Tweet 945

    Tweet 945
    January 14, 2025 • Tuesday
    Post Header

    തിരുനബിﷺയുടെ ജീവിതത്തിന്റെ പരിസരങ്ങളിലൂടെയാണ് കുറച്ച് അധ്യായങ്ങളിൽ നാം സഞ്ചരിച്ചത്. അവിടുത്തെ വീടും ആലയും തൊഴുത്തും വളർത്തു മൃഗങ്ങളും അവയോടുള്ള സമീപനങ്ങളും അവയെക്കുറിച്ചുള്ള നിരീക്ഷണങ്ങളും പലതും നാം വായിച്ചു. ഇനി തിരുനബിﷺയുടെ ചില ശീലങ്ങളിലേക്ക് നാം കടക്കുകയാണ്. അവിടുന്ന് യാത്രയ്ക്ക് വേണ്ടി ഏത് ദിവസമായിരുന്നു തിരഞ്ഞെടുത്തത്? ഏതു ദിവസങ്ങൾക്കൊക്കെയാണ് പ്രാമുഖ്യം നൽകിയിരുന്നത്? മനുഷ്യന്റെ ദൈനംദിന ജീവിതത്തിലെ ചില തീരുമാനങ്ങൾക്കും തെരഞ്ഞെടുപ്പുകൾക്കും വെളിച്ചം നൽകുന്ന അധ്യായം കൂടിയാണിത്.
    കഅബ് ബിനു മാലികി(റ)ൽ നിന്ന് ഇമാം ബുഖാരി(റ)യും ത്വബ്റാനി(റ)യും നിവേദനം ചെയ്യുന്നു. തബൂഖ് യുദ്ധത്തിനുവേണ്ടി തിരുനബിﷺ പുറപ്പെട്ടത് വ്യാഴാഴ്ചയായിരുന്നു. വ്യാഴാഴ്ച യാത്ര പുറപ്പെടുന്നത് തിരുനബിﷺ ഇഷ്ടം വച്ചിരുന്നു. മറ്റൊരു നിവേദന പ്രകാരം തിരുനബിﷺയുടെ ഓരോ ദീർഘ യാത്രയും വ്യാഴാഴ്ചയായിരുന്നു. തിരുനബിﷺ സ്വന്തം യാത്രയ്ക്ക് തിരഞ്ഞെടുക്കുന്നതും യാത്രാ സംഘങ്ങളെ നിയോഗിക്കാൻ തിരഞ്ഞെടുക്കുന്നതും വ്യാഴാഴ്ചയായിരുന്നു എന്നും മറ്റൊരു ഹദീസിൽ കാണാം.
    ഉമ്മു സലമ(റ)യിൽ നിന്ന് അബൂ ശൈഖ് (റ) നിവേദനം ചെയ്യുന്ന ഹദീസിൽ വ്യാഴാഴ്ച യാത്ര പുറപ്പെടുന്നത് തിരുനബിﷺ പ്രത്യേകം ഇഷ്ടം വച്ചിരുന്നു എന്ന് വ്യക്തമായി തന്നെ കാണാം.
    ഇമാം അഹ്മദും(റ) ഇമാം ബുഖാരി(റ)യും ഇമാം മുസ്ലിമും(റ) അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസിൽ പറയുന്നു. തിരുനബിﷺ യാത്ര പുറപ്പെടാൻ വേണ്ടി ഒട്ടകപ്പുറത്ത് കയറി റെഡി ആയാൽ അല്ലാഹുവിനെ സ്തുതിക്കും. അല്ലാഹുവിനെ മഹത്വപ്പെടുത്തുന്ന തസ്ബീഹും തക്ബീറും മൂന്നു പ്രാവശ്യം വീതം ചൊല്ലും. ശേഷം സുബ്ഹാനല്ലാ… എന്ന് തുടങ്ങുന്ന സവിശേഷമായ മന്ത്രം ഉരുവിടും.
