
ഇമാം അഹ്മദും(റ) ത്വബ്റാനി(റ)യും ഉദ്ധരിക്കുന്നു. അബ്ദുല്ലാഹിബിന് അബൂഹബീബ(റ)യോട് ചോദിച്ചുവത്രേ. തിരുനബിﷺയിൽ നിന്നുള്ള ഒരു അനുഭവം പറയാമോ? അദ്ദേഹം പറഞ്ഞു. എന്റെ കുട്ടിക്കാലത്ത് തിരുനബിﷺ കുബാ പള്ളിയിലേക്ക് വന്നു. ഞാൻ നബിﷺയുടെ വലതുഭാഗത്ത് പോയി ഇരുന്നു. അബൂബക്കർ(റ) ഇടതുഭാഗത്തുണ്ടായിരുന്നു. തിരുനബിﷺ വെള്ളം ആവശ്യപ്പെട്ടു. അവിടുത്തേക്ക് ലഭിച്ച പാനീയം കുടിച്ചതിനുശേഷം ബാക്കി പാനീയത്തോട് കൂടി എനിക്ക് തന്നു. ഞാൻ വലതുഭാഗത്താണല്ലോ ഉള്ളത്. ഞാനത് കുടിച്ചു. ശേഷം, നബിﷺ എഴുന്നേറ്റ് നിസ്കാരം നിർവഹിച്ചു. ചെരുപ്പ് ധരിച്ചു കൊണ്ട് തന്നെയായിരുന്നു അപ്പോൾ നിസ്കരിച്ചത്.
അവശ്യ സന്ദർഭങ്ങളിൽ ചെരുപ്പ് ധരിച്ചു കൊണ്ട് നിസ്കരിക്കാം. ചെരുപ്പിൽ മാലിന്യം ഇല്ലാതിരിക്കൽ നിർബന്ധമാണെന്ന് മാത്രം. പ്രവാചകൻﷺ ചെരുപ്പ് ധരിച്ചു കൊണ്ട് നിസ്കരിച്ചു എന്ന നിവേദനങ്ങൾ മുഴുവൻ അനുവദനീയമാണ് എന്ന അർത്ഥത്തിൽ മാത്രമാണ്. ആയാൽ നന്നാണെന്ന പ്രോത്സാഹനമോ അങ്ങനെയായിരിക്കണം എന്ന കൽപ്പനയോ അതിൽ ഇല്ല.
സദസ്സിൽ വച്ച് പാനീയം നൽകുമ്പോൾ ആദ്യം വലിയവർക്ക് നൽകുക എന്ന ശീലവും പ്രവാചകൻﷺ പഠിപ്പിച്ചിട്ടുണ്ട്. പാനീയം വിതരണം ചെയ്യുമ്പോൾ മുതിർന്നവർക്ക് ആദ്യം നൽകുക എന്ന തിരുനബിﷺയുടെ പ്രസ്താവന ഇബ്നു അബ്ബാസ്(റ) ഉദ്ധരിച്ചിട്ടുണ്ട്.
അബൂ ഉമാമ(റ)യിൽ നിന്നുള്ള നിവേദനം. തിരുനബിﷺ അബൂബക്കർ(റ), ഉമർ(റ), അബൂഉബൈദ(റ) എന്നീ അനുചരന്മാരോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോൾ ഒരു പാത്രത്തിൽ വെള്ളം കൊണ്ട് വന്നു. അപ്പോൾ തിരുനബിﷺ അത് അബൂ ഉബൈദ(റ)ക്ക് നീട്ടി. തങ്ങളാണല്ലോ ഏറ്റവും ആദ്യം സ്വീകരിക്കാൻ കടമപ്പെട്ടത് എന്ന് അബൂ ഉബൈദ(റ) പ്രതികരിച്ചു. നിങ്ങൾ തന്നെ വാങ്ങിക്കോളൂ എന്ന് തിരുനബിﷺ പറഞ്ഞപ്പോൾ അബൂ ഉബൈദ(റ) അത് വാങ്ങി. കുടിക്കുന്നതിന് മുമ്പ് വീണ്ടും അദ്ദേഹം നബിﷺയോട് പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ അവിടുന്ന് തന്നെ ഇത് സ്വീകരിക്കൂ. തിരുനബിﷺ ഉടനെ ഇങ്ങനെ പ്രതികരിച്ചു. മുതിർന്നവരുടെ പക്കലാണ് അനുഗ്രഹമുള്ളത്. നിങ്ങൾ തന്നെ കുടിച്ചോളൂ. ഇളയവരോട് വാത്സല്യവും മുതിർന്നവരോട് ബഹുമാനവും ഇല്ലാത്തവർ നമ്മിൽ പെട്ടവരല്ല.
