
മഹതി ആഇശ(റ) പറയുന്നു. ഒരിക്കൽ തിരുനബിﷺ വീട്ടിലേക്ക് കടന്നു വന്നപ്പോൾ ചിത്രപ്പണികളുള്ള ഒരു വിരിപ്പ് അവിടെ തൂക്കിയിരുന്നു. തിരുനബിﷺക്ക് അത് ഇഷ്ടമായില്ല. അത് മനസ്സിലാക്കിയ ഞാൻ അത് അഴിച്ചുമാറ്റുകയും അതുകൊണ്ട് രണ്ട് കുഷ്യനുകൾ ഉണ്ടാക്കുകയും ചെയ്തു. ആ കുഷ്യനുകളിൽ ചാരി തിരുനബിﷺ ഇരിക്കാറുണ്ടായിരുന്നു.
ജീവികളുടെ ചിത്രങ്ങൾ തൂക്കുന്നത് തിരുനബിﷺക്ക് താൽപര്യമുണ്ടായിരുന്നില്ല. തിരുനബിﷺ അനിഷ്ടം പ്രകടിപ്പിക്കാനുള്ള പ്രധാനകാരണം അതായിരുന്നു.
വിദൂര യാത്രകൾ കഴിഞ്ഞു തിരുനബിﷺ മദീനയിലേക്ക് വന്നാൽ ആദ്യം പോകുന്നത് മകൾ ഫാത്വിമ(റ)യുടെ വീട്ടിലേക്കായിരുന്നു. അങ്ങനെ ഒരിക്കൽ ഫാത്വിമ(റ)യുടെ വീട്ടിലേക്ക് വന്നപ്പോൾ അലങ്കാരങ്ങളും പ്രൗഢിയുമുള്ള ഒരു വിരിപ്പ് തൂക്കിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തിരുനബിﷺ ഉടനെതന്നെ അവിടെനിന്ന് മടങ്ങിപ്പോയി. ഫാത്വിമ(റ)ക്ക് ഇത് വലിയ ദുഃഖമായി. വൈകാതെ തന്നെ അവിടേക്ക് കടന്നു വന്ന ഭർത്താവ് അലിയ്യ്(റ) ഫാത്വിമ(റ)യുടെ ദുഃഖം തിരിച്ചറിഞ്ഞു. കാര്യമന്വേഷിച്ചപ്പോൾ തിരുനബിﷺ മടങ്ങി പോയതാണെന്ന് അവർ വിശദീകരിച്ചു. ഉടനെ അലി(റ) നബിﷺയുടെ അടുത്തേക്ക് ചെന്ന് വിഷയം ധരിപ്പിച്ചു. അപ്പോൾ നബിﷺ ചോദിച്ചു. എനിക്കും ചിത്രപ്പണികളുമായിട്ട് എന്ത് ബന്ധമാണുള്ളത്? അഥവാ ആഡംബരങ്ങളോട് എനിക്ക് എന്തെങ്കിലും താല്പര്യമുണ്ടോ? ഉടനെ അലി(റ) ഫാത്വിമ(റ)യോട് ചെന്ന് വിവരങ്ങൾ പറഞ്ഞു. ഫാത്വിമ(റ) തിരിച്ചുചോദിച്ചു. അതിന് പരിഹാരമായി തിരുനബിﷺ എന്താണ് പറയുന്നത്? അതേ, ആ വിരിപ്പ് ഇന്നാലിന്ന ആൾക്ക് കൊടുക്കട്ടെ! അഥവാ അത്യാവശ്യക്കാരായ പാവപ്പെട്ടവർക്ക് നൽകട്ടെ.
ഈ ഹദീസിന്റെ മറ്റൊരു നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. ഹസ്സൻ(റ) എന്നവരോട് ചോദിച്ചു. എന്തായിരുന്നു ആ വിരിപ്പിലുണ്ടായിരുന്നത്? സാധാരണ വീടിന്റെ പിൻഭാഗത്ത് തൂക്കാറുള്ള നാല് ദിർഹം വിലയുള്ള ഒരു വിരിപ്പായിരുന്നു അത്.
തിരുനബിﷺ ഈ ലോകത്തെ സൗകര്യങ്ങളിൽ നിന്നും പരിത്യാഗ പൂർണമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. ആ വിധത്തിൽ തന്നെ മകളും കുടുംബവും ഉണ്ടാകണമെന്നായിരുന്നു അവിടുത്തെ ചിന്ത. അനന്തമായ ലോകം, വരാനുള്ള പരലോകമാണെന്നും അത് മറന്നു പോകാൻ ഇടയുള്ള ഭൗതിക ജീവിതം ഉണ്ടാകരുതെന്നും തിരുനബിﷺക്ക് നിർബന്ധമുണ്ടായിരുന്നു.
