
തിരുനബിﷺയുടെ പാനീയങ്ങളെ കുറിച്ച് പരാമർശിക്കുമ്പോൾ അനസ്(റ) നിവേദനം ചെയ്ത ഒരു ഹദീസ് ഇങ്ങനെ വായിക്കാം. തിരുനബിﷺ പറയുന്നു. ഞാൻ ഉപരിലോകത്തെ സിദ്റത്തുൽ മുൻതഹയിലേക്ക് ഉയർത്തപ്പെട്ടു. അപ്പോഴതാ അവിടെ നാല് അരുവികൾ. രണ്ട് പ്രത്യക്ഷമായ അരുവികളും രണ്ട് പരോക്ഷമായ അരുവികളും. നൈലും യൂഫ്രട്ടീസുമാണ് പ്രത്യക്ഷ ലോകത്തേത്. പരോക്ഷമായത് സ്വർഗ്ഗലോകത്തെ രണ്ട് പുഴകളാണ്. പിന്നീട് 3 കോപ്പകളിൽ പാനീയം കൊണ്ടുവന്നു. ഒരു കോപ്പയിൽ പാലും മറ്റൊരു കോപ്പയിൽ തേനും വേറൊരു കോപ്പയിൽ കള്ളുമായിരുന്നു ഉണ്ടായിരുന്നത്. പാലുള്ള കോപ്പയാണ് ഞാൻ തിരഞ്ഞെടുത്തത്. തങ്ങൾ നൈർമല്യത്തെ തെരഞ്ഞെടുത്തു എന്ന് അപ്പോൾ ഒരു അശരീരി കേട്ടു.
പ്രവാചകപ്രഭുﷺ ഉപരിലോകത്തേക്ക് ആനയിക്കപ്പെട്ട രംഗം. അതിലെ ഒരു സന്ദർഭമാണ് അവിടുന്ന് വിശദീകരിച്ചത്. തിരുനബിﷺക്ക് നൽകിയ വിവിധ പാനീയങ്ങളിൽ പാലിനെയാണ് അവിടുന്ന് തെരഞ്ഞെടുത്തത്. അത് നൈർമല്യത്തിന്റെ സൂചനയാണെന്നും അതായിരുന്നു എടുക്കേണ്ടത് എന്നുമുള്ള പ്രസ്താവനയായിരുന്നു പ്രവാചകൻﷺ അപ്പോൾ കേട്ടത്. തിരുനബിﷺക്ക് പാൽ വളരെ താല്പര്യമായിരുന്നു എന്ന ചർച്ചയുടെ തുടർച്ചയിലാണ് ഇമാം സ്വാലിഹി(റ) ഈ നിവേദനം കൊണ്ടുവന്നത്.
വെള്ളം ചേർത്ത് മയപ്പെടുത്തിയ പാലും തിരുനബിﷺ പാനം ചെയ്തിരുന്നു. അനസി(റ)ന്റെ വീട്ടിൽ തിരുനബിﷺ വന്നപ്പോൾ അപ്രകാരം ഒരു പാനീയം നൽകിയ വിവരം കഴിഞ്ഞ അധ്യായത്തിൽ നാം വായിച്ചു പോയിട്ടുണ്ട്.
കാരക്കയോ മുന്തിരിയോ വെള്ളത്തിൽ ഇട്ടു വെക്കുകയും പ്രഭാതത്തിൽ കരുതിവച്ചത് പ്രദോഷത്തിലും രാത്രിയിൽ കരുതിവച്ചത് രാവിലെയും എന്ന രീതിയിൽ തിരുനബിﷺക്ക് കുടിക്കാൻ നൽകുമായിരുന്നു. അവിടുന്ന് പാനം ചെയ്ത ശേഷം മിച്ചമുള്ളത് ഒപ്പമുള്ളവർ കുടിക്കും. രാവിലെയും വൈകുന്നേരവും പാത്രം നന്നായി കഴുകിവെക്കും. എന്നീ ആശയങ്ങൾ ഉൾക്കൊള്ളുന്ന പല ഹദീസുകളും ഇമാം ബുഖാരി(റ) അടക്കം ഉദ്ധരിച്ചിട്ടുണ്ട്. അബൂ ഉസൈദ് അസാഇദി(റ) അദ്ദേഹത്തിന്റെ വിവാഹസമയത്ത് തിരുനബിﷺയെ സൽക്കരിക്കുകയും അദ്ദേഹത്തിന്റെ പത്നി തിരുനബിﷺക്ക് വേണ്ടി പാനീയം തയ്യാറാക്കിയതും ഹദീസിൽ കാണാം.
