
തിരുനബിﷺയുടെ റോമൻ നിർമിതമായ ജുബ്ബയെ കുറിച്ചാണ് നാം ഇതുവരെ വായിച്ചു വന്നത്. അതിൽനിന്ന് വ്യത്യസ്തമായ മറ്റൊരു ജുബ്ബയെ കുറിച്ച് അബൂബക്കറി(റ)ന്റെ മകൾ അസ്മാഇ(റ)ന്റെ പരിചാരകൻ അബ്ദുള്ളാഹ്(റ) പറയുന്ന ഒരു നിവേദനം ഇങ്ങനെ വായിക്കാം. ഒരിക്കൽ മഹതി അസ്മാഅ്(റ) ഒരു ജുബ്ബ എടുത്തു ഞങ്ങളെ കാണിച്ചു. കിസ്റയിൽ നിർമിച്ച ശരീരമാസകലം മൂടുന്ന ഒരു ജുബ്ബയായിരുന്നു അത്. അഗ്രഹങ്ങളിൽ പട്ടു കൊണ്ടുള്ള ചെറിയ ഒരു അലങ്കാരവുമുണ്ടായിരുന്നു. തിരുനബിﷺയുടെ വിയോഗാനന്തരം അത് ആഇശ(റ)യുടെ കയ്യിലായിരുന്നു. ആഇശ(റ)യുടെ വിയോഗാനന്തരമാണ് എനിക്കിത് ലഭിച്ചത്. ഞങ്ങളിൽ ആർക്കെങ്കിലും രോഗമുണ്ടായാൽ ഈ ജുബ്ബ കഴുകി ആ വെള്ളം ശമനത്തിനു വേണ്ടി ഉപയോഗിക്കുമായിരുന്നു.
അബുൽഹസൻ ഇബ്നു ളഹ്ഹാക്(റ) പറയുന്നു. ശരീരമാസകലം മൂടുന്ന ഒരു കുപ്പായം തിരുനബിﷺക്കുണ്ടായിരുന്നു. ശത്രുക്കളെ അഭിമുഖീകരിക്കുന്ന ഘട്ടങ്ങളിൽ തിരുനബിﷺ അത് ധരിക്കാറുണ്ടായിരുന്നു.
തിരുനബിﷺയുടെ വസ്ത്രത്തിന്റെ ആത്മീയമായ മാനങ്ങൾ കൂടി സ്പർശിക്കുന്ന വായനയാണ് നാമിപ്പോൾ നിർവഹിച്ചത്. തിരുനബിﷺയുടെ വസ്ത്രം കഴുകിയ വെള്ളം രോഗശമനത്തിന് ഉപയോഗിക്കുമായിരുന്നു. സ്വഹാബികൾ തിരുനബിﷺയെ എപ്രകാരമാണ് അനുഭവിച്ചിരുന്നത് എന്നതിന്റെ ഒരുദാഹരണം കൂടിയാണിത്. ഒപ്പം ജീവിച്ചപ്പോൾ തിരുനബിﷺയിൽ നിന്ന് അവർ കണ്ടെടുത്ത അനുഗ്രഹ സ്പർശങ്ങളുടെ സാക്ഷ്യമാണല്ലോ അത്.
യൂസഫ് നബി(അ)യുടെ കുപ്പായം മുഖത്തേക്ക് ലഭിച്ചപ്പോൾ യൂസഫ് നബി(അ) ജീവിച്ചിരിക്കുന്നു എന്ന ഓർമയും മകന്റെ സുഗന്ധം പേറുന്ന കുപ്പായത്തിന്റെ സാന്നിധ്യവും ഒപ്പം ഒരു പ്രവാചകന്റെ കുപ്പായമാണ് എന്നതിന്റെ അനുഗ്രഹവും കൂടിച്ചേർന്നപ്പോഴാണ് യഅ്ഖൂബ് നബി(അ)യുടെ കാഴ്ച തിരിച്ചു ലഭിച്ചത് എന്ന് നമുക്ക് വായിക്കാം. പ്രവാചകന്മാരുമായി ബന്ധപ്പെട്ട ഏതിനും വിശേഷമായ മഹത്വങ്ങളുണ്ട് എന്നതിന് വേറെയും പ്രമാണങ്ങളുണ്ട്. എന്നിരിക്കെ തിരുനബിﷺയുടെ കുപ്പായത്തിന്റെ മഹത്വം എടുത്തുപറയുന്ന ഈ സന്ദർഭങ്ങൾ പൂർണാർഥത്തിൽ ഉൾക്കൊണ്ടുകൊണ്ട് തന്നെയാണ് നാം വായിക്കേണ്ടത്.
