
തിരുനബിﷺ ഉറങ്ങാൻ ഒരുങ്ങിയാലുള്ള ചില ശീലങ്ങളാണ് ഇനി നാം വായിക്കുന്നത്. ജാബിറി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. പരിശുദ്ധ ഖുർആനിലെ 32 ആം അധ്യായം അൽ സജദയും 67 ആം അധ്യായം അൽ മുൽക്കും പാരായണം ചെയ്യാതെ നബിﷺ ഉറങ്ങുമായിരുന്നില്ല. എല്ലാ രാത്രിയിലും സജദ അധ്യായം പാരായണം ചെയ്തിരുന്നു എന്ന് പ്രിയ പത്നി ആഇശ(റ)യും റിപ്പോർട്ട് ചെയ്യുന്നുണ്ട്. തിരുനബിﷺ ഉറങ്ങാൻ വേണ്ടി കിടന്നാൽ അല്ലാഹുവേ നിന്റെ നാമത്തിൽ ഞാനിതാ എന്റെ ശരീരം വെച്ചിരിക്കുന്നു. എന്റെ പാപങ്ങൾ പൊറുക്കേണമേ എന്നർഥം വരുന്ന മന്ത്രം ചൊല്ലുമായിരുന്നു. ഇബ്നു ഉമറി(റ)ന്റെ ഹദീസിൽ ഈ വാചകങ്ങൾ കാണാം. അദ്ദേഹത്തിന്റെ തന്നെ മറ്റൊരു നിവേദനത്തിൽ അൽഹംദുലില്ലാഹ് അല്ലദീ കഫാനീ…. എന്നു തുടങ്ങുന്ന വാചകമാണുള്ളത്. എനിക്ക് അഭയം നൽകുകയും മതിയാവോളം ആവശ്യങ്ങൾ നിറവേറ്റുകയും ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്തവനായ അല്ലാഹുവേ നിനക്കാണ് സർവ്വസ്തുതിയും. എന്നാണ് പ്രസ്തുത വാചകത്തിന്റെ ആശയം.
ചെറിയ ചില പദ വ്യത്യാസങ്ങളോടെ മേൽ വാചകത്തോട് സമാനമായ പ്രയോഗങ്ങൾ അനസി(റ)ന്റെ നിവേദനത്തിൽ ഇമാം തുർമുദി(റ)യും ഉദ്ധരിച്ചിട്ടുണ്ട്.
ഇമാം ബുഖാരി(റ)യും ഇമാം അഹ്മദും(റ) ഇമാം മാലിക്കും(റ) തുടങ്ങി പ്രഗൽഭരായ എല്ലാവരും ഉദ്ധരിച്ച പ്രസിദ്ധമായ ഹദീസിന്റെ ആശയം ഇങ്ങനെയാണ്. മഹതി ആഇശ(റ) പറയുന്നു. തിരുനബിﷺ വിരിപ്പിലേക്ക് കടക്കാൻ ഉദ്ദേശിച്ചാൽ രണ്ടു മുൻകൈകളും ചേർത്തുവച്ച് പരിശുദ്ധ ഖുർആനിലെ അവസാനത്തെ മൂന്ന് അധ്യായങ്ങൾ പാരായണം ചെയ്തു, അതിലേക്ക് ഒന്നു ഊതും. ശേഷം, ആ കൈവെള്ള എത്തുന്ന എല്ലാ സ്ഥലങ്ങളിലും ഒന്ന് തലോടും. ശിരസ്സും മുഖവും ശരീരത്തിന്റെ മുൻഭാഗവും തുടങ്ങി പരമാവധി ഭാഗങ്ങളും ഒന്ന് തഴുകും. ഇങ്ങനെ മൂന്നുപ്രാവശ്യം ചെയ്തിട്ടായിരുന്നു കിടക്കാറുണ്ടായിരുന്നത്.
വിരിപ്പിലേക്ക് ചേർന്നാൽ വലതുഭാഗം ചരിഞ്ഞ് വലത്തെ കൈവെള്ളയിൽ മുഖം ചേർത്തു വെച്ചിട്ടായിരുന്നു കിടപ്പ്. അല്ലാഹുവേ നിന്റെ നാമത്തിൽ ഞാൻ ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു. അഥവാ ഉണരുകയും ഉറങ്ങുകയും ചെയ്യുന്നു എന്നർത്ഥമുള്ള മന്ത്രം അപ്പോൾ ചൊല്ലും. ഹുദൈഫ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ)യും മറ്റും ഈ വിഷയം ഉദ്ധരിച്ചിട്ടുണ്ട്.
