
അബൂബക്കർ ബിൻ അബൂ ഖൈസമ(റ) പറയുന്നു. അദിയ്യ് ബിൻ ഹാതിം(റ) അദ്ദേഹത്തോട് പറഞ്ഞു. ഞാൻ തിരുനബിﷺയുടെ അടുക്കൽ ചെന്നു. അവിടുന്ന് പള്ളിയിൽ ഇരിക്കുകയായിരുന്നു. സംഭാഷണങ്ങൾക്കും മറ്റും ശേഷം തിരുനബിﷺ എന്നെയും കൂട്ടി വീട്ടിലേക്ക് പോയി. വീട്ടിലെത്തിയപ്പോൾ തിരുനബിﷺക്ക് ഒരു ചെറിയ പെൺകുട്ടി ഒരു കുഷ്യൻ ഇട്ടുകൊടുത്തു. തിരുനബിﷺ അതിന്മേൽ ഇരിക്കുകയും ചെയ്തു.
ദീർഘമായ ഒരു ഹദീസിന്റെ അല്പ ഭാഗമാണ് ഇവിടെ ഉദ്ധരിച്ചത്. തിരുനബിﷺ കുഷ്യൻ ഉപയോഗിച്ചിരുന്നു എന്ന പരാമർശമാണ് ഈ നിവേദനം ഇവിടെ ചേർത്തതിന്റെ സാംഗത്യം.
മഹാനായ അനസ്(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ സൽമാനുൽ ഫാരിസി(റ) ഉമർ ബിൻ ഖത്വാബി(റ)ന്റെ അടുക്കലേക്ക് കടന്നുവന്നു. ആ സമയത്ത് ഉമർ(റ) ഒരു കുഷ്യനിൽ ചാരിയിരിക്കുകയായിരുന്നു. സൽമാനെ(റ) കണ്ടതും കുഷ്യൻ അദ്ദേഹത്തിന് നീക്കിവെച്ചു കൊടുത്തു. അപ്പോൾ സൽമാൻ(റ) പറഞ്ഞു. അല്ലാഹു അക്ബർ! അല്ലാഹുവും അവന്റെ തിരുദൂതരുംﷺ സത്യം അറിയിച്ചിരിക്കുന്നു. അപ്പോൾ ഉമർ(റ) ചോദിച്ചു. എന്താണത്? തിരുനബിﷺയുടെ ഹദീസ് ഞങ്ങൾക്കൊന്നു പറഞ്ഞു തന്നാലും. ഒരിക്കൽ തിരുനബിﷺ ചാരിയിരിക്കുമ്പോൾ ഞാൻ ആ സന്നിധിയിലേക്ക് ചെന്നു. അപ്പോൾ തിരുനബിﷺ അവിടുത്തെ കുഷ്യൻ എനിക്ക് നീക്കിവെച്ചുതന്നു. എന്നിട്ട് ഇപ്രകാരം പറഞ്ഞു. ഒരു വിശ്വാസി ഇതുപോലെ ആഗതനുവേണ്ടി വെച്ചു കൊടുത്താൽ അല്ലാഹു അദ്ദേഹത്തിന് പാപങ്ങൾ പൊറുത്തുകൊടുക്കും.
തിരുനബിﷺയിൽ നിന്ന് അനുഭവിക്കാൻ കഴിഞ്ഞതിനു സമാനമായ ഒരു സന്ദർഭം ഉമറി(റ)ന്റെ സദസ്സിൽ നിന്ന് തനിക്കു ലഭിച്ചപ്പോൾ പഴയ ഓർമ്മയിലേക്ക് പോവുകയായിരുന്നു സൽമാൻ(റ). പ്രസ്തുത സന്ദർഭത്തിൽ നബിﷺ കൈമാറിയ ഒരു വലിയ സന്ദേശം; അതിഥിക്കുവേണ്ടി കുഷ്യൻ നീക്കി വച്ചു കൊടുത്താൽ ആതിഥേയനു ലഭിക്കുന്ന അനുഗ്രഹം തിരുനബിﷺ പകർന്നു കൊടുക്കുകയായിരുന്നു.
അബ്ദു ബിൻ ഹുമൈദ്(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ ഉമർ(റ) തിരുനബിﷺയുടെ സന്നിധിയിലേക്ക് കടന്നുചെന്നു. ആ സമയത്ത് തിരുനബിﷺ ഒരു പരുക്കൻ വിരിപ്പിൽ കിടക്കുകയായിരുന്നു. ഈത്തപ്പനയുടെ നാര് നിറച്ച ഒരു തോലിന്റെ തലയണയായിരുന്നു അവിടുന്ന് വച്ചിരുന്നത്. തോലുകൊണ്ടുതന്നെ ഉണ്ടാക്കിയ ഒരു തൊപ്പിയും അണിഞ്ഞിരുന്നു.
തിരുനബിﷺ ഉപയോഗിച്ച തലയണയെ പരാമർശിച്ചുകൊണ്ടുള്ള ഒരു നിവേദനമാണിത്. നബി ജീവിതത്തിന്റെ അരമനയിലൂടെ സഞ്ചരിക്കുമ്പോൾ ലഭ്യമായ ഓരോ കാഴ്ചകളെയും പങ്കുവെക്കുകയാണല്ലോ അനുയായികൾ! തിരുനബിﷺ എങ്ങോട്ട് ചരിഞ്ഞുകിടന്നു? എന്ത് വസ്തു തലയണയായ് ഉപയോഗിച്ചു? എന്നെല്ലാം വിശദമായ ആഖ്യാനങ്ങളിൽ പിൻഗാമികൾക്ക് പകർന്നു നൽകി എന്നത് തിരുനബിﷺയുടെ ജീവിതത്തെ എത്രമേൽ ആഴത്തിൽ അവർ ഹൃദയത്തിലേറ്റി എന്നതിന്റെ ഉദാഹരണമാണ്.
തിരുനബിﷺയുടെ സന്നിധിയിലേക്ക് കടന്നുവന്ന പല സ്വഹാബികളും നേരത്തെ ഉദ്ധരിച്ചിരുന്ന സമാനമായ കാഴ്ചകൾ കണ്ടത് വിവിധ ഹദീസ് ഗ്രന്ഥങ്ങളിൽ രേഖപ്പെട്ടു കിടക്കുന്നുണ്ട്. എല്ലാവരും പ്രധാനമായും പരാമർശിച്ചത് പരുക്കൻ വിരിപ്പും ഈത്തപ്പനയുടെ നാരു നിറച്ച തലയണയുമായിരുന്നു. തിരുനബിﷺ കിടക്കാനും തലയണയായി വെക്കാനും എന്തൊക്കെയായിരുന്നു ഉപയോഗിച്ചിരുന്നത് എന്നതിനൊപ്പം ലളിതമായ ജീവിതത്തിന്റെ നേർപ്പകർപ്പ് കൂടി പറഞ്ഞുതരാനാണ് ഓരോരുത്തരും ശ്രമിച്ചത്. കൊട്ടാരത്തിലും രാജപ്രതീതിയിലും ജീവിക്കാനുള്ള എല്ലാ സാഹചര്യവുമുണ്ടായിരുന്നിട്ടും സമൂഹത്തിലെ ഏറ്റവും വിനീതനായ വ്യക്തിക്ക് കൂടി പകർത്താവുന്ന ജീവിതം അവതരിപ്പിച്ചു എന്നത് എന്നത്തേക്കുമുള്ള ലോകത്തിനു മാതൃകയാണ്.
