Tweet 909

    Tweet 909
    December 9, 2024 • Monday
    Post Header

    തിരുനബിﷺയുടെ വാളുകളിൽ മൂന്നാമത്തേതും നാലാമത്തേതും അഞ്ചാമത്തേതും ബനൂ ഖൈനുഖാഇൽ നിന്ന് ലഭിച്ചതാണ്. മർവാൻ ബിൻ അബീ സഈദി(റ)ൽ നിന്ന് ഇമാം ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. ബനൂ ഖൈനുഖാഇലെ ആയുധങ്ങളിൽ നിന്ന് മൂന്ന് വാളുകൾ തിരുനബിﷺക്ക് ലഭിച്ചു. അതിൽ ഒന്നാമത്തേതിന്റെ പേര് ‘ഖലഇയ്യ്’ എന്നായിരുന്നു. ഖൽഅ എന്ന പ്രദേശത്തേക്ക് ചേർത്താണ് ഇങ്ങനെയൊരു പേര് ലഭിച്ചത്. രണ്ടാമത്തെ വാളിന്റെ പേര് ‘അൽ ബത്താർ’ എന്നാണ്. മുറിച്ചുകളയുന്നത് എന്നാണ് അതിന്റെ അർഥം. മരണം എന്ന അർഥമുള്ള ‘അൽ-ഹത്ഫ്’ എന്നായിരുന്നു മൂന്നാമത്തേതിന്റെ പേര്. തിരുനബിﷺയുടെ ഹത്ഫ് എന്ന വാളിന് സവിശേഷമായി മൂർച്ചയുള്ള ഭാഗം അഥവാ ഒരു ഖർന് ഉണ്ടായിരുന്നു എന്ന് ഇമാം ഇബ്നു സഅദ് (റ) മുജാഹിദിൽ നിന്ന് ഉദ്ധരിക്കുന്നുണ്ട്.
    ആധുനിക കാലത്ത് നിർമിക്കുന്ന യുദ്ധ ഉപകരണങ്ങൾക്കും അതിന്റെ ശക്തിയും പ്രഹരശേഷിയും കണക്കാക്കി നാമകരണങ്ങൾ ചെയ്യാറുണ്ടല്ലോ. ചരിത്രത്തിലും അങ്ങനെയുണ്ടായിരുന്നു എന്നാണ് ഇത്തരം പേരുകൾ നമ്മെ ബോധ്യപ്പെടുത്തുന്നത്. ഒരു രാജ്യത്തിന്റെ സൈനിക ശക്തിയും പ്രഹരശേഷിയും പരാമർശിക്കുമ്പോൾ അതിന്റെ തായ് ഭാഷയിൽ തന്നെയാണല്ലോ അത് പരിചയപ്പെടുത്തേണ്ടത്.
    തിരുനബിﷺയുടെ വാളുകളിൽ ആറാമത്തേതും ഏഴാമത്തേതും ത്വയ്യ് ഗോത്രത്തിലെ സൈനിക നീക്കത്തിൽ നിന്ന് ലഭിച്ചതാണ്. അവരുടെ ആരാധ്യ വസ്തുക്കളിൽ തൂക്കിയിട്ടിരുന്നതായിരുന്നു. പ്രദേശത്തുകാർ മുഴുവനും വിശ്വാസികളായതിനെ തുടർന്ന് പലസ്ഥലങ്ങളിലും ഉപയോഗിച്ചിരുന്ന വസ്തുക്കൾ കരണീയമായ മറ്റു മേഖലകളിൽ ഉപയോഗിച്ചിട്ടുണ്ട്. ചിലതൊക്കെ സമരാർജിത സമ്പത്തായി ലഭിക്കുകയും ചെയ്തു.
    മർവാൻ ബിൻ അബൂ സഈദ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ പക്കൽ മിഖ്ദം എന്ന് പേരുള്ള ഒരു വാളുണ്ടായിരുന്നു. റസൂബ എന്ന് പേരുള്ള മറ്റൊന്നും. ഇവ രണ്ടും ത്വയ്യ് ഗോത്രത്തിൽ നിന്ന് ലഭിച്ചതാണ്.