പ്രായത്തിൽ മുതിർന്നവരെ എങ്ങനെ പരിഗണിക്കണമെന്നും ഇളയവരെ വാത്സല്യത്തോടെ എങ്ങനെ പരിഗണിക്കണമെന്നും നിരന്തരമായി തിരുനബിﷺ പഠിപ്പിക്കാറുണ്ടായിരുന്നു. ആദരവും വാത്സല്യവും ഒത്തുചേർന്ന ഒരാളിൽ തലമുറകളുടെ വ്യത്യാസങ്ങൾ ശൂന്യത സൃഷ്ടിക്കുകയില്ല.
സഹൽ ബിൻ സഅദ്(റ) ഉദ്ധരിക്കുന്നു. ഒരിക്കൽ തിരുനബിﷺ പള്ളിയോട് ചേർന്ന തിണ്ണയുടെ മുകളിൽ ഇരുന്നു. എന്നിട്ട് എന്നോട് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. ഈത്തപ്പഴവും വെണ്ണയുമൊക്കെ ചേർന്ന ഒരു പാനീയം ഞാൻ തിരുനബിﷺക്ക് വേണ്ടി നൽകി. അവിടുന്ന് അത് പാനം ചെയ്തു. ശേഷം പറഞ്ഞു. ഒന്നാമത്തെ വെള്ളമായിരുന്നു രണ്ടാമത്തേതിനെക്കാൾ നല്ലത്. ഞാൻ പറഞ്ഞു. രണ്ടും ഒരേ പാത്രത്തിൽ നിന്ന് തന്നെയാണല്ലോ കൊണ്ടുവന്നത്. ശേഷം നബിﷺ അബൂബക്കറി(റ)നെ വിളിച്ചു. എന്നിട്ട് പാനീയം കുടിച്ചു. ഉമർ(റ) അപ്പോൾ വലതുഭാഗത്തുണ്ടായിരുന്നു.
പാനീയത്തിന്റെ വിശേഷങ്ങൾക്കൊപ്പം പാനം ചെയ്യുന്നതിന്റെയും പരിഗണിക്കുന്നതിന്റെയും പാഠങ്ങൾ കൂടിയാണ് പ്രവാചകൻﷺ പകർന്നു നൽകിയത്. ഇങ്ങനെയൊക്കെ മതവും പ്രവാചകനും സംസാരിക്കേണ്ടതുണ്ടോ വായിക്കേണ്ടതുണ്ടോ എന്നൊക്കെ ചിലർ ആലോചിച്ചേക്കാം. ജീവിതത്തിന്റെ സമൂലമായ വ്യാഖ്യാനമാണ് ഇസ്ലാമെന്നും ജീവിതത്തിന്റെ എല്ലാ മേഖലയിലുമുള്ള ശരിയായ ചിട്ടയും സമീപനവുമാണ് ഇരുലോക വിജയത്തിന്റെ അടിസ്ഥാനമെന്നും ഹൃദയം ചേർത്തുവെച്ച് മനസ്സിലാക്കിയാൽ ഇതിന്റെ ഒക്കെ പ്രാധാന്യം നമുക്ക് ബോധ്യപ്പെടും.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
