Tweet 862

    Tweet 862
    October 23, 2024 • Wednesday
    Post Header

    സഹൽ ബിൻ സഅദി(റ)ൽ നിന്ന് അബുദാവൂദ് അത്തയാലിസി(റ) റിപ്പോർട്ട് ചെയ്യുന്നു. തിരുനബിﷺ ഇഹലോകവാസം വെടിയുമ്പോൾ തുന്നി ഉണ്ടാക്കിയ ഒരു രോമക്കുപ്പായമായിരുന്നു ധരിച്ചിരുന്നത്.
    അബൂ ശൈഖ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺക്ക് അൻമാറിൽ നിർമ്മിച്ച ഒരു രോമക്കുപ്പായമുണ്ടായിരുന്നു. ഒരിക്കൽ അത് ധരിച്ചപ്പോൾ കാണാൻ നല്ല ചന്തമുണ്ടായി. അത് തിരുകരങ്ങൾ കൊണ്ട് സ്പർശിക്കുകയും എത്ര മനോഹരമായിട്ടുണ്ട് എന്ന് പറയുകയും ചെയ്തു. കേട്ടുനിന്ന ഗ്രാമീണനായ ഒരു അറബി തിരുനബിﷺയോട് ആ കുപ്പായം ആവശ്യപ്പെട്ടു. പ്രവാചകൻﷺ അദ്ദേഹത്തിന് അത്‌ ഉപഹാരമായി നൽകി.
    അബൂ സഈദ് അൽ അറബി(റ) അനസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. ദോമയിലെ ഉകൈദിർ തിരുനബിﷺക്ക് ഒരു കുപ്പായം സമ്മാനിച്ചു. സുൻഡസ് പട്ടു കൊണ്ടുള്ളതും സ്വർണ്ണം തുന്നി ചേർത്തതുമായിരുന്നു അത്. പ്രവാചകൻﷺ അത് ധരിച്ചു. ജനങ്ങൾ ആശ്ചര്യത്തോടെയും കൗതുകത്തോടെയും അത് നോക്കി. അപ്പോൾ തിരുനബിﷺ ചോദിച്ചു. ഈ വസ്ത്രം കണ്ടുകൊണ്ടാണോ നിങ്ങൾ ആശ്ചര്യപ്പെടുന്നത്. സഹദ് ബിൻ മുആദ്(റ), സ്വർഗ്ഗത്തിൽ ഉപയോഗിക്കുന്ന തൂവാല ഇതിനേക്കാൾ വിലപ്പെട്ടതും മനോഹരവുമാണ്. പ്രവാചകൻﷺ ആ വസ്ത്രം ഉമറി(റ)ന് സമ്മാനിച്ചു. ഉമർ(റ) ചോദിച്ചു. അവിടുന്ന് അണിയാൻ താല്പര്യപ്പെടാത്തത് എനിക്ക് അണിയാൻ നൽകുകയാണോ? അപ്പോൾ പ്രവാചകൻﷺ പറഞ്ഞു. ഇത് നിങ്ങൾക്ക് ധരിക്കാൻ വേണ്ടി നൽകിയതല്ല, നിങ്ങൾക്ക് വിറ്റ് ഉപയോഗിക്കാൻ വേണ്ടി തന്നതാണ്.
    പട്ടുവസ്ത്രവും സ്വർണവും പുരുഷന്മാർക്ക് വിരോധിക്കുന്നതിന് മുമ്പായിരുന്നു ഈ സംഭവം എന്ന് വ്യാഖ്യാതാക്കൾ വിശദീകരിച്ചിട്ടുണ്ട്. ഈ ലോകത്തോടും അതിന്റെ വിഭവങ്ങളോടും പ്രവാചകരുﷺടെ ഹൃദയം ചേർന്നിരുന്നില്ല എന്നുകൂടി അറിയിക്കുന്ന സംഭവങ്ങളാണ് ഇത്. എത്ര വിലപ്പെട്ടതും നിർലോഭം സംഭാവന ചെയ്യാൻ അവിടുത്തേക്ക്‌ യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ല. ഭൗതിക സൗകര്യങ്ങളും ആഡംബരങ്ങളും കണ്ടുവെച്ചുകൊണ്ടായിരുന്നില്ല അവിടുത്തെ ജീവിതം. പരിത്യാഗത്തിന്റെ ഏറ്റവും വലിയ ഉദാഹരണവും ഭൗതിക സംവിധാനങ്ങളോടുള്ള ത്യാഗത്തിന്റെ പര്യായവുമായിരുന്നു അവിടുന്ന്.
