
അലി(റ)യിൽ നിന്ന് അബുദാവൂദ്(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ ഉറങ്ങാൻ കിടക്കുമ്പോൾ ഈ ആശയമുള്ള വാചകങ്ങൾ പ്രാർഥിക്കുമായിരുന്നു. അത്യുന്നതമായ നിന്റെ സ്വത്വവും പവിത്രമായ നിന്റെ വചനങ്ങളും മുൻനിർത്തി നിന്റെ നിയന്ത്രണത്തിലുള്ള സൃഷ്ടികളിൽ നിന്നെല്ലാം ഞാൻ കാവൽ ചോദിക്കുന്നു. പാപങ്ങളിൽ നിന്നും കടങ്ങളിൽ നിന്നും നീയാണല്ലോ മോചനം നൽകുന്നത്. നിന്റെ സൈന്യം പരാജയപ്പെടുകയില്ലല്ലോ. നീ കരാർ ലംഘിക്കുകയില്ലല്ലോ! ഒരാൾക്കും അവന്റെ പക്കൽ ഉള്ളതുകൊണ്ട് പ്രയോജനപ്പെടുകയില്ല. എല്ലാമുള്ളതിന്റെയും ഉടമ നീ തന്നെയാണല്ലോ! നിന്നെ സ്തുതിച്ചുകൊണ്ട് നിന്റെ മഹത്വത്തെ വാഴ്ത്തുന്നു.
അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം ബൈഹഖി(റ)യും മുസ്ലിമും(റ) മറ്റും ഉദ്ധരിച്ച വാചകങ്ങളുടെ ആശയം ഇങ്ങനെയാണ്. ഏഴാകാശങ്ങളുടെയും മഹാസിംഹാസനത്തിന്റെയും അധിപനായ അല്ലാഹുവേ! മുഴുവൻ വസ്തുക്കളുടെയും ഞങ്ങളുടെയും പരിപാലകനായ രക്ഷിതാവേ! തൗറാത്തും ഇഞ്ചീലും ഖുർആനും അവതരിപ്പിച്ചവനേ! ധാന്യങ്ങളെയും ചെടികളെയും മുളപ്പിക്കുന്നവനെ! നീയല്ലാതെ ആരാധനക്ക് അർഹനില്ല. നിന്റെ നിയന്ത്രണത്തിലുള്ള എല്ലാ ജീവജാലങ്ങളിൽ നിന്നും ഞാൻ കാവൽ ചോദിക്കുന്നു. നീ തന്നെയാണ് ആദിയിലുള്ളവൻ. നിനക്ക് മുന്നേ ആരുമില്ല. അന്ത്യമില്ലാത്തവനും നീയാണ്. നിന്നെ മറികടക്കാൻ ആരുമില്ല. നീയാണ് ഏറ്റവും പ്രത്യക്ഷത്തിലുള്ളവൻ. നിനക്ക് അപ്പുറത്ത് ആരുമില്ല. ഞങ്ങളുടെ ബാധ്യതകളെ നീ വീട്ടി തരേണമേ! ദാരിദ്ര്യത്തിൽ നിന്ന് ഐശ്വര്യത്തിലേക്ക് എത്തിക്കേണമേ!