ഇമാം അഹ്മദും(റ) ഇബ്നുമാജ(റ)യും തിരുനബിﷺയുടെ സേവകനായിരുന്ന ഇബ്നു മസ്ഊദി(റ)ൽ നിന്ന് ഉദ്ധരിച്ചത് ഇങ്ങനെയാണ്. തിരുനബിﷺ വിരിപ്പിലേക്ക് ചേർന്നാൽ വലത്തേ കൈവെള്ളയിൽ വലതു കവിൾ ചേർത്തുവെച്ചു കിടക്കും. അല്ലാഹുവേ നിന്റെ അടിമകളെ ഒരുമിച്ചു കൂട്ടുന്ന ദിവസം എന്നെ ശിക്ഷയിൽ നിന്ന് കാത്തുരക്ഷിക്കേണമേ എന്നർത്ഥം വരുന്ന പ്രാർത്ഥന ചൊല്ലും. വിശുദ്ധ ഖുർആനിലെ 39 ആമത്തെയും 59 ആമത്തെയും അധ്യായങ്ങൾ അഥവാ സമറും ബനൂ ഇസ്രായേലും പാരായണം ചെയ്യാതെ നബിﷺ ഉറങ്ങാറില്ലായിരുന്നു എന്ന് മഹതി ആഇശ(റ)യിൽ നിന്നുള്ള ഒരു നിവേദനം ഇമാം തിർമുദി(റ) ഉദ്ധരിച്ചിട്ടുണ്ട്.
അബൂ അസ്ഹർ അൽ അൻമാരി(റ) എന്നവർ റിപ്പോർട്ട് ചെയ്യുന്നു. തിരുനബിﷺ രാത്രി കിടക്കയിലേക്ക് കിടന്നാൽ അല്ലാഹുവേ നിന്റെ നാമത്തിൽ ഞാൻ എന്റെ ശരീരം ഇതാ വെച്ചിരിക്കുന്നു. എന്റെ പാപങ്ങൾ നീ പൊറുത്തു തരേണമേ! എന്റെ പിശാചിനെ അഥവാ എന്നെ സമീപിക്കുന്ന പിശാചിനെ നീ പരാജയപ്പെടുത്തേണമേ! ഭാരമേറിയ ബാധ്യതകളിൽ നിന്ന് എന്നെ രക്ഷപ്പെടുത്തേണമേ! ആത്മീയ ലോകത്ത ഉന്നതങ്ങളിൽ എന്നെ എത്തിക്കേണമേ! എന്നർഥമുള്ള പ്രാർഥന നിർവഹിക്കുമായിരുന്നു.
പ്രവാചകൻﷺ നിർവഹിച്ചിരുന്ന വ്യത്യസ്ത പ്രാർഥനകളാണ് നാം വായിച്ചത്. നിവേദകന്മാരിൽ ഓരോരുത്തരുടെയും അനുഭവങ്ങളും സാക്ഷ്യങ്ങളും കൂടിയാണല്ലോ നിവേദനങ്ങൾ. മേൽ പറയപ്പെട്ടവരിൽ ചിലത് തിരുനബിﷺ തങ്ങൾ ചിലപ്പോൾ പാരായണം ചെയ്തിട്ടുണ്ടാവാം. ചിലത് നിത്യമായി പാരായണം ചെയ്തതുമുണ്ടാകാം. ഉപരിസൂചിത നിവേദനങ്ങളിൽ ഏറ്റവും വ്യക്തമായി പറയാൻ അർഹതയുള്ള രണ്ടുപേരുടെ നിവേദനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. ഒന്ന് അവിടുത്തെ അരമന പങ്കാളിയായ ആഇശ(റ)യുടെയും രണ്ട് പത്ത് വർഷത്തെ പരിചാരകനായ അനസി(റ)ന്റേതുമാണ്. ഈ ക്രമങ്ങൾ പാലിച്ചുകൊണ്ടും പരിശോധിച്ചുമാണ് വിശ്വാസിയുടെ നിത്യ ജീവിത ചിട്ടകളെ അടയാളപ്പെടുത്തി രചനകൾ നിർവഹിച്ച ഇമാമുകൾ മര്യാദകളെക്കുറിച്ച് സംസാരിച്ചിട്ടുള്ളത്.
ഒരാൾ കിടക്കയിലേക്ക് ചേരുമ്പോൾ എന്താണ് പറഞ്ഞിരുന്നത് എന്ന വിശാലമായ ഒരു അധ്യായം രചിക്കാൻ മാത്രം നബിﷺയുടെ ജീവിതത്തിലല്ലാതെ വേറെ എവിടെയാണുള്ളത് എന്ന് എല്ലാ അധ്യായത്തിലും നമ്മൾ ചോദിച്ചതുപോലെ ഇവിടെയും എങ്ങനെ ചോദിക്കാതിരിക്കും!
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
