Tweet 795

    Tweet 795
    August 17, 2024 • Saturday
    Post Header

    തിരുനബിﷺ കോഴിയിറച്ചിയും ഭക്ഷിച്ചിരുന്നു. ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) മഹാനായ സ്വഹാബി അബൂ മൂസ(റ)യിൽ നിന്ന് ഈ വിവരം ഉദ്ദരിച്ചിട്ടുണ്ട്. കോഴിയെ അറുത്ത് പാചകം ചെയ്യുന്നതിന് മുമ്പ് മൂന്നുദിവസം അതിനെ കൂട്ടിൽ അടച്ചിടുകയും ശേഷം അറുക്കുകയും ചെയ്തിരുന്നു എന്ന വിവരം ഇമാം അബുൽ ഹസൻ ഇബ്നുള്ളഹ്‌ഹാകും(റ) ഇബ്നു ഉമറി(റ)ൽ നിന്ന് ഇബ്നു അദിയ്യും(റ) നിവേദനം ചെയ്തതായി കാണാം.
    കോഴി കഴിക്കുന്ന ഭക്ഷണത്തിൽ ചില നിയന്ത്രണങ്ങൾ വരാനായിരിക്കാം എന്നാണ് അതിന്റെ പ്രാഥമികമായ നിഗമനം.
    തിരുനബിﷺയുടെ പരിചാരകനായിരുന്ന സഫീന(റ)യിൽ നിന്ന് ഇമാം തിർമുദി(റ), അബുദാവൂദ്(റ), ബൈഹഖി(റ) എന്നിവർ നിവേദനം ചെയ്ത ഹദീസിൽ തിരുനബിﷺ ഹുബാറ(chlamidotis) പക്ഷിയുടെ മാംസം കഴിച്ചതായി കാണാം.
    കൊക്കും കഴുത്തും നീണ്ട മണ്ണിന്റെ നിറമുള്ള സാധാരണയിൽ കൊക്ക് വർഗ്ഗത്തോട് ചേർന്ന് നിൽക്കുന്ന പ്രത്യേകതരം പക്ഷിയാണ് ഹുബാറ.
    തിരുനബിﷺയുടെ പരിചാരകൻ അനസ് ബിൻ മാലികിൽ(റ) നിന്ന് ഇമാം ദാറഖുത്നി(റ) ഉദ്ദരിക്കുന്നു. ഒരു ദിവസം എന്റെ ഉമ്മ ഉമ്മു മുസ്ലിം(റ) പക്ഷിയുടെ മാംസം പാചകം ചെയ്തു എന്റെ കയ്യിൽ ഏൽപ്പിച്ച് നബിﷺയുടെ അടുത്തേക്ക് നിയോഗിച്ചു. നാലു കഷ്ണം റൊട്ടിയും ഒപ്പമുണ്ടായിരുന്നു. ഞാൻ തിരുനബിﷺയുടെ അടുക്കലെത്തിയപ്പോൾ അവിടുന്ന് പറഞ്ഞു. അല്ലയോ അനസേ(റ) ഒപ്പം ഇരുന്നു കഴിക്കാൻ പറ്റുന്നവരെയൊക്കെ വിളിക്കൂ.
    ഹുബാറ പക്ഷിയുടെ മാംസം പാചകം ചെയ്തായിരുന്നു കൊടുത്തുവിട്ടത് എന്ന് ഈ ഹദീസിന്റെ വിശദീകരണത്തിൽ കാണാം.
    എത്ര കുറഞ്ഞ ഭക്ഷണമാണെങ്കിലും ഒറ്റയ്ക്ക് കഴിക്കുന്നതിനേക്കാൾ പരമാവധി ആളുകളെ കൂട്ടി ഒപ്പം കഴിക്കുന്നതായിരുന്നു തിരുനബിﷺക്ക് ഏറ്റവുമിഷ്ടം. ഒപ്പം കഴിക്കുമ്പോഴല്ലാതെ വയറു നിറച്ച അനുഭവമില്ല എന്ന് നാം വായിച്ചു പോയിട്ടുണ്ട്. ആളുകളെ ഭക്ഷിപ്പിക്കുന്നതിന്റെ മഹത്വവും സംഘമായിരുന്നു കഴിക്കുന്നതിന്റെ പ്രത്യേകതയും ഒരേ തളികയിൽ നിന്ന് കൂടിക്കഴിക്കുന്നതിന്റെ സന്തോഷവുമൊക്കെ തിരുനബി ജീവിതത്തിൽ നിന്ന് നമുക്ക് വായിക്കാൻ കഴിയും. പരസ്പരമുള്ള ബന്ധങ്ങൾ കൂടുതൽ ധൃഢമാക്കാനും ഹൃദയങ്ങൾ ഒത്തു വരാനുമുള്ള നിമിത്തങ്ങളായി കൂടി ഇതിനെ വായിക്കാൻ കഴിയും.
