Tweet 812

    Tweet 812
    September 3, 2024 • Tuesday
    Post Header

    മഹാനായ സ്വഹാബി അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ ഒരു ജവനയിൽ നെയ്യും മറ്റും ഒഴിച്ചു പാചകം ചെയ്ത ഏഴ് ഉടുമ്പുകൾ നബിﷺക്ക് സമ്മാനമായി ലഭിച്ചു. നബിﷺ അനുയായികളോട് കഴിക്കാൻ പറയുകയും അവിടുന്ന് വിട്ടുനിൽക്കുകയും ചെയ്തു. അപ്പോൾ ചോദിച്ചു. എന്തേ അവിടുന്ന് കഴിക്കുന്നില്ലേ? എനിക്ക് അതിനോട് താല്പര്യമില്ല എന്ന് തിരുനബിﷺ മറുപടി പറഞ്ഞു.
    നിങ്ങൾ കഴിച്ചുകൊള്ളൂ.. ഞങ്ങളുടെ നാട്ടുകാർ കഴിച്ചിരുന്ന ഭക്ഷണമല്ല ഇതെന്ന് തിരുനബിﷺപറഞ്ഞ അനുഭവം അവിടുത്തെ പത്നിമാരിൽ ഒരാൾ നിവേദനം ചെയ്യുന്നുണ്ട്. ഇമാം ത്വബ്റാനി(റ) സ്വീകാര്യമായ പരമ്പരകളിലൂടെ അത് ഉദ്ദരിച്ചു.
    ഖാസിം ബിൻ ഇസ്‌ബഗ്(റ) ഇബ്നു ഉമറി(റ)ൽ നിന്ന് ഉദ്ദരിക്കുന്നു. എനിക്ക് ബ്രൗൺ നിറത്തിലുള്ള ഗോതമ്പിന്റെ പൊടിയിൽ നിന്നുണ്ടാക്കിയ നല്ല വെള്ള റൊട്ടി നെയ്യ് പുരട്ടിയത് ഒന്ന് കിട്ടിയിരുന്നെങ്കിൽ കഴിക്കാമായിരുന്നല്ലോ എന്ന് ഒരിക്കൽ തിരുനബിﷺപറഞ്ഞു. ഇത് കേട്ട ഒരാൾ അതുപ്രകാരമുള്ള റൊട്ടി പാകപ്പെടുത്തി കൊണ്ടുവന്നു. വിഭവം കൊണ്ടുവന്ന് മുന്നിൽ വച്ചപ്പോൾ തിരുനബിﷺ ചോദിച്ചു. ഈ നെയ്യ് എവിടെ നിന്നാണ്? അദ്ദേഹം പറഞ്ഞു. ഉടുമ്പിന്റെ തുകലിൽ സൂക്ഷിച്ചതാണ്. തിരുനബിﷺ സൗകര്യപൂർവ്വം അതിനെ വിസമ്മതിച്ചു.
    അനുവദിക്കപ്പെട്ട വിഭവമാണെങ്കിലും പരിചയമോ താല്പര്യമോ ഇല്ലാത്തതുകൊണ്ട് ഉടുമ്പിൽ നിന്നുണ്ടാക്കിയ ഭക്ഷണം മാറ്റിവെക്കുകയും എന്നാൽ സ്വഹാബികൾക്കും മറ്റും അത് കഴിക്കാൻ അനുവാദം നൽകുകയും ചെയ്തു.
