
തിരുനബിﷺയുടെ വാളുകളെ കുറിച്ചുള്ള പരാമർശങ്ങളാണ് നാം ഇനി പരിശോധിക്കുന്നത്. ഒരു നേതാവിനെ കുറിച്ച് പറയുമ്പോൾ നേതാവിന്റെ വ്യവഹാര മേഖലകൾ എങ്ങനെയൊക്കെയായിരുന്നു എന്നാണല്ലോ നമുക്ക് അറിയേണ്ടത്. ഒരു യോദ്ധാവിനെ കുറിച്ച് വായിക്കുമ്പോൾ പോരാട്ടവീര്യവും ആയുധ പ്രയോഗവും ഉപയോഗിച്ചിരുന്ന ആയുധങ്ങളുമെല്ലാം പ്രസക്തിയുള്ള അധ്യായങ്ങളായി തന്നെ നമുക്ക് വായിക്കേണ്ടിവരുന്നു. മികവുറ്റ എല്ലാ ഭാവങ്ങളും നിറഞ്ഞുനിൽക്കുന്ന ഒരു നേതാവിനെ കുറിച്ചാകുമ്പോൾ സർവതല സ്പർശിയായ ഒരു പഠന പാരായണമാണ് നമുക്ക് വേണ്ടിവരുന്നത്. ഇനി നമുക്ക് തിരുനബിﷺയുടെ ആയുധങ്ങളുടെ കൂട്ടത്തിൽ നിന്ന് ചിലതിനെ വായിച്ചാലോ!
തിരുനബിﷺയുടെ വാൾ വെള്ളി കൊണ്ട് അലങ്കരിച്ചതായിരുന്നു. അതിന്റെ പിടിയും മറ്റു ഭാഗങ്ങളും അതിനിടയിലുള്ള വളയവും വെള്ളി ഉപയോഗിച്ച് നിർമ്മിച്ചിരുന്നു എന്ന് ഇമാം ഇബ്നു സഅദ്(റ) ഉദ്ധരിക്കുന്നു. മക്കാ വിജയ ദിവസം തിരുനബിﷺ ഉപയോഗിച്ചിരുന്ന വാളിൽ സ്വർണവും വെള്ളിയുമുണ്ടായിരുന്നു എന്ന് ഇമാം തുർമുദി(റ) ഉദ്ധരിക്കുന്ന ഹദീസിൽ കാണാം. തിരുനബിﷺയുടേതായി 11 വാളുകളുണ്ടായിരുന്നു എന്ന് നിവേദനങ്ങൾ സമാഹരിച്ചുകൊണ്ട് നമുക്ക് പഠിക്കാൻ കഴിയും.
തിരുനബിﷺയുടെ വാളുകളുടെ കൂട്ടത്തിൽ മഅ്സൂർ എന്ന് പേരുള്ള ഒന്നുണ്ടായിരുന്നു. അതായിരുന്നു തിരുനബിﷺക്ക് ഉടമസ്ഥതയിൽ ലഭിച്ച ആദ്യത്തെ ആയുധം. അത് അവിടുത്തെ പിതാവിൽ നിന്ന് അനന്തരമായി ലഭിച്ചതാണെന്നും ജിന്നുകൾ നിർമ്മിച്ചതാണെന്നും പറയപ്പെടുന്നു. തിരുനബിﷺ മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തപ്പോൾ ഈ വാൾ അവിടുത്തെ കൈവശമുണ്ടായിരുന്നു. ഇമാം ഇബ്നു സഅദി(റ)ന്റെ നിവേദനത്തിൽ ഈ വിശദീകരണമുണ്ട്.
