
അബൂ ശൈഖ്(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ ഉമർ ബിൻ ഖത്വാബ്(റ) മകൾ ഹഫ്സ(റ)യോട് ചോദിച്ചു. തിരുനബിﷺക്ക് വിരിച്ചു കൊടുത്തതിൽ ഏറ്റവും മാർദ്ദവമുള്ള വിരിപ്പ് ഏതായിരുന്നു? അപ്പോൾ മഹതി പറഞ്ഞു. ഖൈബർ മുന്നേറ്റ സമയത്ത് ലഭിച്ച ഒരു വിരിപ്പായിരുന്നു. എല്ലാ രാത്രിയിലും ഉറങ്ങാൻ വേണ്ടി ഞാനൊരു വിരിപ്പ് വിരിച്ചു കൊടുക്കും. ഒരിക്കൽ ഞാനത് നാലു മടക്കാക്കി ഇട്ടു കൊടുത്തു. പിറ്റേന്ന് രാവിലെ എന്നോട് ചോദിച്ചു. ഇന്നലെ രാത്രി ഏത് വിരിപ്പായിരുന്നു എനിക്ക് വിരിച്ചു തന്നത്? ഞാൻ പറഞ്ഞു. സാധാരണ വിരിക്കാറുള്ളത് തന്നെ. പക്ഷേ, ഇന്നലെ അതിന്റെ മടക്ക് ഒന്നു വർധിപ്പിച്ചു. അപ്പോൾ എന്നോട് ഇങ്ങനെ പറഞ്ഞു. പഴയ രൂപത്തിൽ തന്നെ ഇട്ടാൽ മതി. ഇന്നലെ ഇട്ടതിന്റെ മാർദ്ദവം രാത്രി നിസ്കാരത്തിന് എനിക്ക് തടസ്സമായിരിക്കുന്നു. ഇതു കേട്ടപ്പോഴേക്കും ഉമറി(റ)ന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
തിരുനബിﷺയുടെ ജീവിതത്തിന്റെ ലാളിത്യവും സുഖാസ്വാദനങ്ങളോടുള്ള വിരക്തിയുമാണ് മേൽ പരാമർശങ്ങൾ നമ്മെ ഉദ്ബോധിപ്പിക്കുന്നത്. അമിത സുഖസൗകര്യങ്ങളിൽ ഉറങ്ങിയാൽ പല നന്മകൾക്കും തടസ്സമായേക്കും എന്ന ഒരു അധ്യയനം കൂടി ഇതിൽ നിർവഹിക്കുന്നുണ്ട്.
സമാനമായ ഒരു നിവേദനം മഹതി ആഇശ(റ)യിൽ നിന്നും നമുക്ക് വായിക്കാനുണ്ട്. ഇമാം തുർമുദി(റ)യാണ് അത് ഉദ്ധരിച്ചത്. ഈത്തപ്പനയുടെ നാര് നിറച്ച ഒരു കിടക്ക. ഒരിക്കൽ മടക്കുകൾ വർദ്ധിപ്പിച്ച് തിരുനബിﷺക്ക് ഇട്ടു കൊടുത്തു. പിറ്റേന്ന് രാവിലെ തിരുനബിﷺ ആഇശ(റ)യോട് പറഞ്ഞത് നേരത്തെ ഹഫ്സ(റ)യോട് പറഞ്ഞ അതേ പരാമർശങ്ങളായിരുന്നു. എല്ലാ പത്നിമാർക്കും പരിത്യാഗത്തിന്റെ പാഠങ്ങളും ലളിത ജീവിതത്തിനുള്ള ഉൽബോധനങ്ങളുമാണ് തിരുനബിﷺ നൽകിക്കൊണ്ടിരുന്നത്. എല്ലാ സുഖാഡംബരങ്ങളോടെയും താമസിക്കാൻ സാഹചര്യം ഉണ്ടായിരിക്കെ ലളിതമായതിൽ തൃപ്തിപ്പെടുക എന്നതാണ് യഥാർത്ഥത്തിൽ പരിത്യാഗവും ലാളിത്യവുമൊക്കെ. ദാരിദ്ര്യമുള്ളയാൾ ലളിതമായി ജീവിക്കുന്നു എന്നതിൽ അത്ഭുതമില്ല. സ്വർണ്ണ മലകൾ കൈവെള്ളയിൽ വരാൻ തയ്യാറായി നിൽക്കുമ്പോഴായിരുന്നു തിരുനബിﷺ ലാളിത്യത്തിൽ സംതൃപ്തരായത്. വർത്തമാനകാലത്തേക്കുള്ള മിനിമലിസത്തിന്റെ ഉയർന്ന ഉൽബോധനമാണല്ലോ ഇത്.
