Tweet 944

    Tweet 944
    January 13, 2025 • Monday
    Post Header

    തിരുനബിﷺ പാലിന് വേണ്ടി ഉപയോഗിച്ച ആടുകളെ എണ്ണിയപ്പോൾ പത്തെണ്ണത്തിനെ പ്രത്യേകം പേര് പറയുക തന്നെയുണ്ടായിട്ടുണ്ട്. അജ്വ, സംസം, സുഖ്യ, ബറക, വർസ, ഇത്ലാൽ, ഇത്രാഫ്, ഖുമ്ര, ഗൗസ, യുംനാ എന്നിങ്ങനെയാണ് അവയുടെ പേരുകൾ. ബീവി ഉമ്മു ഐമൻ(റ) പ്രത്യേകം പരിപാലിക്കുന്ന ഒരാടും തിരുനബിﷺക്കുണ്ടായിരുന്നു.
    മുഹമ്മദ് ബിൻ അബ്ദുല്ലാഹിബ്നു ഹുസൈൻ(റ) പറയുന്നു. തിരുനബിﷺയുടെ ആടുകളെ ഉഹ്ദിലായിരുന്നു മേയാൻ കൊണ്ടുപോയിരുന്നത്. വൈകുന്നേരമാകുമ്പോൾ നബിﷺ വീട്ടിലാണുള്ളത്. അവിടേക്ക് കൊണ്ടുവരും. ഒരു ദിവസം ആടുകളെ കൂട്ടിക്കൊണ്ടു വന്നപ്പോൾ കൂട്ടത്തിലെ കമർ എന്ന ആടിനെ കാണാനില്ല. നബിﷺ കാര്യം അന്വേഷിച്ചു. അപ്പോൾ ഇടയൻ പറഞ്ഞു. അത് മരിച്ചുപോയി എന്ന്. അതിന്റെ തോൽ എന്താക്കി എന്നായിരുന്നു നബിﷺയുടെ അടുത്ത അന്വേഷണം. അതിനെ ഒന്നാകെ കുഴിച്ചിട്ടു എന്നായിരുന്നു മറുപടി. മൃഗത്തിന്റെ തോലുകൾ കിട്ടിയാൽ ശുദ്ധിയാക്കാമല്ലോ എന്ന വിശദീകരണം തിരുനബിﷺ നൽകുകയും ചെയ്തു.
    തിരുനബിﷺയുടെ ഉടമസ്ഥതയിൽ മാടുകളുണ്ടായിരുന്നതായി റിപ്പോർട്ടുകളിൽ ഒന്നും കാണുന്നില്ല. എന്നാൽ ഭാര്യമാരുടെ പേരിൽ ഉള്ഹിയ അറുത്തപ്പോൾ മാടുകളെ അറുത്തതായി നിവേദനങ്ങളുണ്ട്‌. അത് പ്രസ്തുത ആവശ്യത്തിനുവേണ്ടി ആ സമയത്ത് പണം കൊടുത്ത് വാങ്ങിയതാവാം. പോറ്റി വളർത്തിയ കൂട്ടത്തിൽ അവ ഇല്ലായിരുന്നു എന്നാണ് രേഖകൾ സംസാരിക്കുന്നത്.
    തിരുനബിﷺയുടെ വീട്ടിലെ കോഴികളെ കുറിച്ചും കുറച്ചു വർത്തമാനങ്ങളുണ്ട്. കോഴികളെ ശപിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യരുത് എന്ന നിവേദനം കൊണ്ടാണ് ഈ അധ്യായം തുടങ്ങിയിട്ടുള്ളത്. ഇമാം അഹ്മദും(റ) അബൂ ദാവൂദും(റ) ഖാലിദ് അൽ ജുഹമി(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. നിങ്ങൾ കോഴികളെ ആക്ഷേപിക്കരുത്. അവകൾ പ്രഭാത നിസ്കാരത്തിനു വേണ്ടി വിളിച്ചുണർത്തുന്ന ജീവികളാണ്.
    മഹാനായ ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ അടുക്കൽ വച്ച് ഒരു കോഴി കൂവി. അടുത്തുണ്ടായിരുന്ന ഒരാൾ അതിനെ ആക്ഷേപിക്കുകയും ശപിക്കുകയും ചെയ്തു. അപ്പോൾ തന്നെ നബിﷺ പറഞ്ഞു. കോഴിയെ ആക്ഷേപിക്കുകയോ ശപിക്കുകയോ ചെയ്യരുത്. കാരണം അത് നിസ്കാരത്തിലേക്ക് ക്ഷണിക്കുന്ന ജീവിയാണ്. ഇതേ ആശയത്തിലുള്ള ഒരു ഹദീസ് അബൂഖതാദ(റ)യിൽ നിന്ന് ത്വയാലിസി(റ) റിപ്പോർട്ട് ചെയ്യുന്നുണ്ട്.
    അബൂഹുറൈറ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം. കോഴി കൂവുന്ന സമയത്ത് നിങ്ങൾ അല്ലാഹുവിനോട് അനുഗ്രഹത്തെ തേടുക. കോഴി മലക്കിനെ ദർശിച്ചുകൊണ്ടാണ് കൂവുന്നത്.
    സഹവസിച്ചു ജീവിക്കുന്ന ജന്തുക്കളോടും സഹജീവികളോടും എത്രമേൽ മമതയോടെയും അടുപ്പത്തോടെയുമാണ് തിരുനബിﷺ ഇടപഴകുകയും മറ്റുള്ളവരോട് സമീപന രീതികൾ രൂപപ്പെടുത്താൻ പറയുകയും ചെയ്യുന്നത്. പ്രപഞ്ചത്തിനു മുഴുവനും കാരുണ്യമായ റസൂൽﷺയുടെ സഹജീവികളോടുള്ള പെരുമാറ്റത്തിന്റെ ശോഭനമായ അദ്ധ്യായങ്ങളാണല്ലോ പഠിപ്പിച്ചു തരുന്നത്. മനുഷ്യന്റെ സഹജീവികളിൽ ഓരോന്നിനെയും വേർതിരിച്ചു ഇത്തരം ആത്മീയവും പെരുമാറ്റപരവുമായ സന്ദേശങ്ങൾ പറയുന്ന ഏത് ആത്മീയ ഗുരുവിനെയാണ്; സാമൂഹിക നവോത്ഥാന നായകനെയാണ് നമുക്ക് എവിടെയെങ്കിലും ഒന്ന് വായിക്കാനുള്ളത്!
    ഏതെങ്കിലും വ്യക്തികളുടെ ജീവിതത്തിൽ യാദൃശ്ചികമായി ഉണ്ടായ ചില പെരുമാറ്റ സന്ദർഭങ്ങൾ ആശ്ചര്യത്തോടെയും കൗതുകത്തോടെയും ഉദ്ധരിക്കുകയും വായിക്കുകയും ചെയ്യാറുണ്ട്. എന്നാൽ കൃത്യമായ ലക്ഷ്യത്തോടെ ഓരോ ജീവജാലങ്ങളുടെയും ഗുണവും സമീപനവും ഇത്രമേൽ വ്യാപകമായി പറയുന്ന പാഠങ്ങളും നബിചരിത്രത്തിന്റെ ഭാഗങ്ങളാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് നിരവധി വാല്യങ്ങളുള്ള രചനകൾ കിതാബുൽ ഹയവാൻ എന്ന പേരിൽ എഴുതാൻ മുസ്ലിം പണ്ഡിതന്മാർക്ക് സാധിച്ചത് ഇത്തരം പശ്ചാത്തലങ്ങളിൽ നിന്നുകൊണ്ടാണ്.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...