കുരിശു പതിച്ചതോ ചിത്രണം ചെയ്തതോ ആയ വസ്തുക്കൾ കണ്ടാൽ തിരുനബിﷺ അതിനെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഒരിക്കൽ ഒരു സ്ത്രീയുടെ മേൽവസ്ത്രത്തിൽ അങ്ങനെയൊന്ന് ശ്രദ്ധയിൽ പെട്ടപ്പോൾ അത് നീക്കം ചെയ്യാൻ അവിടുന്ന് ആവശ്യപ്പെട്ടു.
യേശുവിനെ കുരിശിലേറ്റി എന്ന് വിശ്വസിക്കുന്നവരുടെ വിശ്വാസത്തിന് സാക്ഷ്യവും ഓർമ്മയുമാണല്ലോ കുരിശ് ചിത്രീകരിക്കുന്നതിന്റെ താല്പര്യം. എന്നാൽ, അപ്രകാരം ഒരു വിശ്വാസത്തോട് പ്രവാചകനോﷺ ഖുർആനിനോ യോജിപ്പില്ല. ഈസാ നബി(അ) ക്രൂശിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ല എന്നാണ് ഖുർആൻ പഠിപ്പിക്കുന്ന വിശ്വാസം. ഖുർആനിലെ സൂക്തങ്ങൾ അത് വ്യക്തമായി തന്നെ പറയുന്നുണ്ട്. ഇങ്ങനെയൊരു ആശയസംഹിതയിൽ ജീവിക്കുന്ന തിരുനബിﷺക്ക് കുരിശു മുദ്രണം ചെയ്തതോ ചിത്രപ്പണി ചെയ്തതോ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലല്ലോ!
സ്വന്തം വീട്ടിലും ഇസ്ലാം വിശ്വസിക്കുന്നവരുടെ ജീവിത്തിലുമാണ് ഇങ്ങനെ ഒരു നിഷ്ട പ്രവാചകൻﷺ പഠിപ്പിച്ചത്. അക്കാലത്തുതന്നെ മദീനയിൽ അത്തരം വിശ്വാസവുമായി ജീവിച്ച ക്രിസ്ത്യാനികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുമുണ്ടാക്കിയിരുന്നില്ല. അവർക്ക് അവരുടെ വിശ്വാസാചാരങ്ങൾക്ക് അനുസരിച്ച് ജീവിക്കാൻ ഒരു സെക്കുലർ സ്റ്റേറ്റ് എന്ന നിലയിൽ അവിടെ സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇസ്ലാം വിഭാവനം ചെയ്യുന്ന പരിപൂർണമായ ഏകദൈവവിശ്വാസം, പ്രവാചകന്മാരിലുള്ള പവിത്ര വിശ്വാസം എന്നിവയ്ക്ക് ഭംഗം വരുന്നതൊന്നും അവരുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയോ കടന്നുകൂടുകയും ചെയ്യരുതെന്ന കൃത്യമായ കണിശത തിരുനബിﷺക്കുണ്ടായിരുന്നു. അതിന്റെ ഭാഗമായിരുന്നു കുരിശിനോടുള്ള മേൽ സമീപനം.
ഇമാം അഹ്മദും(റ) അഞ്ച് പ്രമുഖരായ പണ്ഡിതന്മാരും നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം. മഹതി ആഇശ(റ) പറയുന്നു. ഒരിക്കൽ തിരുനബിﷺ വീട്ടിലേക്ക് കടന്നുവരുമ്പോൾ ദർനൂക് അഥവാ നൂലുകൊണ്ട് സവിശേഷമായി അലങ്കരിച്ച ഒരു വിരിപ്പ് വീട്ടിൽ തൂക്കിയിരുന്നു. ചിറകുകളുള്ള ഒരു കുതിരയുടെ ചിത്ര പണിയും അതിലുണ്ടായിരുന്നു എന്ന് ഒരു നിവേദനം പറയുന്നു. ഇത് കണ്ടതും തിരുനബിﷺയുടെ മുഖത്ത് അനിഷ്ടം പ്രകടമായി. അതു ഞാൻ കൃത്യമായി വായിച്ചെടുക്കുകയും ചെയ്തു. ഈ കല്ലിനും മണ്ണിനുമൊന്നും തുണിയുടുക്കാൻ നമ്മളെ ഏൽപ്പിച്ചിട്ടില്ല എന്നായിരുന്നു തിരുനബിﷺ തുടർന്ന് പറഞ്ഞത്. മതിലുകളോട് ചേർന്ന് വീണ്ടുമൊരു വിരിപ്പ് അധികപ്പറ്റാണ് എന്ന ഒരു വിചാരം കൂടി അതിലുണ്ട്. ഞാനത് മുറിച്ചെടുത്ത് രണ്ട് കുഷ്യനുകളുണ്ടാക്കി. അതിനെക്കുറിച്ച് തിരുനബിﷺ പരിഭവങ്ങളൊന്നും പറഞ്ഞില്ല. ആവശ്യത്തിനപ്പുറം വസ്തുക്കൾ ഉപയോഗിക്കേണ്ട എന്ന ലളിതമായ ജീവിതത്തിന്റെ ഒരു സമർപ്പണമായിരുന്നു അത്.