    അനസുബ്നു മാലിക്(റ) തന്നെ തുടരുന്ന ഒരു നിവേദനം ഇങ്ങനെ വായിക്കാം. റോമിലെ ഭരണാധികാരി ഒരു പട്ടുവസ്ത്രം തിരുനബിﷺക്ക് സമ്മാനിച്ചു. പ്രവാചകൻﷺ ധരിക്കുകയും ഞാനതിന്റെ വലിപ്പവും സന്തോഷവും നോക്കിയിരിക്കുകയും ചെയ്തു. ജനങ്ങൾ നബിﷺയോട് ചോദിച്ചു. ഇത് വാനലോകത്തു നിന്ന് നേരിട്ട് ഇറക്കി തന്നതാണോ? ഉടനെ പ്രവാചകൻﷺ ഇങ്ങനെ പ്രതികരിച്ചു. ഈ വസ്ത്രം കണ്ടുകൊണ്ടാണോ നിങ്ങൾ ഇത്രമേൽ ആശ്ചര്യപ്പെടുന്നത്? സഅദ് ബിൻ മുആദ്ﷺ, സ്വർഗ്ഗത്തിൽ ഉപയോഗിക്കുന്ന തൂവാല ഇതിനേക്കാൾ വിലപ്പെട്ടതും മനോഹരവുമാണ്. പിന്നീട് പ്രവാചകൻﷺ ആ വസ്ത്രം ജഅ്ഫറി(റ)ന് കൊടുത്തയച്ചു. ധരിക്കാൻ വേണ്ടിയല്ല കൊടുത്തുവിട്ടതെന്നും നജ്ജാശി രാജാവിനു ഉപഹാരമായി നൽകാനും തിരുനബിﷺ വിശദീകരണം അറിയിച്ചു.
    ഇസ്ലാമിക വ്യവസ്ഥിതികൾ രൂപപ്പെട്ടു വരുന്ന കാലത്ത് അനുവദിക്കപ്പെട്ടതും അനുവദിക്കപ്പെടാത്തതും നിർണയങ്ങളുണ്ടാകുന്നതിന് മുമ്പ് പിൽക്കാലത്ത് നിരോധിക്കപ്പെട്ട പല കാര്യങ്ങളും ജീവിതത്തിൽ വന്നിട്ടുണ്ടാകും. അത് നിയമം നിലവിൽ വരുന്നതിനുമുമ്പും ബാധകമാകുന്നതിനുമുമ്പുമായിരിക്കും. പ്രവാചകൻﷺ സ്വർണം ഉപയോഗിച്ചതും പട്ടു ധരിച്ചതും തുടങ്ങിയുള്ള കാര്യങ്ങൾ ഇത്തരം കാലഗണനകൾ വച്ചുകൊണ്ട് മാത്രമേ വായിക്കാൻ പാടുള്ളൂ. അല്ലെങ്കിൽ മതവിധികളും ചരിത്രവും തമ്മിൽ വൈരുദ്ധ്യങ്ങൾ പ്രകടമാകും. പ്രവാചക ചരിത്രത്തിന്റെ വായനക്ക് മത നിയമങ്ങൾ രൂപപ്പെട്ടു വരുന്ന ഘടനകളുടെ കാലങ്ങളോട് വലിയ ബന്ധമുണ്ട്. നിയമം രൂപപ്പെട്ടുവരിക അഥവാ ‘തശ്’രീഅ്’ എന്നാണ് അതിന് പറയുക. ഖുർആനും ഹദീസും ഇസ്ലാമിക നിയമങ്ങളും പഠിക്കുമ്പോൾ നാൾവഴികൾക്കും സമീപനങ്ങൾക്കും പരസ്പരം വലിയ ബന്ധമുണ്ട്. അവകൾ ചേർത്തുവച്ചുകൊണ്ടാണ് നിബിജീവിതത്തിൽ നിന്ന് ഇസ്ലാമിക നിയമങ്ങളെയും മനസ്സിലാക്കേണ്ടത്.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...