തിരുനബിﷺയുടെ പ്രിയ പത്നി ആഇശ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ വിരിപ്പ് വിരിക്കാൻ ആവശ്യപ്പെടും. അപ്പോൾ അവിടുത്തേക്ക് വിരിക്കപ്പെടും. നബിﷺ ഖിബ്ലക്ക് അഭിമുഖമാകും. വലതു കൈവെള്ള തലയിണയാക്കി കിടക്കും. പിന്നെ മെല്ലെ എന്തോ മന്ത്രിക്കും. അതെന്താണെന്ന് അറിയില്ല. ആ മന്ത്രത്തിന്റെ ഒടുവിൽ മെല്ലെ ശബ്ദമുയർത്തി ഇങ്ങനെ പ്രാർത്ഥിക്കും. അല്ലാഹുമ്മ റബ്ബസ്സമാവാതി…… ശ്രേഷ്ഠമായ സിംഹാസനത്തിന്റെയും ഏഴ് ആകാശ മണ്ഡലങ്ങളുടെയും പരിപാലകനായ അല്ലാഹുവേ! തൗറാത്തും ഇഞ്ചീലും ഖുർആനും അവതരിപ്പിച്ചവനേ! എല്ലാ വസ്തുക്കളുടെയും പരിപാലകനെ! ധാന്യങ്ങളെയും ചെടികളെയും മുളപ്പിക്കുന്നവനേ! നിന്റെ പരമാധികാരത്തിലുള്ള മുഴുവൻ ജീവജാലങ്ങളുടെയും നാശത്തിൽ നിന്ന് ഞാൻ നിന്നോട് കാവൽ തേടുന്നു. ആദിയിൽ ഉള്ളവൻ നീയാണ്. നിനക്ക് മുന്നേ എന്നൊന്നില്ല. അന്ത്യമില്ലാത്തവനും നീയാണ്. നിനക്ക് ശേഷം എന്നൊന്നില്ല. ഏറ്റവും പ്രശസ്തിയുള്ളവൻ നീയാണ്. നിനക്ക് അപ്പുറത്തേക്ക് ആരുമില്ല. ഏറ്റവും ഗുപ്തമായവനും നീയാണ്. അതിനേക്കാൾ വലിയൊരു സൂക്ഷ്മത ഇല്ല. ഞങ്ങളുടെ കടങ്ങൾ നീ വീട്ടി തരേണമേ! ദാരിദ്ര്യത്തിൽ നിന്ന് ഐശ്വര്യത്തിലേക്ക് എത്തിക്കേണമേ!
വിശാലമായ അർത്ഥങ്ങളുള്ള പ്രാർഥനാ വാചകങ്ങളാണ് പ്രവാചകൻﷺ പ്രയോഗിച്ചത്. അറബിയിലെ ളാഹിർ എന്ന പദത്തിന് പ്രശസ്തിയുള്ളവൻ എന്നും ബാഥ്വിൻ എന്നതിന് ഗുപ്തമായവൻ എന്നുമാണ് ഭാഷാന്തരം ചെയ്തിട്ടുള്ളത്. എല്ലാ സൃഷ്ടികളും അല്ലാഹുവിന്റെ സാന്നിധ്യത്തെ അറിയിക്കുന്നു എന്ന അർഥത്തിൽ അവനാണല്ലോ ഏറ്റവും പ്രകടമായവൻ. എത്ര പഠിച്ചാലും മനസ്സിലാക്കിയാലും തീരാത്തത്ര സ്വകാര്യതകളുടെ അധിപനായ അല്ലാഹുവിനെക്കാൾ പ്രാപിക്കാനാവാത്ത വിധം ഗുപ്തതയുള്ളവൻ വേറെ ആരുമില്ലല്ലോ. ഇത്തരം ആശയങ്ങളിൽ നിന്നുകൊണ്ടാണ് ഒറ്റവാക്കിൽ പ്രകടമായവൻ ഗുപ്തമായവൻ എന്നീ ഭാഷാന്തരങ്ങൾ നൽകിയത്. അറബിയിലെ സാങ്കേതിക പ്രയോഗങ്ങൾക്കും പദസങ്കേതങ്ങൾക്കും പൂർണ്ണമായി പ്രതിനിധാനം ചെയ്യാവുന്ന മറ്റു ഭാഷാന്തരങ്ങൾ പലപ്പോഴും ലഭ്യമാവുകയില്ല. മലയാളത്തിലേക്ക് വരുമ്പോൾ പലപ്പോഴും പ്രയാസപ്പെടുന്നതും ഇവിടെയാണ്.
ഈ ജീവിതം മുഴുവനും അല്ലാഹുവിന്ന് സമർപ്പിക്കേണ്ടതാണ് എന്ന അർത്ഥത്തിൽ നബി ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും അല്ലാഹുവിനെ സ്മരിക്കുകയും പുകഴ്ത്തുകയും ചെയ്യുന്ന മുഹൂർത്തങ്ങൾ കാണാൻ കഴിയും. ഉറങ്ങാൻ കിടക്കുമ്പോൾ അത് കൂടുതൽ ജാഗ്രതയോടു കൂടി നിർവഹിച്ചിരുന്നു. അത്തരം പ്രാർഥനകളുടെ വചനങ്ങളാണ് നമ്മൾ വായിച്ചത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
