Tweet 946

    Tweet 946
    January 15, 2025 • Wednesday
    Post Header

    ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. മഹാനായ അലി(റ) പറഞ്ഞു. പ്രവാചകർﷺ യാത്ര ആരംഭിക്കുമ്പോൾ ഇങ്ങനെ പ്രാർഥിക്കാറുണ്ടായിരുന്നു. ”അല്ലാഹുമ്മ ബിക അസൂലു വബിക അജൂലു വബിക അസീറു…” (ഞാൻ നിന്നെ മുൻനിർത്തി ശത്രുവിനെതിരെ ചലിക്കുകയും മുന്നോട്ട് ഗമിക്കുകയും ചെയ്യുന്നു….)
    പ്രതിരോധ നീക്കങ്ങളെ കൂടി മുന്നിൽ വെച്ചുകൊണ്ടുള്ള ഒരു പ്രാർഥനയായിരിക്കും ഇത്. കുതിര, ഒട്ടകം പോലെയുള്ള വാഹനങ്ങളിൽ കയറിയാണല്ലോ തിരുനബിﷺയുടെ സൈനിക നീക്കങ്ങളുമുണ്ടായത്.
    ഇമാം ഇബ്നു അബീശൈബ(റ)യും മറ്റും നിവേദനം ചെയ്യുന്നു. പ്രമുഖ സ്വഹാബിയായ ബറാഅ്(റ) പറഞ്ഞു. തിരുനബിﷺ യാത്രയാരംഭിക്കുമ്പോൾ ഇങ്ങനെ പ്രാർഥിക്കുമായിരുന്നു. അല്ലാഹുവേ നന്മയെ പ്രാപിക്കാവുന്ന ഒരു സ്ഥലത്തേക്ക് ഞങ്ങളെ നീ എത്തിക്കേണമേ! തൃപ്തിയും പൊറുക്കലും ലഭിക്കുന്ന ഒരിടത്തേക്ക്…! എല്ലാ കഴിവുകളും എല്ലാ നന്മയും നിന്റെ പക്കലാണല്ലോ! അല്ലാഹുവേ ഞങ്ങളുടെ യാത്രയിൽ നീ ഞങ്ങൾക്ക് തുണയാകേണമേ! ഞങ്ങളുടെ കുടുംബങ്ങളിൽ നീ പ്രതിനിധി ആകേണമേ! ഞങ്ങളുടെ കുടുംബത്തിന് നീ സുരക്ഷ നൽകേണമേ! യാത്രയിൽ പ്രയാസങ്ങളും ദുഃഖകരമായ രംഗങ്ങളും ഒന്നും ഉണ്ടാവാതെ നീ കാക്കണേ! ഭൂമിയെ ഞങ്ങൾക്ക് ചുരുക്കി തരികയും യാത്ര ഞങ്ങൾക്ക് എളുപ്പമാക്കി തരികയും ചെയ്യേണമേ!
    പ്രവാചകരുﷺടെ പരിചാരകൻ അനസ് ബിൻ മാലിക്(റ) നിവേദനം ചെയ്യുന്നു. പ്രവാചകൻﷺ ഒരു യാത്രയ്ക്ക് വേണ്ടി ഒരുങ്ങിയാൽ ഇരുന്ന സ്ഥലത്തുനിന്ന് എഴുന്നേൽക്കുമ്പോൾ ഇങ്ങനെ പ്രാർഥിക്കും. “അല്ലാഹുവേ നീ തന്ന ശക്തി കൊണ്ടാണ് ഞാൻ നിവർന്നത്. നിന്നിലേക്കാണ് ഞാൻ രക്ഷപ്പെടുത്തുന്നത്. നിന്നെ കൊണ്ടാണ് കാവൽ തേടുന്നത്. നീയാണ് എല്ലാമെല്ലാമായ പ്രതീക്ഷ. എന്നെ അസ്വസ്ഥപ്പെടുത്തുന്നതും അല്ലാത്തതുമായ എല്ലാ കാര്യങ്ങൾക്കും പരിഹാരമായി നീ ഉണ്ടാകേണമേ! എല്ലാ കാര്യങ്ങളും എന്നെക്കാൾ എന്നെയും അറിയുന്നവൻ നീയാണല്ലോ. തഖ്‌വ വർദ്ധിപ്പിച്ചു തരികയും പാപങ്ങൾ പൊറുക്കുകയും എപ്പോൾ എവിടെയായാലും നന്മയെ നീ വിധിക്കുകയും ചെയ്യേണമേ!”
    ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. ഇബ്നു അബ്ബാസ്(റ) പറഞ്ഞു. ഒരിക്കൽ തിരുനബിﷺ എന്നെ വാഹനത്തിൽ ഒപ്പമിരുത്തി യാത്ര ചെയ്യാൻ ഒരുങ്ങി. മൂന്നുപ്രാവശ്യം അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് അൽഹംദുലില്ലാഹ് എന്നും അല്ലാഹുവിനെ മഹത്വപ്പെടുത്തി സുബ്ഹാനള്ളാഹ് എന്നും ഒരു പ്രാവശ്യം ലാഇലാഹ ഇല്ലല്ലാഹ് എന്നും ചൊല്ലി. ശേഷം ചിരിച്ചുകൊണ്ട് വാഹനത്തിൽ ഒന്നു മലർന്നു കിടന്നു. തുടർന്ന് ഇങ്ങനെ പറഞ്ഞു. ഇപ്രകാരം ഒരാൾ യാത്ര ആരംഭിക്കുന്ന പക്ഷം അഥവാ അല്ലാഹുവിനെ സ്തുതിച്ചും മഹത്വപ്പെടുത്തിയും തഹ്ലീൽ ചൊല്ലിയും യാത്ര ആരംഭിച്ചാൽ അല്ലാഹു അദ്ദേഹത്തെ സന്തോഷത്തോടെ സ്വീകരിക്കും.
    അല്ലാഹു സന്തോഷത്തോടെ സ്വീകരിക്കും എന്നതിന് ചിരിക്കും എന്ന അർഥം വരുന്ന യള്ഹക്കു എന്ന പ്രയോഗമാണ് തിരുനബിﷺ ഉദ്ധരിച്ചിട്ടുള്ളത്.
    ഒരാൾ യാത്ര ആരംഭിക്കുമ്പോൾ ചൊല്ലേണ്ട മന്ത്രങ്ങളും പ്രവാചകർﷺ കാണിച്ചുതന്ന മാതൃകകളുമാണ് നമ്മൾ വായിച്ചു പോയത്. കേവലം മന്ത്രങ്ങളും പ്രാർഥനകളും എന്നതിനപ്പുറം ഒരു വ്യക്തിയിൽ ഉണ്ടായിരിക്കേണ്ട അടിസ്ഥാന വിചാരങ്ങൾ കൂടി ഇവ അടയാളപ്പെടുത്തുന്നു. എല്ലാ അനുഗ്രഹങ്ങളും സർവ്വാധിപതിയായ സ്രഷ്ടാവ് അല്ലാഹുവിൽ നിന്നുള്ളതാണെന്നും നിരന്തരമായി അവന്റെ അനുഗ്രഹങ്ങളെ തിരിച്ചറിഞ്ഞ് സ്തുതിക്കണമെന്നും ഓരോ വ്യക്തിയെയും ഇത് പഠിപ്പിക്കുന്നു.
    എത്ര ഉയർന്ന സൗകര്യങ്ങളും വാഹനങ്ങളും ഉണ്ടാകുമ്പോഴും അഹങ്കാരമോ ധിക്കാരമോ വരാതിരിക്കാനുള്ള വിചാരങ്ങളെയാണ് ഹൃദയങ്ങളിൽ ഈ മന്ത്രങ്ങൾ അടയാളപ്പെടുത്തുന്നത്. ഒരാൾ യാത്ര പോകുമ്പോൾ യാത്രയിലെ സുരക്ഷ, എത്തിച്ചേരുന്ന സ്ഥലങ്ങളിൽ ഉണ്ടാകേണ്ട സംരക്ഷണം, വിട്ടേച്ചു പോകുന്ന കുടുംബങ്ങൾ, ഉറ്റവരുടെ കാര്യങ്ങളിലുള്ള ജാഗ്രത, യാത്രയിൽ ലഭിക്കേണ്ട ആശ്വാസവും എളുപ്പവും ഇതെല്ലാം ഒരേപോലെ ഈ പ്രാർഥനാ വചനങ്ങൾ ഉൾക്കൊള്ളുന്നു എന്നത് ആശ്ചര്യ ജനകമായ കാര്യമാണ്.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...