
ഒരിക്കൽ തിരുനബിﷺക്ക് സവിശേഷമായ ഒരു പാനീയം നൽകി. അവിടുന്ന് ചോദിച്ചു. ഇതെന്താണ്? ബദാമിന്റെ പൊടി ചേർത്ത പാനീയമാണ്. ഇത് നിങ്ങൾ അങ്ങെടുത്തോളൂ. ആഡംബരം ആഗ്രഹിക്കുന്നവർ ഉപയോഗിക്കുന്ന പാനീയമാണിത്.
ഈ പ്രയോഗത്തിന്റെ അർഥം അത്തരം ഒരു പാനീയം നിഷിദ്ധമാണ് എന്നല്ല. ചില സാഹചര്യങ്ങൾ കൂടി ചേർത്തു കൊണ്ടായിരിക്കണം ഇതു വായിക്കേണ്ടത്. സാധാരണയിലും കവിഞ്ഞ് ആഡംബരത്തിന്റെ ആളുകൾ ഉപയോഗിക്കുന്ന പാനീയമായി അറിയപ്പെട്ടതായിരിക്കണം അത്. അല്ലാതെ എക്കാലത്തും നിഷേധിക്കപ്പെട്ടതോ എല്ലാ സാഹചര്യത്തിലും ഉപയോഗിക്കാൻ പറ്റാത്തതോ അല്ല എന്നർഥം. ആഡംബരത്തിനും അലങ്കാരത്തിനുമെല്ലാം ആപേക്ഷികമായ ചില മാനങ്ങളും അർഥങ്ങളുമുണ്ടാകും.
തിരുനബിﷺ സവിശേഷമായി തന്നെ പരിഗണിക്കുകയും പാനം ചെയ്യുകയും ചെയ്ത ഒന്നാണ് തേൻ. സൈനബ് ബിൻത് ജഹ്ശി(റ)ന്റെ അടുക്കൽ താമസിക്കുന്ന സമയത്ത് തിരുനബിﷺ തേൻ കുടിച്ചിരുന്നതായി പ്രിയപത്നി ആഇശ(റ) നിവേദനം ചെയ്യുന്നുണ്ട്. ഈ പാത്രത്തിൽ ഞാൻ തിരുനബിﷺക്ക് എല്ലാവിധ പാനീയങ്ങളും നൽകിയിട്ടുണ്ട് എന്ന് അനസ്(റ) പരാമർശിക്കുന്ന ഹദീസിൽ തേനിനെ പ്രത്യേകം എണ്ണി പറയുന്നുണ്ട്.
രോഗശമനത്തിനു വേണ്ടി നബിﷺ നിർദ്ദേശിച്ച മരുന്നുകളിൽ ഒന്നു കൂടിയാണ് തേൻ. തേൻ രോഗങ്ങൾക്കു മുഴുവനും ശമനമാണെന്നും ഖുർആൻ ഹൃദയത്തിന്റെ ശമനിയാണെന്നും ആശയം നൽകുന്ന നിവേദനം ഇബ്നു മസ്ഊദ്(റ) ഉദ്ധരിച്ചിട്ടുണ്ട്.
ഒരിക്കൽ ഒരാൾ തിരുനബിﷺയുടെ അടുക്കൽ വന്ന് രണ്ട് സഹോദരനു അതിസാരം ഉണ്ട് എന്ന് സങ്കടം പറഞ്ഞു. അയാളോട് തേൻ കുടിപ്പിക്കാൻ തിരുനബിﷺ നിർദേശം നൽകി. തേൻ കുടിപ്പിച്ച ശേഷം അദ്ദേഹം വന്നു പറഞ്ഞു. അതിസാരം വർദ്ധിക്കുന്നതല്ലാതെ കുറയുന്നില്ലല്ലോ? ഇനിയും തേൻ കുടിപ്പിക്കാൻ തന്നെ നിർദ്ദേശിച്ചു. ആവലാതിക്കാരൻ നാലാമതും വന്നു പറഞ്ഞു. രോഗത്തിന് ശമനമില്ലെന്ന്. അപ്പോൾ നബിﷺയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. അല്ലാഹുവിന്റെ പ്രസ്താവന സത്യസന്ധമാണ്. നിങ്ങളുടെ സഹോദരന്റെ വയർ അതിനെ ഉൾക്കൊണ്ടിട്ടില്ല. അഥവാ കളവാക്കുന്നു. ഇതുകേട്ട ആഗതൻ വീണ്ടും സഹോദരനെ തേൻ കുടിപ്പിച്ചു. വൈകാതെ രോഗം ശമിക്കുകയും ചെയ്തു.
തേൻ രോഗശമനം ആണെന്ന ഖുർആനിന്റെ പ്രഖ്യാപനത്തെ അത്രമേൽ തിരുനബിﷺ ഉൾക്കൊള്ളുകയും പങ്കുവെക്കുകയും ചെയ്തു. അബ്ദുല്ലാഹിബ്നു ഉമറി(റ)ന് എന്തെങ്കിലും മുറിവോ വല്ലതും ഉണ്ടായാൽ തേൻ പുരട്ടുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്. തേൻ കൊണ്ടുള്ള ഈ ചികിത്സ കാണുമ്പോൾ അദ്ദേഹത്തോട് ചോദിച്ചു. എന്തുകൊണ്ടാണ് നിങ്ങൾ തേൻ മരുന്നായി ഉപയോഗിക്കുന്നത്? ഉടനെ അദ്ദേഹം പറഞ്ഞു. അല്ലാഹു ഖുർആനിൽ പറഞ്ഞത് നിങ്ങൾക്ക് അറിയില്ലേ? തേനിൽ ജനങ്ങൾക്ക് ശമനമുണ്ടെന്നാണല്ലോ ഖുർആൻ പ്രസ്താവിച്ചിട്ടുള്ളത്.
ഖുർആനിന്റെ പ്രസ്താവനയെ ഉൾക്കൊള്ളുകയും മുറുകെ പിടിക്കുകയും ചെയ്തപ്പോൾ കൃത്യമായി അതിന്റെ ഫലം നേരിട്ട് ആസ്വദിക്കാൻ മഹാന്മാർക്ക് കഴിഞ്ഞു. ഇത്തരം അനുഭവങ്ങൾ ഇക്കാലത്തും തുടർന്നുകൊണ്ടിരിക്കുന്നു. പലപ്പോഴും ഇത്തരം ആത്മീയ സമീപനങ്ങൾ നമുക്ക് ഫലിക്കാതെ പോകുന്നത് ഇത്തരം പ്രവാചക നിർദേശങ്ങളെ നാം വേണ്ടതുപോലെ അറിഞ്ഞു സമീപിക്കാത്തതുകൊണ്ടാണ്. ഖുർആനിലെ ഓരോ പരാമർശങ്ങൾക്കും ഓരോ നിർദ്ദേശങ്ങൾക്കും ഏറ്റവും കൂടുതൽ ആത്മാർപ്പണം നടത്തിയത് തിരുനബിﷺ തന്നെയാണല്ലോ!
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