    ‘അൽ അള്ബ്’ എന്നായിരുന്നു എട്ടാമത്തെ വാളിന്റെ പേര്. ബദ്റിലേക്ക് വരുന്ന സമയത്ത് സഅദ് ബിൻ ഉബാദ(റ) കൊടുത്തുവിട്ടതായിരുന്നു ഇത്.
    അബുൽ ഹസൻ ഇബിന് അള്ളഹ്‌ഹാകി(റ)ന്റെ അഭിപ്രായ പ്രകാരം തിരുനബിﷺ മദീനയിലേക്ക് വരുമ്പോൾ നബിﷺയുടെ പക്കൽ രണ്ട് വാളുകളുണ്ടായിരുന്നു. അതിൽ ഒന്നുതന്നെയാണ് ‘അള്ബ്’. അതുതന്നെയായിരുന്നു തിരുനബിﷺ ബദ്റിൽ ഉപയോഗിച്ചത്. ഒൻപതാമത്തെ വാളിന്റെ പേര് ‘അൽ ഖളീബ്’ എന്നായിരുന്നു. ബനൂ ഖൈനുഖാ സൈനിക നീക്കത്തിൽ തിരുനബിﷺക്ക് ലഭിച്ചതായിരുന്നു അത്. ‘സംസാമ’ എന്നായിരുന്നു പത്താമത്തെ ഖഡ്ഘത്തിന്റെ പേര്. അംറ് ബിൻ മഅദീകരിബ(റ) എന്ന ആളുടേതായിരുന്നു അത്. ഖാലിദ് ബ്നു സഈദ്(റ) എന്നയാൾക്ക് അദ്ദേഹമത് സമ്മാനമായി നൽകി. തിരുനബിﷺ അത് ഉപയോഗിക്കുകയും ചെയ്തു.
    അറബികൾക്കിടയിൽ പ്രസിദ്ധമായ വാളായിരുന്നു ഇത്. പതിനൊന്നാമത്തെ വാളിന്റെ പേര് ‘ലുഹൈഫ്’ എന്നായിരുന്നു. അബുൽ ഫതഹ് അദ്ദേഹത്തിന്റെ കാവ്യത്തിൽ ഈ വാളിനെ പരാമർശിക്കുന്നുണ്ട്. വാള് എന്ന് കേൾക്കുമ്പോഴേക്കും നിരന്തരമായി യുദ്ധമോ പോരാട്ടമോ അക്രമമോ എന്നൊന്നും വിചാരിക്കേണ്ടതില്ല. വാള് ഒരു സംസ്കാരത്തിന്റെ ഭാഗം കൂടിയായിരുന്നു. സാധാരണയായി വാൾ അരയിൽ കൊണ്ടുനടക്കുന്ന പതിവ് ഇന്നും പല രാജ്യങ്ങളിലുമുണ്ട്. കൃപാണം കൊണ്ടുനടക്കുന്ന മതവിശ്വാസികൾ നമ്മുടെ നാട്ടിലുമുണ്ടല്ലോ. അലങ്കാര വാളുകൾ വലിയ വിലക്ക് ഉപയോഗിക്കുന്ന രീതിയും പ്രൗഢിയുടെ ഭാഗമായി വാളുകൾ പ്രദർശിപ്പിക്കുന്ന രീതിയും വ്യത്യസ്ത സംസ്കാരങ്ങളിൽ നിലനിൽക്കുന്നുണ്ട്. ഒരാളുടെ നീളവും ധൈര്യവുമൊക്കെ അറിയിക്കാൻ വാളുകളോട് ചേർന്ന പ്രയോഗങ്ങൾ സാഹിത്യത്തിലും സാധാരണയിലുമുണ്ട്. വാളുറ നീണ്ടയാൾ എന്ന പ്രയോഗം ഒരാൾ അധികായൻ ആണെന്നും വീരൻ ആണെന്നും അറിയിക്കാൻ സാധാരണയിൽ തന്നെ അറബികൾ ഉപയോഗിക്കാറുണ്ട്.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...