
തിരുനബിﷺയുടെ പാനവും പാനീയവും പറയുമ്പോൾ സവിശേഷമായ ചില അധ്യായങ്ങൾ കൂടി ചേർത്തുവെക്കാനുണ്ട്. തിരുനബിﷺ വെള്ളം കുടിക്കുകയും അനുഗ്രഹത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ചിലപ്പോൾ വെള്ളം നന്നാകാനും നിലനിൽക്കാനും അവിടുത്തെ ഉമിനീർ ചേർക്കുകയും ചെയ്ത കിണറുകളെ കുറിച്ച് മാത്രം ഒരു പഠനമുണ്ട്. ആ വിധത്തിൽ 21 കിണറുകളുണ്ട് എന്നാണ് ഇമാം യുസുഫ് സ്വാലിഹി(റ) അദ്ദേഹത്തിന്റെ സുബുലുഹുദാ വർറഷാദിൽ പറഞ്ഞത്. അതിൽനിന്ന് ഇരുപതെണ്ണത്തെ പ്രാഥമികമായി അദ്ദേഹം പരിചയപ്പെടുത്തുന്നുണ്ട്. ഒന്ന്, അരീസ് കിണർ അഥവാ ബിഅർ അരീസ്:. ഖുബ പള്ളിയുടെ പരിസരത്താണ് ഈ കിണർ സ്ഥിതിചെയ്യുന്നത്. അരീസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു ജൂതന്റെ പേരിനോട് ചേർത്താണ് അദ്ദേഹത്തിന്റെ കിണർ എന്ന അർത്ഥത്തിലുള്ള ബിഅർ അരീസ് എന്ന പ്രയോഗം വന്നത്. മുമ്പ് ഡമാസ്ക് സുകാർ കർഷകൻ എന്ന അർത്ഥത്തിലാണ് ‘അരീസ് ‘
പ്രയോഗിച്ചിരുന്നത്.
യഹ്‌യ ബിൻ സഈദി(റ)ൽ നിന്ന് ഇമാം ബൈഹഖി(റ) ഉദ്ധരിക്കുന്നു. ഒരിക്കൽ അനസ് ബിൻ മാലിക്ക്(റ) ഖുബാ പള്ളിയുടെ അടുക്കൽ വന്നപ്പോൾ സമീപത്തുണ്ടായിരുന്ന കിണറിനെ കുറിച്ച് അദ്ദേഹത്തോട് അന്വേഷിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു. അതെ, അത് ഇവിടെ തന്നെയാണ്. ഒരു കഴുതയെ നനച്ചാൽ തന്നെ വറ്റിപ്പോകുന്ന ഒരു കിണറായിരുന്നു അത്. ഒരിക്കൽ തിരുനബിﷺ ഇവിടെ എത്തി. ഒരു പാത്രത്തിൽ പ്രസ്തുത കിണറ്റിൽ നിന്ന് വെള്ളം കൊണ്ടുവരാൻ പറഞ്ഞു. തിരുനബിﷺ അതിൽ അംഗസ്നാനം നടത്തുകയോ കൊപ്ലിക്കുകയോ ചെയ്തു. ശേഷം, ആ പാത്രത്തിലെ വെള്ളം കിണറ്റിലേക്ക് തന്നെ തിരിച്ചൊഴിക്കാൻ പറഞ്ഞു. പിന്നൊരിക്കലും ആ കിണർ വറ്റിയിട്ടുണ്ടായിരുന്നില്ല.
രണ്ട്, അഅവാഫ് കിണർ. മുഹമ്മദ് ബിൻ അബ്ദുല്ലാഹിബിന് ഉമറുബിന് ഉസ്മാൻ(റ) എന്നവർ പറയുന്നു. തിരുനബിﷺ അഅവാഫ് കിണറിന്റെ വക്കിൽ നിന്ന് അംഗസ്നാനം നിർവഹിച്ചു. പ്രസ്തുത വെള്ളം അവിടെ പകർന്നു. അതിന്റെ അനുഗ്രഹത്തിൽ നിന്ന് അവിടെ ചെടികൾ മുളച്ചു. ഇപ്പോഴും ആ ചെടികൾ അവിടെയുണ്ട്.
