
ആളുകളുമായി ഒരുമിച്ചിരുന്ന് പാനം ചെയ്യുമ്പോൾ പ്രത്യേകമായ ചില മര്യാദകൾ കൂടി തിരുനബിﷺ ശീലിപ്പിച്ചിരുന്നു. അബ്ദുല്ലാഹിബിന് ബുസ്ര്‍(റ) പറയുന്നു. ഒരിക്കൽ തിരുനബിﷺ ഞങ്ങളുടെ അടുക്കലേക്ക് വന്നു. അപ്പോൾ സവിശേഷമായ ഒരു പാനീയം തിരുനബിﷺക്ക് ഞങ്ങൾ നൽകി. തിരുനബിﷺ അതിൽ നിന്ന് കുടിക്കുകയും വലതുഭാഗത്തുള്ളവർക്ക് മിച്ചം നൽകുകയും ചെയ്തു. പാനപാത്രം കൈമാറി കൈമാറി അതിലുള്ളത് തീരുന്നതുവരെ എത്തി. ശേഷം അതുകൊണ്ട് പോയി വീണ്ടും പാനീയം നിറച്ചുവന്നു. നേരത്തെ എവിടെ വരെയാണോ നൽകിയിരുന്നത് അവിടുന്ന് തുടർന്ന് നൽകാൻ തിരുനബിﷺ നിർദ്ദേശിച്ചു.
ചെറുതെന്ന് നാം വിചാരിക്കുന്ന ഇത്തരം കാര്യങ്ങൾ പോലും ചിട്ടയോടെയും കൃത്യതയോടെയും ആവണമെന്ന് തിരുനബിﷺക്ക് കണിശത ഉണ്ടായിരുന്നു. ഓരോ ചെറിയ കാര്യത്തിനും തിരുനബിﷺ പ്രത്യേകമായ നിർദ്ദേശങ്ങളും രീതികളും ശീലിപ്പിച്ചു. തിരുനബിﷺ അനുയായികളോടും സമൂഹത്തോടും എത്രമേൽ ഇഴുകിച്ചേർന്നു എന്നും അവിടുന്ന് മുന്നോട്ടുവെച്ച സംവിധാനം എത്രമേൽ സമ്പൂർണ്ണമാണെന്നും അറിയിക്കുന്ന ജീവിതരീതി കൂടിയാണിത്.
ആളുകൾക്ക് പാനീയം വിതരണം ചെയ്യുന്നത് തിരുനബിﷺയാണെങ്കിൽ അവിടുന്ന് അവസാനമേ കുടിച്ചിരുന്നുള്ളൂ. വിതരണം ചെയ്യുന്ന ആൾ അവസാനം കുടിക്കട്ടെ എന്ന ഒരു നിർദ്ദേശം പഠിപ്പിക്കാൻ വേണ്ടി കൂടിയായിരുന്നു ഇത്. അബ്ദുല്ലാഹിബിന് അബീ ഔഫ്(റ) നിവേദനം ചെയ്യുന്നു. ഒരു യാത്രയിൽ നബിﷺക്കും അനുയായികൾക്കും നല്ല ദാഹം അനുഭവപ്പെട്ടു. എല്ലാവരും ഒരു സ്ഥലത്ത് ഇറങ്ങി. ഒരു പാത്രം പാനീയം കൊണ്ടുവന്നു. പ്രവാചകൻﷺ അനുയായികളോട് കുടിക്കാൻ ആവശ്യപ്പെട്ടു. ആദ്യം അവിടുന്ന് കുടിക്കാൻ എല്ലാവരും നബിﷺയോട് പറഞ്ഞുകൊണ്ടിരുന്നു. അപ്പോൾ നബിﷺ ഇങ്ങനെ പ്രതികരിച്ചു. കുടിപ്പിക്കുന്നയാൾ അവസാനമേ കുടിക്കുകയുള്ളൂ. അങ്ങനെ എല്ലാവരും കുടിച്ചു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, അവിടുന്ന് പാനം ചെയ്താലും എന്ന് എല്ലാവരും പറഞ്ഞ മറ്റൊരു സന്ദർഭത്തിലും തിരുനബിﷺ എല്ലാവർക്കും ഒടുവിലാണ് കുടിച്ചത് എന്ന് സേവകനായ അനസ്(റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിലും കാണാം.
അബൂബക്കർ(റ) പറയുന്ന മനോഹരമായ ഒരു സന്ദർഭം അബൂ യഅ്ലാ(റ) ഉദ്ധരിക്കുന്നു. ഒരിക്കൽ തിരുനബിﷺ ഒരു പ്രദേശത്ത് എത്തിയപ്പോൾ കറക്കാൻ പാകമായ ആടിനെയും കൊടുത്ത് ഒരു സ്ത്രീ മകനെ നബിﷺയുടെ അടുത്തേക്ക് വിട്ടു. ആദ്യം കറന്ന പാൽ മകന്റെ കയ്യിൽ ഉമ്മയ്ക്ക് കൊടുത്തയച്ചു. അവർ മതിയാവോളം കുടിച്ചതിനുശേഷം വീണ്ടും മറ്റൊരു ആടിനെ കൊണ്ടുവന്നു. അപ്പോൾ കറന്ന പാൽ അബൂബക്കറി(റ)ന് പാനം ചെയ്യിച്ചു. അടുത്ത ആടിനെ കൊണ്ടുവന്നപ്പോൾ അവസാനമായി തിരുനബിﷺ അതിൽ നിന്ന് കറന്ന് പാനം ചെയ്തു.
എത്ര വലിയ നേതാവായപ്പോഴും ഒപ്പമുള്ളവരുടെ ദാഹം ശമിക്കുന്നത് വരെ കാത്തുനിൽക്കാനും അവസാനം സ്വന്തം കാര്യം പരിഗണിക്കാനുമുള്ള വിശാലമായ ഒരു വിചാരം ഈ അനുഭവങ്ങളിലൂടെയൊക്കെ തിരുനബിﷺ പങ്കുവെക്കുകയായിരുന്നു. നബി ജീവിതത്തിന്റെ ഓരോ ഇടവേളകളും വായിക്കുമ്പോൾ കാലങ്ങളുടെ എന്നത്തേക്കും പകർത്തിവെക്കാൻ പറ്റുന്ന ശോഭനമായ ഒരുപാട് ചിത്രങ്ങളാണ് തെളിഞ്ഞു വരിക. ശുഭകരമായ ഒരുപാട് അനുഭവങ്ങളാണ് പകർന്നു തരിക.
കേവലം വെള്ളം കുടിക്കുമ്പോൾ അവസാനം വരെ കാത്തു നിന്നു എന്നതിനപ്പുറം ഒപ്പമുള്ളവരെ പരിഗണിക്കാനുള്ള വിശാലമായ ഒരു മനസ്സാണ് ഈ സംഭവങ്ങൾ നമുക്ക് നൽകുന്ന ഏറ്റവും വലിയ പാഠം. സ്വന്തം കാര്യം മാത്രം എന്ന് ചിന്തിക്കുന്ന സങ്കുചിത വിചാരങ്ങളുടെ കാലത്ത് ഇത്തരം സന്ദേശങ്ങൾക്കും വായനകൾക്കും എത്രമേൽ പ്രാധാന്യമുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
