
തിരുനബിﷺയുടെ ഉറക്കവും രാത്രിയും സംബന്ധിച്ച ചില വർത്തമാനങ്ങളാണ് ഇനി നാം പങ്കുവെക്കുന്നത്. രാത്രിയിൽ ഉറങ്ങുന്നതിനു മുമ്പ് ഭാര്യമാരോട് അല്പസമയം സംസാരിച്ചിരിക്കുക തിരുനബിﷺയുടെ പതിവായിരുന്നു. ഒരിക്കൽ ഒരു നീണ്ട കഥ പറഞ്ഞതിനു ശേഷം കേട്ടിരുന്ന ഭാര്യമാർ പറഞ്ഞു. ഇത് ഒരു കുറാഫയുടെ കഥ പോലെയുണ്ടല്ലോ? അഥവാ കുറച്ചുകാലം ജിന്നുകളുടെ ലോകത്ത് പിടിക്കപ്പെട്ട ഒരു മനുഷ്യൻ തിരിച്ചുവന്ന് മനുഷ്യരോട് പറഞ്ഞ കഥ പോലെ. ആഇശ(റ)യുടെ നിവേദനത്തിലും ഈ പരാമർശം കാണാം.
ചില രാത്രികളിലൊക്കെ തിരുനബിﷺയുടെ രാത്രി വർത്തമാനം അബൂബക്കറി(റ)ന് ഒപ്പമായിരുന്നു. മുസ്ലിംകളുടെ പൊതുകാര്യങ്ങളെക്കുറിച്ച് ഒരു രാത്രിയിൽ അബൂബക്കറി(റ)നോട് സംസാരിച്ചിരുന്ന രംഗം ഉമർ(റ) നിവേദനം ചെയ്യുന്നുണ്ട്.
തിരുനബിﷺ രാത്രിയിൽ വിളക്കണച്ചിരുന്ന് സംസാരിക്കുമായിരുന്നില്ല. അവിടുന്ന് ഇരുട്ടിൽ ഇരിക്കുന്നത് പ്രോത്സാഹിപ്പിക്കുകയോ അങ്ങനെ ജീവിതത്തിൽ ഉണ്ടാവുകയോ ചെയ്യാറില്ല.
തിരുനബിﷺ രാത്രി ഉറങ്ങാൻ വരുമ്പോൾ ഭാര്യമാരോടുള്ള സംസർഗത്തിനുശേഷമാണ് ഉറങ്ങാൻ ഒരുങ്ങുന്നതെങ്കിൽ കുളിച്ചതിനുശേഷമോ അല്ലെങ്കിൽ സ്വകാര്യഭാഗങ്ങൾ കഴുകി അംഗസ്നാനം ചെയ്തതിനുശേഷമോ മാത്രമേ ഉറങ്ങിയിരുന്നുള്ളൂ. ജീവിതത്തിന്റെ എല്ലാ അടരുകളിലും സവിശേഷമായ ഒരു വൃത്തിയും പൂർണതയും തിരുനബിﷺയുടെ ഒരു ശൈലിയായിരുന്നു. മാന്യമായ ചിട്ടകൾക്കും വൃത്തിയായി കാര്യങ്ങൾ ചെയ്യുന്നതിലും ശുചിത്വം പാലിക്കുന്നതിലും പ്രത്യേകമായി അവിടുന്ന് ശ്രദ്ധ പുലർത്തിയിരുന്നു.
സാധാരണഗതിയിൽ ഉറങ്ങാൻ ഒരുങ്ങുമ്പോഴെല്ലാം വുളൂഅ് അഥവാ അംഗസ്നാനം നിർവഹിച്ചിട്ട് മാത്രമേ അവിടുന്ന് ഉറങ്ങിയിരുന്നുള്ളൂ. നിസ്കാരം നിർവഹിക്കാൻ വേണ്ടി എപ്രകാരമാണോ വുളൂഅ് ചെയ്തിരുന്നത് അപ്രകാരം തന്നെയായിരുന്നു ഉറങ്ങാൻ ഒരുങ്ങുമ്പോഴും ചെയ്തത്. രാത്രിയിൽ ഇടയ്ക്ക് എഴുന്നേറ്റാൽ ചിലപ്പോൾ മുൻകൈകളും മുഖവും കഴുകിയിട്ട് വീണ്ടും കിടക്കും. സാധാരണഗതിയിൽ ഉറങ്ങുന്നതിനു മുമ്പ് രണ്ട് കണ്ണുകളിലും സുറുമ എഴുതുമായിരുന്നു. ഓരോന്നിലും മൂന്നു പ്രാവശ്യം എന്നതായിരുന്നു അവിടുത്തെ രീതി. അഞ്ജനത്തിന്റെ കല്ല് പൊടിച്ചതായിരുന്നു സുറുമയായി ഉപയോഗിച്ചിരുന്നത്. വേനൽകാലങ്ങളിൽ വ്യാഴാഴ്ച രാത്രികളിൽ വീട്ടിൽ നിന്ന് പുറപ്പെടുകയും തണുപ്പുകാലങ്ങളിൽ വെള്ളിയാഴ്ച രാത്രി വീട്ടിൽ എത്തുകയും ചെയ്യുമായിരുന്നു. ചിലപ്പോൾ പള്ളിയിൽ ഒരു കാൽ ഉയർത്തി കിടന്ന് ഉറങ്ങുന്ന രംഗവും തിരുനബിﷺക്കുണ്ടായിരുന്നു.
കമിഴ്ന്നു കിടന്നുറങ്ങുന്നത് തിരുനബിﷺ ഇഷ്ടപ്പെട്ടിരുന്നില്ല. മറ്റുള്ളവരെ അത് നിരുത്സാഹപ്പെടുത്തുകയും ചെയ്തു. അബൂ ഉമാമ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു. ഒരിക്കൽ ഒരാൾ കമിഴ്ന്നു കിടന്നുറങ്ങുന്നത് തിരുനബിﷺയുടെ ശ്രദ്ധയിൽപ്പെട്ടു. അപ്പോൾ അദ്ദേഹത്തിന്റെ കാലിൽ തട്ടി ഉണർത്തുകയും എന്തേ ഇത്? നരകവാസികളുടെ ശൈലിയിലാണോ ഉറങ്ങുന്നത് എന്ന് ചോദിക്കുകയും ചെയ്തു.
കമിഴ്ന്നടിച്ച് വീഴുക എന്നത് ഒരു അപകടകരമായ പ്രയോഗമാണല്ലോ? നരകാവകാശികൾ നരകത്തിൽ മുഖം പൊത്തി വീഴുകയാണ് ചെയ്യുക എന്ന പ്രയോഗത്തെ മുന്നിൽ വച്ച് നോക്കുമ്പോഴും തിരുനബിﷺയുടെ ഈ ചോദ്യത്തിന്റെ ശൈലി ബോധ്യമാകും. ഇശാഇന് മുമ്പ് നബിﷺ ഉറങ്ങാറുണ്ടായിരുന്നില്ല. രാത്രിയിൽ സംസാരിച്ചു നേരം വൈകുകയുമുണ്ടായിരുന്നില്ല. നന്നായി ക്ഷീണിച്ചുറങ്ങിയാൽ അവിടുന്ന് ശ്വാസം വലിച്ചു വിടുന്ന ശബ്ദം കേൾക്കാമായിരുന്നു. രാവ് വൈകിയാൽ അവിടുന്ന് ഉറങ്ങുന്നതായിരുന്നു സാധാരണ പതിവ് എന്ന് ബീവി ആഇശ(റ) റിപ്പോർട്ട് ചെയ്യുന്നുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