    തുടർന്ന് ഇനി പറയുന്ന ആശയമുള്ള പ്രാർഥന നിർവഹിക്കും. അല്ലാഹുവേ ഈ യാത്രയിൽ നിന്നോട് ഞാൻ നന്മയും തഖ്‌വയും തേടുന്നു. കർമങ്ങളിൽ നിന്ന് നിനക്ക് തൃപ്തിയുള്ളതിനെ അർഥിക്കുന്നു. ഈ യാത്ര ഞങ്ങൾക്ക് സുഗമമാക്കേണമേ! യാത്രയിലെ ദൂരം ഞങ്ങൾക്ക് കുറച്ചു തരേണമേ! അല്ലാഹുവേ ഈ യാത്രയിലെ തുണ നീയാണ്. എന്റെ സ്വത്തിലും കുടുംബത്തിലും പ്രതിനിധിയായി നിന്നെയാണ് ഏൽപ്പിക്കുന്നത്. യാത്ര കഴിഞ്ഞു മടങ്ങി വരുമ്പോൾ വിനയത്തോടുകൂടി അവിടുന്ന് പറയും. അല്ലാഹുവേ നിനക്ക് സാഷ്ടാംഗം ചെയ്തവരായി ഞങ്ങൾ മടങ്ങിയിരിക്കുന്നു; തിരിച്ചെത്തിയിരിക്കുന്നു.
    ഇമാം തുർമുദി(റ) നിവേദനം ചെയ്യുന്നു. യാത്രക്കിടയിൽ ഉയർന്ന പ്രദേശങ്ങളിലേക്ക് എത്തിയാൽ തക്ബീർ കൊണ്ട് അല്ലാഹുവിനെ മഹത്വപ്പെടുത്തും. താഴ്ന്ന പ്രദേശങ്ങളിലേക്ക് വരുമ്പോൾ തസ്ബീഹ് ചൊല്ലി അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തും.
    യാത്രയിൽ ചൊല്ലാൻ നിർദ്ദേശിക്കുകയും പരിപാലിക്കുകയും ചെയ്ത പ്രാർഥനകളും മന്ത്രങ്ങളും വലിയ ഒരുപാട് ആശയങ്ങളെ സംവഹിക്കുന്നു. ഓരോ മനുഷ്യന്റെയും ഓരോ കർമങ്ങളും അർഥമുള്ളതാകണം. വെറുതെ യാത്ര ചെയ്യുക എന്ന ഒരു ആചാരം തന്നെ ഇല്ല. കൃത്യമായ ഒരു ലക്ഷ്യത്തിലേക്കും ലക്ഷ്യം തന്നെ നീതീകരിക്കാനാവുന്നതുമാകണം. യാത്രയിൽ നിന്നോട് നന്മയും തഖ്‌വയും ചോദിക്കുന്നു എന്ന് പറഞ്ഞാൽ, ഏതൊരു യാത്രയിലും പ്രാർഥിക്കാൻ മാത്രമുള്ള ലക്ഷ്യവും മാർഗവും രീതിയും നിലനിന്നിരിക്കണം. അനാവശ്യങ്ങൾ ലക്ഷ്യം വെച്ചുകൊണ്ടുള്ള ദേശാടനങ്ങളുടെ കാലം. വൃത്തികേടുകളോടൊപ്പം ചേരാനുള്ള ടൂറുകളുടെ പരിസരങ്ങൾ. ഇവിടെയാണ് ഒരു വിശ്വാസിയുടെ യാത്രയുടെ ലക്ഷ്യം നിർണയിക്കുന്ന പ്രാർഥനയെക്കുറിച്ച് നാം എഴുതുന്നത്; പ്രവാചക പ്രഭുﷺവിന്റെ പ്രാർഥനയുടെ ആശയ സാരങ്ങൾ നമ്മെ സദാചാരത്തിലേക്ക് നയിക്കുന്നത്.
    നമ്മുടെ ഓരോ യാത്രകൾക്കും മതപരമായ സ്വീകാര്യതയുടെ തലങ്ങളുണ്ടായിരിക്കണം. അല്ലാഹുവിന്റെ അടുക്കൽ ന്യായമാണെന്ന് ബോധ്യപ്പെട്ട സഞ്ചാരങ്ങളായിരിക്കണം. ഇതാണ് ഒരു വിശ്വാസിയുടെ സംസ്കാരം.

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...