ധരിച്ചാൽ അടുത്ത കാൽ കഴുകി ശുദ്ധീകരണം പൂർത്തിയാകുന്നതിനുമുമ്പു ധരിച്ചു എന്ന പരിമിതി ഒന്നാമത്തേതിനുണ്ടാകും. അപ്പോൾ ശരിയാവില്ല.
രണ്ട്, കാലുറയിൽ മാലിന്യമോ മറ്റോ ഇല്ലാത്തവിധം പൂർണ്ണമായും ശുദ്ധിയുള്ളതായിരിക്കണം. മാലിന്യത്തിൽ നിന്നുണ്ടാക്കിയ കാലുറയാണെങ്കിൽ ഏതായാലും സ്വീകാര്യമല്ല. കാലുറയുടെ ഏതെങ്കിലും ഭാഗത്ത് വിട്ടുവീഴ്ച ചെയ്യപ്പെടാത്ത വിധമുള്ള മാലിന്യമുണ്ടെങ്കിൽ അതും സ്വീകാര്യമാവില്ല. വിട്ടുവീഴ്ച ചെയ്യപ്പെടാവുന്ന വിധമുള്ള മാലിന്യം ഏതെങ്കിലും ഉണ്ടായിരിക്കുകയും വെള്ളം കലർന്ന് അത് കൂടുതൽ മലിനമാവുകയും ചെയ്താൽ അപ്പോഴും ശുദ്ധിയായിരിക്കുക എന്ന നിബന്ധന പാലിക്കപ്പെടുകയില്ല.
മൂന്ന്, വുളൂഅ് നിർവഹിക്കുമ്പോൾ കാലിൽ നിന്ന് കഴുകപ്പെടേണ്ട മുഴുവൻ ഭാഗങ്ങളും കവർ ചെയ്യുന്ന വിധത്തിലുള്ള കാലുറ ആയിരിക്കണം.
നാല്, കാലുറയ്ക്ക് മുകളിൽ വെള്ളം വീണാൽ അകത്തേക്ക് ചേരാത്ത വിധം നനവെത്താത്ത കാലുറയായിരിക്കണം. സ്ഫടികം പോലെയുള്ളത് സഞ്ചാരയോഗ്യമായ വിധത്തിൽ പാകപ്പെടുത്തുകയും അതുകൊണ്ട് കാലിന്റെ ഭാഗങ്ങൾ കാണപ്പെടുകയും ചെയ്യുന്നതുകൊണ്ട് വിരോധമില്ല.
അഞ്ച്, ധരിച്ചുകൊണ്ട് എല്ലാ ആവശ്യനിർവഹണത്തിനും സഞ്ചരിക്കാൻ ഉതകുന്ന വിധം സൗകര്യപ്രദമായിരിക്കണം ഖുഫ്ഫ.
തോല്, തുണി, രോമങ്ങൾ, പഞ്ഞി എന്നിവ കൊണ്ടുണ്ടാക്കിയ മേൽ പറയപ്പെട്ട നിബന്ധനകളൊത്ത ഖുഫ്ഫകൾ വ്യാപകമായി പഴയകാലത്ത് ഉപയോഗിച്ചിരുന്നു. എന്നാൽ, ഇന്ന് നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സോക്സുകൾ ഈ ഗണത്തിൽ പെടുകയില്ല. അതുകൊണ്ടുതന്നെ ഖുഫ്ഫക്ക് അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങൾ സോക്സ് ധരിച്ചുകൊണ്ട് ഉപയോഗിക്കാവുന്നതുമല്ല. പ്രമാണങ്ങളെ വേണ്ടത്ര പരിശോധിക്കാതെയും ഇളവുകളിലേക്കുള്ള വ്യഗ്രത കൊണ്ടും സോക്സ് ഉപയോഗിക്കുന്നവരും ഖുഫ്ഫ ധരിച്ചവർക്കുള്ള ആനുകൂല്യങ്ങൾക്ക് അർഹരാണ് എന്ന് ചില ഒറ്റപ്പെട്ട ഫതുവകൾ വരെ വന്നിട്ടുണ്ട്. എന്നാൽ, അതിന് വേണ്ടത്ര പ്രാമാണികമായ അടിത്തറകളില്ല.
ഇമാം നവവി(റ) പറയുന്ന വിശദീകരണം ഒന്നു വായിച്ചു നോക്കൂ. ഒരാള്‍ ജൗറബ് അഥവാ സോക്സ് ധരിച്ചാല്‍ രണ്ട് നിബന്ധനകളോട് കൂടി അതിന്മേല്‍ തടവല്‍ അനുവദനീയമാകുന്നതാണ്. ഒന്ന്, ജൗറബ് നല്ല കട്ടിയുള്ളതാകണം. നേര്‍മയുള്ളതാകാന്‍ പാടില്ല. രണ്ട്, ചെരിപ്പില്‍ നടക്കാന്‍ കഴിയുന്നത് പോലെ അതിന്മേല്‍ സ്വന്തം നടക്കാന്‍ സാധിക്കണം (ശറഹുല്‍ മുഹദ്ദബ്). ഹനഫീ വീക്ഷണപ്രകാരം തടകല്‍ ശരിയാവണമെങ്കില്‍ അത് ധരിച്ച് ഒരു ഫര്‍സഖില്‍ കൂടുതല്‍ അഥവാ മൂന്ന് മൈലിൽ അധികം നടക്കാന്‍ സാധിക്കണം. മാലികി മദ്ഹബില്‍ തടകല്‍ അനുവദിക്കപ്പെടുന്നതിന്റെ അടിസ്ഥാന യോഗ്യത നിർബന്ധമായും ഖുഫ്ഫ തോലിന്റേതാകണം എന്നാണ്, ഹമ്പലി മദ്ഹബില്‍ തടകല്‍ ശരിയാവണമെങ്കില്‍ പ്രത്യേക വഴിദൂരം ഒന്നും അവര്‍ നിശ്ചയിച്ചിട്ടില്ലെങ്കിലും അത് ധരിച്ച് നടക്കാന്‍ കഴിണം എന്നത് നിബന്ധനയാണ്. പ്രസ്തുത വിഷയത്തിൽ നാട്ടിലെ പതിവുകൾ കൂടി പരിഗണിക്കാമെന്നും പറയുന്നുണ്ട്.
ഇപ്പോൾ നാം ഉപയോഗിക്കുന്ന സോക്സുകൾ ഖുഫ്ഫയുടെ ആനുകൂല്യത്തിന് യോഗ്യമല്ല എന്നത് നാലു മദ്ഹബുകളും ഒരുമിച്ചു പറയുന്നു എന്നാണ് മേൽ ചർച്ചയുടെ സാരം.
ചെറുതെന്ന് തോന്നുന്ന കാര്യങ്ങളെ പോലും എത്ര മേൽ വിശദമായിട്ടാണ് ഇസ്ലാം വിശദീകരിക്കുന്നത് എന്ന് മനസ്സിലാക്കാൻ ഈ അധ്യായം ഒരു ഉണർത്തലാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