അസ്മാഅ് ബീവി(റ)യുടെ പരിചാരകനായ മുഗീറ ബിൻ സിയാദി(റ)ൽ നിന്ന് ഇബ്നു അബീ ശൈബ(റ) ഉദ്ധരിക്കുന്നു. അബ്ദുല്ലാഹിബ്നു ഉമർ(റ) ഒരു തലപ്പാവ് വാങ്ങി. അതിൽ തുന്നി പിടിപ്പിച്ച ചില അടയാളങ്ങളുണ്ടായിരുന്നു. അബ്ദുല്ലാഹിബിന് ഉമർ(റ) അത് മുറിച്ച് നീക്കം ചെയ്തു. ഈ വിവരം ഞാൻ അസ്മാഇ(റ)നോട് പറഞ്ഞു. ഉടനെ മഹതി ചോദിച്ചു. എന്തിനാണ് അങ്ങനെ ചെയ്തത്? അതിന്റെ ഒന്നും ആവശ്യമില്ലല്ലോ. മഹതി ഉടനെ പരിചാരകയെ വിളിച്ചു. തിരുനബിﷺയുടെ കുപ്പായം എടുത്തു കൊണ്ടുവരാൻ പറഞ്ഞു. ആ കുപ്പായത്തിലെ വ്യത്യസ്ത അരികുകൾ പട്ടുകൊണ്ട് തുന്നി ക്രമീകരിച്ചിരുന്നു.
ഇബ്നു ഉമർ(റ) തന്നെ നിവേദനം ചെയ്ത മറ്റൊരു ഹദീസിൽ അസ്മാഅ് ബീവി(റ) പ്രദർശിപ്പിച്ച കുപ്പായത്തെ കുറിച്ച് പറയുന്നുണ്ട്. പട്ടുകൊണ്ട് കുടുക്കുണ്ടാക്കി വച്ചിരുന്ന ഒരു കുപ്പായം മഹതി എടുത്തു കാണിച്ചു. തിരുനബിﷺ പോർക്കളങ്ങളിൽ ഉപയോഗിച്ചിരുന്നതാണ് എന്ന് പറയുകയും ചെയ്തു.
ദിൽ മജാസ് മാർക്കറ്റിൽ വച്ച് തിരുനബിﷺയെ കണ്ടപ്പോൾ അവിടുന്ന് ഒരു ചുവന്ന കുപ്പായം ധരിച്ചിരുന്നു എന്ന് ത്വാരിഖ് ബിൻ അബ്ദുള്ളാഹ് അൽ മുഹാറബി(റ) നിവേദനം ചെയ്യുന്നുണ്ട്.
വ്യത്യസ്ത സന്ദർഭങ്ങളിൽ തിരുനബിﷺ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും അതിന്റെ രീതികളും മാനങ്ങളും ഒക്കെ ആണല്ലോ നാം വായിക്കുന്നത്. സാധാരണയിൽ ധരിക്കാൻ അനുമതിയില്ലാത്ത വസ്ത്രങ്ങളും അനിവാര്യമായ കാരണങ്ങളാൽ പടക്കളത്തിലും മറ്റും ഉപയോഗിക്കാവുന്നതാണ്. അത്തരം സന്ദർഭങ്ങളിൽ അനുവദിക്കപ്പെട്ടതിനെ പൊതു നിയമമായോ പൊതുമാനമായോ നമുക്ക് വായിക്കാൻ കഴിയില്ല. പട്ടുവസ്ത്രം പുരുഷന്മാർക്ക് നിഷിദ്ധമാണെന്നത് തിരുനബിﷺ വ്യക്തമായി പഠിപ്പിക്കുകയും പ്രയോഗിക്കാൻ നിർദ്ദേശിക്കുകയും ചെയ്ത കാര്യമാണ്.