    തിരുനബിﷺയുടെ പത്നി മഹതി മൈമൂന(റ) ഉദ്ദരിക്കുന്നു. ഒരിക്കൽ ഒരു ഉടുമ്പ് സമ്മാനമായി ലഭിച്ചു. മഹതിയുടെ പ്രദേശത്തുള്ള രണ്ടാളുകൾ അതിഥികളായി വന്നു. അവർക്കു വേണ്ടി അത് പാചകം ചെയ്തു. അവർക്കാ വിഭവം കൊണ്ടുവന്നു കൊടുത്തു. അതിനിടയിൽ തിരുനബിﷺ അവിടേക്ക് കടന്നുവന്നു. അവരോടൊപ്പം കഴിക്കാതിരിക്കുകയും എടുത്ത് ചുണ്ടിനോട് അടുപ്പിക്കുകയും ചെയ്തു. അപ്പോൾ ചോദിച്ചു. ഇതെന്താണ്? മഹതി പറഞ്ഞു. ഇത് നമുക്ക് സമ്മാനമായി ലഭിച്ച ഉടുമ്പാണ്. അപ്പോൾ തിരുനബിﷺ കയ്യിലെടുത്ത ഭക്ഷണം പാത്രത്തിലേക്ക് തന്നെ തിരിച്ചുവച്ചു. അപ്പോൾ കഴിച്ചു കൊണ്ടിരുന്ന അതിഥികളും വായയിൽ നിന്ന് ഭക്ഷണം തിരിച്ചെടുത്താലോ എന്ന് വിചാരിച്ചു. അപ്പോഴേക്കും തിരുനബിﷺ പറഞ്ഞു. നിങ്ങൾ ആ ഭക്ഷണം കഴിക്കാതിരിക്കണ്ട. നിങ്ങൾ നജിദുകാർ ഇത് സാധാരണ കഴിക്കുന്നതാണല്ലോ. ഞങ്ങൾ തിഹാമക്കാരായ ആളുകൾ ഇത് കഴിക്കാറില്ല. അതുകൊണ്ട് മാത്രം ഞാൻ വിസമ്മതിച്ചതാണെന്ന് സാരം.
    ഒരിക്കൽ തിരുനബിﷺ ഖുത്വുബ നിർവഹിക്കാനുള്ള മിമ്പറിന്മേലുള്ളപ്പോൾ ഉടുമ്പ് കഴിക്കുന്നതിനെ കുറിച്ച് ഒരാൾ ചോദിച്ചു. ഞാനത് കഴിക്കുന്നുമില്ല, വിലക്കുന്നുമില്ല എന്നായിരുന്നു മറുപടി പറഞ്ഞത്. ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) മറ്റും ഇബ്‌നു ഉമറി(റ)ൽ നിന്ന് ഇത് ഉദ്ദരിച്ചിട്ടുണ്ട്.
    ഇബ്നു അബ്ബാസി(റ)ൽ ഇബ്നു സഅദ്(റ) ഉദ്ദരിക്കുന്നു. ഞാനും ഖാലിദും(റ) നബിﷺയോടൊപ്പം മൈമൂന ബിൻത് അൽ ഹാരിസി(റ)ന്‍റെ വീട്ടിലേക്ക് ചെന്നു. അപ്പോൾ അവർ ചോദിച്ചു. ഉമ്മു അതീഖ്(റ) നൽകിയ ഭക്ഷണം ഞാൻ നിങ്ങളെ കഴിപ്പിക്കട്ടെയോ? എന്നിട്ട് പൊരിച്ച രണ്ട് ഉറുമ്പിനെയാണ് കൊണ്ടുവന്നത്. തിരുനബിﷺ അത് കണ്ടപ്പോൾ മനം പുരട്ടിയത് പോലെ തുപ്പി. അപ്പോൾ ഖാലിദ്(റ) ചോദിച്ചു. എന്തേ അവിടുത്തേക്ക് ഇതിന് താല്പര്യമില്ലേ? നബിﷺ പറഞ്ഞു. അതെ, താല്പര്യമില്ല.
    മുഹമ്മദ് ബിൻ സീരീൻ(റ) ഉദ്ദരിക്കുന്നു. തിരുനബിﷺയുടെ സന്നിധിയിൽ ഒരിക്കൽ ഉടുമ്പ് പാചകം ചെയ്തു കൊണ്ടുവന്നു. അപ്പോൾ അവിടുന്ന് ഇങ്ങനെ പറഞ്ഞു. നഗരത്തിൽ താമസിക്കുന്ന സംസ്കൃത സമൂഹമണിത്. ഞങ്ങൾ സാധാരണയിൽ ഇത് കഴിക്കാറില്ല.
    പൊതുവേ നാട്ടിൻപുറത്തുകാരും താഴ്‌വാരങ്ങളിൽ താമസിക്കുന്നവരുമാണ് അത് പ്രധാനമായും കഴിച്ചിരുന്നത്. അതുകൊണ്ടാണ് തിരുനബിﷺ അങ്ങനെ ഒരു വിശദീകരണം നൽകിയത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...