    മുയലിന്റെ മാംസം കഴിച്ച ഒരു നിവേദനമാണ് ഇനി നാം പരിചയപ്പെടുന്നത്.
    തിരുനബിﷺയുടെ പരിചാരകനായ അനസ്(റ) തന്നെ നിവേദനം ചെയ്യുന്നു. മർറുള്ളഹ്‌റാനിൽ വച്ചു എല്ലാവരും കൂടി ഒരു മുയലിന്റെ പിന്നിൽ കൂടി. പക്ഷേ, ആർക്കും അതിനെ പിടിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ എന്റെ കയ്യിൽ അത് അകപ്പെട്ടു. ഞാൻ അത് നേരെ കൊണ്ടുവന്നു അബൂത്വൽഹ(റ)യുടെ കയ്യിൽ ഏൽപ്പിച്ചു. അദ്ദേഹം അതിനെ അറുത്തു പാചകം ചെയ്തു. ശേഷം, അതിന്റെ തുടയുടെ ഭാഗം അല്ലെങ്കിൽ മുതുകിന്റെ ഭാഗം ഞാൻ തിരുനബിﷺക്ക് കൊണ്ടുപോയി കൊടുത്തു. അവിടുന്ന് സ്വീകരിക്കുകയും ഭക്ഷിക്കുകയും ചെയ്തു. ആധികാരികമായ ആറ് ഹദീസ് ഗ്രന്ഥങ്ങളും ഈ വിവരം ഉദ്ദരിച്ചിട്ടുണ്ട്.
    മഹതി ആഇശ(റ)യിൽ നിന്ന് ദാറഖുത്നി(റ) ഉദ്ദരിക്കുന്നു. ഒരിക്കൽ ഞാൻ ഉറങ്ങുന്ന സമയത്ത് തിരുനബിﷺക്ക് മുയൽ സമ്മാനമായി കിട്ടി. അതിന്റെ മുതുകുഭാഗത്തെ മാംസം എനിക്കുവേണ്ടി തിരുനബിﷺ കരുതിവച്ചു. ഉണർന്ന ശേഷം അത് അവിടുന്ന് ഭക്ഷിപ്പിക്കുകയും ചെയ്തു.
    ഇബ്നു ഉമറി(റ)ൽ നിന്ന് അബുദാവൂദ്(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുനബിﷺക്ക് ഒരാൾ ഒരു മുയലിനെ സമ്മാനിച്ചു. തിരുനബിﷺ അതിന്റെ മാംസം കഴിച്ചതുമില്ല, കഴിക്കുന്നവരെ വിലക്കിയതുമില്ല. ആ മുയലിന് അപ്പോൾ രക്തവാർച്ച ഉണ്ടായിരുന്നു എന്ന് അനുബന്ധമായി അവിടുന്ന് പറയുകയും ചെയ്തു.
    മുയലുമായി വന്ന കർഷകനിൽ നിന്ന് കിട്ടിയ വിവരത്തെ അടിസ്ഥാനപ്പെടുത്തിയാണ് തിരുനബിﷺ അങ്ങനെ ഒരു വിശദീകരണം നൽകിയത്. മുയലിനെ കൊണ്ടുവരുമ്പോൾ അത്രമേൽ വൃത്തിയുള്ള ഒരു അവസ്ഥയായിരുന്നില്ല എന്നതിനാൽ അതിനെ അവിടുത്തേക്ക് സ്വീകരിക്കാൻ തോന്നിയില്ല എന്ന് വേണം വായിക്കേണ്ടത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...