വെള്ളത്തിൽ ഇട്ടുവച്ച മുന്തിരിയും അതടങ്ങുന്ന പാനീയവും തിരുനബിﷺ ഉപയോഗിച്ചു. അതിനെക്കുറിച്ച് ഒരിക്കൽ ആഇശ(റ)യോട് ചോദിച്ചു. വിശദവിവരങ്ങൾ അറിയാൻ എത്യോപ്യക്കാരിയായ പരിചാരികയെ വിളിച്ചു. അവർ വിശദമായി ഇങ്ങനെ പറഞ്ഞു. തിരുനബിﷺക്ക് വേണ്ടി ഒരു പാത്രം വെള്ളത്തിൽ മുന്തിരി ഇട്ട് വയ്ക്കും. രാത്രിയിൽ അത് മൂടിവച്ച ശേഷം രാവിലെ എടുത്ത് കുടിക്കാൻ നൽകും. ചിലപ്പോൾ ഈ പാനീയം മൂന്നുദിവസം വരെ കരുതിവെച്ച് കുടിക്കാൻ ഉപയോഗിച്ചതായി ഇബ്നു അബ്ബാസ്(റ) ഉദ്ധരിക്കുന്നു. ഇങ്ങനെ മൂടിവെക്കുന്ന പാനീയത്തിൽ എന്തെങ്കിലും രുചിഭേദമുണ്ടായാൽ അത് ഉപയോഗിക്കാതെ ഒഴിവാക്കാറുണ്ടായിരുന്നു എന്നും അതേ നിവേദനത്തിൽ തന്നെ തുടർന്ന് വായിക്കാം.
ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിനെ ഇസ്ലാം ശക്തിയായി വിരോധിക്കുന്നു. ബുദ്ധിക്ക് ഭ്രമം സംഭവിക്കുന്ന ഏതിനെയും വിശദമായി എതിർത്തിട്ടുണ്ട് ഇസ്ലാമിക പ്രമാണങ്ങൾ. മുന്തിരിയോ കാരക്കയോ വെള്ളത്തിലിട്ടുവച്ച് അതിനെന്തെങ്കിലും രുചിഭേദമുണ്ടായാൽ അതും ചിലപ്പോൾ ലഹരിയിലേക്ക് നയിച്ചേക്കാം. അതുകൊണ്ടുതന്നെ ഇത്തരം പാനീയങ്ങളിൽ എന്തെങ്കിലും രുചിഭേദമുണ്ടായാൽ തിരുനബിﷺ അത് ഉപയോഗിക്കുകയോ ഉപയോഗിക്കാൻ അനുവദിക്കുകയോ ചെയ്തിരുന്നില്ല.
വിഗ്രഹാരാധനയെ വിരോധിച്ച ഉടനെ മദ്യപാനത്തെ വിരോധിച്ച നിരവധി ഹദീസുകൾ നമുക്ക് കാണാൻ കഴിയും. എല്ലാ തിന്മകളുടെയും മാതാവായിട്ടാണ് ലഹരി ഉപയോഗത്തെ മതം പരിചയപ്പെടുത്തുന്നത്. ലഹരി പദാർത്ഥങ്ങൾ നിത്യേന ഉപയോഗിച്ചിരുന്ന ഒരു ജനതയെ അതിന്റെ ഭവിഷ്യത്തുകൾ ബോധ്യപ്പെടുത്തി പൂർണ്ണമായും മധ്യമുക്തരാക്കി മാറ്റിയ ഒരു മഹാ വിപ്ലവത്തിന്റെ പര്യായം കൂടിയാണ് ഇസ്ലാം. അതിന്റെ നേതൃത്വമാണ് മുഹമ്മദ് നബിﷺ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