ദുൽഫിഖാർ എന്നായിരുന്നു രണ്ടാമത്തെ വാളിന്റെ പേര്. ബദ്ർ യുദ്ധ സമയത്ത് യുദ്ധാനന്തര സ്വത്തായി തിരുനബിﷺക്ക് ലഭിച്ചതായിരുന്നു അത്. ഇബ്നു മുനബ്ബഹ്(റ) അല്ലെങ്കിൽ മുനബ്ബഹ് ബിൻ അൽ ഹുജ്ജാജ്(റ) എന്നയാളുടേതായിരുന്നു പ്രസ്തുത വാൾ. ഒരു യുദ്ധ വേളകളിലും തിരുനബിﷺ ഇത് കൈവിട്ടിരുന്നില്ല. ഈ വാളിന്റെ പിടിയും മൂർച്ചയുള്ള ഭാഗവും എല്ലാം വെള്ളി കൊണ്ടുള്ളതായിരുന്നു. നട്ടെല്ല് പോലെയുള്ള ഒരു ഭാഗം ഈ വാളിൽ ഉള്ളതുകൊണ്ടാണ് ഇതിന് ഇപ്രകാരം പേര് ലഭിച്ചത് എന്ന് പറയപ്പെടുന്നു.
ഇമാം ഇബ്നു സൈദും(റ) തുർമുദി(റ)യും ഇബ്നു അബ്ബാസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസിൽ തിരുനബിﷺയുടെ ദുൽഫുഖാർ എന്ന വാൾ ബദ്ർ യുദ്ധ വേളയിൽ ലഭിച്ചതാണെന്ന് പറയുന്നുണ്ട്. എന്നാൽ, ഇബ്നു സഅദി(റ)ന്റ നിവേദനത്തിൽ ഇങ്ങനെ കൂടി ഒരനുബന്ധമുണ്ട്. ഉഹ്ദ് യുദ്ധവേളയിൽ വാൾത്തല പൊട്ടിയതായി സ്വപ്നം കണ്ടത് ഈ വാൾ തന്നെയായിരുന്നു. ഇബ്നുൽ മുസയ്യബി(റ)ന്റെ നിവേദനത്തിൽ ദുൽഫുഖാർ വാളിന്റെ അഗ്രഭാഗം പൊട്ടിയതായി സ്വപ്നം കണ്ടു എന്നുതന്നെ തിരുനബിﷺ വ്യക്തമാക്കുന്നുണ്ട്.
ഇമാം ശഅബി(റ)യിൽ നിന്നുള്ള നിവേദനം ഇപ്രകാരമാണ്. അലി ബിൻ ഉസൈൻ(റ) തിരുനബിﷺയുടെ വാൾ പുറത്തെടുത്തു കാണിച്ചുതന്നു. അപ്പോൾ അതിന്റെ പിടിയും ചങ്ങല കൊളുത്തുന്ന ഭാഗവും ചങ്ങലയും വെള്ളികൊണ്ട് നിർമിച്ചതായിരുന്നു. മുനബ്ബഹ് ബിൻ ഹുജ്ജാജ് അസ്സഹ്‌മി(റ) എന്നയാളിൽ നിന്ന് ബദ്ർ ദിനത്തിലായിരുന്നു തിരുനബിﷺക്ക് ഇത് ലഭിച്ചത്. ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഇബ്നു അദിയ്യ്(റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ പറയുന്നു. ഹജ്ജാജ്‍ ബിൻ ഇലാത്ത്(റ) എന്നയാൾ തിരുനബിﷺക്ക് സമ്മാനമായി നൽകിയതാണ് ദുൽഫുഖാർ എന്ന വാൾ. ഉമർ ബിൻ അബ്ദുൽ അസീസി(റ)ന്റെ ഭരണ കാലത്താണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്.
അബുൽ ഹകം(റ) എന്നയാൾ പ്രസ്തുത വാളിന് മൂർച്ച കൂട്ടിയതും അതിന്റെ പിടി വെള്ളി കൊണ്ടുള്ളതായിരുന്നു എന്നും ഇമാം ത്വബ്റാനി(റ) സ്വീകാര്യയോഗ്യമായ പരമ്പരയിലൂടെ ഉദ്ധരിക്കുന്നുണ്ട്.
തിരുനബിﷺയുടെ ആയുധങ്ങളെ ചുറ്റിപ്പറ്റിയും വിശദവും ഗഹനവുമായ പഠനങ്ങളും അതിന്റെ നിവേദന പരമ്പരകളുടെ സ്വീകാര്യതയെ കുറിച്ചുള്ള നിരീക്ഷണങ്ങളും എത്ര പ്രാധാന്യത്തോടെയാണ് സീറാ ഗ്രന്ഥങ്ങൾ കൈകാര്യം ചെയ്യുന്നത്!