ഇമാം സുംഹൂദി(റ) വിശദീകരിക്കുന്നു. പടിഞ്ഞാറുഭാഗത്ത് മർബൂഇന്റെയും കിഴക്കുഭാഗത്ത് ഖുഫാഫയുടെയും ഇടയിലുള്ള വിശാലമായ ഒരു താഴ്‌വരയാണ് ഇന്ന് ഈ പ്രദേശം. അവിടെ ഒന്നിലേറെ കിണറുകളുണ്ട്. തിരുനബിﷺ അന്ന് ഉപയോഗിച്ച കിണർ ഏതാണെന്ന് വ്യക്തമല്ല.
മൂന്ന്, ഉനാ കിണർ. തിരുനബിﷺ ബനൂ ഖുറൈളാ ഉപരോധിച്ചപ്പോൾ തമ്പടിച്ചത് ഈ കിണറിന്റെ അടുത്തായിരുന്നു എന്ന് അബ്ദുൽഹമീദ് ബിൻ ജഅ്ഫർ(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ അവിടെയുള്ള പള്ളിയിൽ നിസ്കരിക്കുകയും ഉനാ കിണറിൽ നിന്ന് വെള്ളം കുടിക്കുകയും തൊട്ടടുത്തുള്ള സിദ്റ മരത്തിൽ വാഹനത്തെ കെട്ടിയിടുകയും ചെയ്തു. വാഹനത്തെ കെട്ടിയ സ്ഥലം മറിയം ബിൻത് ഉസ്മാൻ(റ) എന്നവരുടേതായിരുന്നു.
തിരുനബിﷺ ബനൂ ഖുറൈദയിൽ എത്തിയപ്പോൾ അവിടെയുള്ള ഒരു കിണറിന്റെ പരിസരത്ത് ഇറങ്ങുകയും തുടർന്ന് അനുയായികൾ എല്ലാവരും അവിടെ എത്തിച്ചേരുകയും ചെയ്തു. അത് ഉനാ കിണറായിരുന്നു എന്ന് ഇബ്നു ഇസഹാഖ്(റ) നിവേദനം ചെയ്യുന്നു.
ഒരു വ്യക്തിയുടെ ചരിത്രത്തിൽ ഇത്ര സൂക്ഷ്മമായ അധ്യായങ്ങൾ എത്ര കൗതുകകരമായ ചിത്രങ്ങളാണ് നമുക്ക് പ്രദർശിപ്പിക്കുന്നത്. ഒരു ജീവിതത്തിന്റെ നാൾവഴികളെ ഇത്ര ശ്രദ്ധയോടെ പകർത്തിവെക്കാനും പകർന്നു കൊടുക്കാനും ജാഗ്രത കാണിക്കുന്ന ഒരു ചരിത്ര സമൂഹത്തെ രൂപപ്പെടുത്തി എന്നത് തന്നെ തിരുനബിﷺ സാധിച്ച സാംസ്കാരിക വിചാരങ്ങളുടെ ഉത്തമമായ ഉദാഹരണമാണ്. സാങ്കേതികമായി ഉയർന്ന ഈ കാലത്തും ചരിത്രസംരക്ഷണം എന്ന സാംസ്കാരിക പ്രക്രിയയിൽ എത്ര വ്യക്തികളാണ് ഇത്രമേൽ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നത്! ആരെക്കുറിച്ചാണ് ഇത്രയും കൃത്യതയുള്ള വായനകൾ നമുക്ക് ലഭിക്കുന്നത്! തിരുനബിﷺയെ കുറിച്ചുള്ള ഓരോ അധ്യായങ്ങളും വ്യക്തിവിശേഷത്തിന്റെ സമഗ്രതയും സൂക്ഷ്മതയും വിളിച്ചുപറഞ്ഞു കൊണ്ടേയിരിക്കുകയാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