രാത്രികാലങ്ങളിൽ തിരുനബിﷺ കിടന്ന വിരിപ്പിന്റെ ഒരറ്റത്ത് നിസ്കരിക്കാറുണ്ടായിരുന്നു. അതിന്റെ മറ്റൊരു കോണിൽ ഞാനും ഉറങ്ങാറുണ്ടായിരുന്നു എന്ന് മഹതി ആഇശ(റ) തന്നെ പറയുന്നു. ഇമാം അബൂ യഅ്ല(റ)യാണ് ഈ നിവേദനം ഉദ്ധരിച്ചത്.
ഒരിക്കൽ അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) തിരുനബിﷺയുടെ പത്നിയും മഹാനവർകളുടെ അമ്മായിയുമായ മൈമൂന ബീവി(റ)യുടെ അടുക്കൽ ചെന്നു. മഹതി അപ്പോൾ ഒരു വിരിപ്പ് കൊണ്ടുവന്നു തിരുനബിﷺക്ക് വേണ്ടി വിരിച്ചുവെച്ചു. തുടർന്ന് വിരിപ്പിന്റെ തല ഭാഗത്ത് മറ്റൊരു കഷ്ണം തുണി കൊണ്ടു വച്ചു. തിരുനബിﷺ കടന്നു വരികയും മടക്കി വച്ചിരുന്ന തുണിക്കഷ്ണം അരത്തുണിയായി ഉടുത്തു, ധരിച്ചിരുന്ന വസ്ത്രം അഴിച്ചു തൂക്കിയിട്ടു. ശേഷം, മഹതിയോടൊപ്പം വിരിച്ചിരുന്ന വിരിപ്പിൽ വിശ്രമിക്കാൻ കിടന്നു.
അമ്മായിയുടെ ഭർത്താവായ തിരുനബിﷺ വീട്ടിൽ വന്നപ്പോഴുള്ള ഒരു രംഗം മഹാനായ അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) പകർത്തുകയായിരുന്നു.
കിന്ന് എന്ന് പേരുള്ള ഒരു വിരിപ്പ് തിരുനബിﷺക്ക് ഉണ്ടായിരുന്നുവെന്ന് ഇബ്നു അബ്ബാസ്(റ) പറയുന്ന നിവേദനം ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നുണ്ട്. മറ്റൊരു നിവേദന പ്രകാരം കിന്ന് എന്ന് പേരുള്ള ഒരു വിരിപ്പും നമിറ എന്ന് പേരുള്ള ഒരു മൂടുവസ്ത്രവും സ്വാദിറ എന്ന് പേരുള്ള ഒരു പാനപാത്രവും മിർആത് എന്ന് പേരുള്ള ഒരു കണ്ണാടിയും മിഖ്രാള് എന്ന് പേരുള്ള ഒരു കത്രികയും മംശൂഖ് എന്ന് പേരുള്ള ഒരു വടിയുമുണ്ടായിരുന്നു.
മറ്റു ചില നിവേദനങ്ങളിൽ കണ്ണാടിയുടെ പേര് അൽ മുദില്ല എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
