Tweet 943

    Tweet 943
    January 12, 2025 • Sunday
    Post Header

    ആടുകളെ പരിപാലിക്കുന്നവർക്കുള്ള മഹത്വവും തിരുനബിﷺ പറഞ്ഞുപോയി. മഹാനായ അലി(റ) നിവേദനം ചെയ്യുന്നു. വീടുകളിൽ ആടുകളെ പരിപാലിക്കുന്നവർക്ക് രണ്ടു സമയങ്ങളിൽ അനുഗ്രഹത്തിന്റെയും മഹത്വത്തിന്റെയും പ്രാർഥന ലഭിക്കാതിരിക്കില്ല. അഥവാ രണ്ടു നേരങ്ങളിൽ പ്രത്യേകമായ അനുഗ്രഹത്തിന്റെയും മഹത്വത്തിന്റെയും പ്രാർഥന ലഭിക്കും.
    ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. നിങ്ങൾ കോലാടിനോട് നല്ല രൂപത്തിൽ സമീപിക്കുക. അമൂല്യമായ സമ്പത്താണത്. അല്ലാഹുവിന് ഇഷ്ടമുള്ള സമ്പാദ്യവും സ്വർഗ്ഗത്തിലെ ജീവിയുമാണത്.
    അബൂ ഉമാമ(റ)യിൽ നിന്ന് ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. കൃത്യമായി നിസ്കാരം നിലനിർത്തുകയും മലമേടുകളിൽ ആടിനെ മേയ്ക്കുകയും ചെയ്യുന്ന ആൾ എത്രമേൽ നല്ല ആളാണ്.
    ആശ്ചര്യപൂർവമുള്ള ഒരു പ്രയോഗമാണ് തിരുനബിﷺ നിർവഹിച്ചിട്ടുള്ളത്. ഈ ഹദീസിന് ആശയപരമായ ഒരു വായന കൂടിയുണ്ട്. അല്ലാഹുവിനോടുള്ള കടമകൾ അഥവാ ആരാധനകൾ കൃത്യമായി നിർവഹിക്കുകയും ഏറ്റവും ഹലാലായ വരുമാനത്തിനുവേണ്ടി സത്യസന്ധമായി ഉപജീവനം തേടുകയും ചെയ്യുന്ന ആളുകൾ എത്ര നല്ലവരാണ്. ആരാധനകളിൽ കൃത്യത സൂക്ഷിക്കും പോലെ തന്നെ ജീവനോപാധികളിലും കൃത്യതയും ചിട്ടയും പഠിപ്പിക്കുന്ന മതമാണ് ഇസ്ലാം.
    തിരുനബിﷺ പാലിനും മറ്റുമായി പരിപാലിച്ചിരുന്ന എത്ര ആടുകളും മറ്റുമുണ്ടായിരുന്നു എന്ന ഒരു വായന കൂടിയുണ്ട്. ഇമാം അഹ്മദ് ശാഫിഈ(റ) എന്നവർ നിവേദനം ചെയ്യുന്നു. ലകീതു് ബിൻ സബ്‌റ(റ) പറഞ്ഞു. ബനൂ മുൻതഫിക് നിവേദക സംഘത്തോടൊപ്പം ഞാനുമുണ്ടായിരുന്നു. ഞങ്ങൾ തിരുനബിﷺയെ ലക്ഷ്യം വെച്ചുകൊണ്ടാണ് പോയത്. എന്നാൽ വീട്ടിൽ തിരുനബിﷺ ഉണ്ടായിരുന്നില്ല. പ്രിയ പത്നി മഹതി ആഇശ(റ)യായിരുന്നു ഉണ്ടായിരുന്നത്. ഒരു താലത്തിൽ ഞങ്ങൾക്ക് വേണ്ടി ഈത്തപ്പഴം കൊണ്ടുവെച്ചു. ശേഷം, ഞങ്ങൾക്കുവേണ്ടി സൂപ്പുണ്ടാക്കാൻ കൽപ്പിക്കുകയും പാചകം ചെയ്ത് ലഭിച്ചപ്പോൾ ഞങ്ങൾ കുടിക്കുകയും ചെയ്തു. ശേഷം, നബിﷺയെ പ്രതീക്ഷിച്ചിരുന്നു.
    വൈകാതെ തന്നെ തിരുനബിﷺ എത്തി. ഉടനെ ചോദിച്ചു. നിങ്ങൾ വല്ലതും കഴിച്ചോ? നിങ്ങൾക്ക് വേണ്ടി എന്തെങ്കിലും ഓർഡർ ചെയ്തിട്ടുണ്ടോ? അപ്പോഴതാ നബിﷺയുടെ വീട്ടിലെ ഇടയന്മാർ ആടിനെയും കൊണ്ട് വീട്ടിലേക്ക് വരുന്നു. കൂട്ടത്തിൽ ഒരാട് ഒന്നുമുരണ്ടു. അപ്പോൾ നബിﷺ ചോദിച്ചു. ആടിന്റെ പ്രസവം വല്ലതും അടുത്തോ? അതെ പ്രസവിച്ചു. പ്രസവിക്കപ്പെട്ടത് പെൺകുട്ടിയാണ്. അപ്പോൾ നബിﷺ പറഞ്ഞു. പുതിയ ഒരാട് വന്നല്ലോ അതിനുപകരം നമുക്ക് നിലവിലുള്ള ഒരാടിനെ അറുത്തു പാചകം ചെയ്താലോ? ശേഷം, തിരുനബിﷺ ഒരു ഭാഗത്തേക്ക് തിരിഞ്ഞു കൊണ്ട് പറഞ്ഞു. നിങ്ങൾ വിചാരിക്കണ്ട നിങ്ങൾക്ക് വേണ്ടി അറുക്കുകയാണെന്ന്. നമുക്കിപ്പോൾ നിലവിൽ 100 ആടുകളുണ്ട്. അതിനപ്പുറത്ത് വേണമെന്ന് നമ്മൾ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ ഒരു പെണ്ണാടുകൂടി നമ്മുടെ കൂട്ടത്തിലുണ്ടായാൽ നിലവിലുള്ള ഒരാടിനെ ഞങ്ങൾ അറുക്കും.
    തിരുനബിﷺയുടെ വീട്ടിൽ 100 ആടുകളുണ്ടായിരുന്നു എന്നും പിന്നെയും കൂടുതൽ ആടുകളുണ്ടായി പരിപാലിക്കാൻ തിരുനബിﷺ അപ്പോൾ ആഗ്രഹിച്ചിരുന്നില്ല എന്നുമാണ് ഈ നിവേദനം ഈ അധ്യായത്തിൽ കൊണ്ടുവന്നതിന്റെ താല്പര്യം. ഒരവസരത്തിൽ നൂറു വരെ ആടുകൾ വീട്ടിലുണ്ടായിരുന്നു എന്ന ഒരു സന്ദർഭപരമായ അറിവാണ് ഈ അധ്യായം നമുക്ക് പകർന്നു തരുന്നത്. ഇത്തരം അനുഗ്രഹങ്ങളും എണ്ണങ്ങളുമെല്ലാം അവസരങ്ങൾക്കും സന്ദർഭങ്ങൾക്കും അനുസരിച്ച് മാറുകയും വ്യത്യാസപ്പെടുകയുമൊക്കെ ചെയ്യാം. അതുകൊണ്ടുതന്നെ ഇത്തരം അധ്യായങ്ങൾ വായിക്കുമ്പോൾ ഈ വ്യത്യാസങ്ങൾ മുന്നിൽ വെച്ചുകൊണ്ട് വേണം മനസ്സിലാക്കാൻ.

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...