
ഇമാം ഹാക്കിമും(റ) ഇബ്നുസുന്നിയും(റ) അനസ് ബിൻ മാലിക്കി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. ചുട്ട ഹജൽ അഥവാ തിത്തിരിപ്പക്ഷിയുടെ മാംസം നബിﷺക്ക് സമ്മാനമായി ലഭിച്ചു. ഉടനെ തിരുനബിﷺ ഇങ്ങനെ പ്രാർത്ഥിച്ചു. നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരാളെ എനിക്കൊപ്പം ഈ പക്ഷിയെക്കഴിക്കാൻ നീ എത്തിക്കേണമേ! അപ്പോൾ അലി(റ) അങ്ങോട്ട് കടന്നു വന്നു. തിരുനബിﷺ അദ്ദേഹത്തോടൊപ്പം ആ ഭക്ഷണം കഴിച്ചു.
സ്വഹാബി വര്യനായ ഹാസിമി(റ)ൽ നിന്ന് അബൂ ഇസ്ഹാഖ് അൽ മുദ്കി(റ) എന്നവർ റിപ്പോർട്ട് ചെയ്യുന്നു. ഹാസിം(റ) പറയുന്നു. മലമുകളിൽ നിന്ന് വേട്ടയാടിയ മലയാടിനേയും കൊണ്ട് ഞാൻ തിരുനബിﷺയുടെ അടുത്തെത്തി. അത് ഞാൻ അവിടുത്തേക്ക് സമ്മാനിച്ചു. തിരുനബിﷺ അത് സ്വീകരിക്കുകയും അതിൽ നിന്ന് ഭക്ഷിക്കുകയും എനിക്ക് ഒരു അദനി തലപ്പാവ് അണിയിച്ചു തരികയും ചെയ്തു. എന്നിട്ട് എന്നോട് ചോദിച്ചു. നിങ്ങളുടെ പേരെന്താണ്? ഞാൻ പറഞ്ഞു. ഹാസിം(റ). അപ്പോൾ നബിﷺ ഇങ്ങനെ പ്രതികരിച്ചു. നിങ്ങൾ ഹാസിമല്ല മുത്ത്ഇമാണ്. അഥവാ കാര്യങ്ങൾ ക്രമീകരിക്കുന്ന ആളല്ല ആളുകളെ സത്കരിക്കുന്ന ആളാണ്.
അബൂ ഖത്താദ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) ഉദ്ദരിക്കുന്നു. അബൂ ഖത്താദ(റ) പറയുന്നു. ഞാൻ മക്കയിലേക്കുള്ള വഴിയിൽ സ്വഹാബികളിൽ ചിലർക്കൊപ്പം ഇരിക്കുകയായിരുന്നു. തിരുനബിﷺ ഞങ്ങളെക്കാൾ അല്പം മുന്നിൽ ഒരു സ്ഥലത്ത് ഇറങ്ങിയിരുന്നു. ഞാനല്ലാത്ത എല്ലാവരും ഇഹ്‌റാമിലായിരുന്നു. എന്റെ കൂട്ടുകാരുടെ ദൃഷ്ടിയിൽ ഒരു കാട്ടു കഴുത പ്രത്യക്ഷപ്പെട്ടു. ഞാനാണെങ്കിലോ ചെരുപ്പ് കുത്തി ശരിപ്പെടുത്തുന്ന തിരക്കിലായിരുന്നു. എന്നെ ബുദ്ധിമുട്ടിക്കാൻ അവർ താല്പര്യപ്പെട്ടതുമില്ല. എന്നാൽ, എന്റെ ശ്രദ്ധയിൽ പെട്ടെങ്കിൽ എന്നവർ ആഗ്രഹിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ ഞാൻ ഒന്ന് തിരിഞ്ഞു നോക്കിയതും കഴുത എന്റെ ദൃഷ്ടിയിൽ പെട്ടു. ഉടനെ ഞാൻ എന്റെ കുതിരപ്പുറത്ത് കയറി. അതിന്റെ കടിഞ്ഞാൺ പിടിച്ചു മുന്നോട്ടു നീങ്ങി. പക്ഷേ ഞാനെന്റെ ചാട്ടവാർ എടുക്കാൻ മറന്നു പോയിരുന്നു. എടുത്തു തരാൻ വേണ്ടി കൂട്ടുകാരോട് വിളിച്ചുപറഞ്ഞു. അവർ പറഞ്ഞു. നിങ്ങളെ ഇക്കാര്യത്തിൽ ഞങ്ങളൊരു സഹായവും ചെയ്യുകയില്ല. എനിക്ക് വളരെ ദേഷ്യം വന്നു. ഞാൻ തന്നെ താഴെയിറങ്ങി സാധനങ്ങളെടുത്ത് വീണ്ടും കുതിരപ്പുറത്ത് കയറി. വേട്ട മൃഗത്തിന്റെ പിന്നിൽ കൂടി. വേട്ടയാടി കൊണ്ടുവന്ന് പാചകം ചെയ്തു. അപ്പോൾ എല്ലാവരും ഭക്ഷണം കഴിക്കാൻ വന്നു. കഴിച്ചു കഴിഞ്ഞപ്പോൾ എല്ലാവർക്കും ഒരു സംശയം. ഇഹ്റാമിൽ ആയിരിക്കെ ഇത് കഴിക്കാൻ പറ്റുമോ? തോളിന്റെ ഭാഗത്തെ അല്പം മാംസം ഞാൻ കയ്യിൽ കരുതിയിരുന്നു. ഞങ്ങളെല്ലാവരും കൂടി തിരുനബിﷺയുടെ അടുക്കലേക്ക് ചെന്നു. കാര്യങ്ങളൊക്കെ വിശദീകരിച്ചിട്ട് വേട്ടയാടി കൊണ്ടുവന്ന മൃഗത്തെ കഴിക്കാമോ എന്ന കാര്യം നബിﷺയോട് ചോദിച്ചു. അപ്പോൾ അവിടുന്ന് തിരിച്ചു ചോദിച്ചു. നിങ്ങൾ അതിൽ നിന്ന് എന്തെങ്കിലും കയ്യിൽ കരുതിയിട്ടുണ്ടോ?കൈവശമുണ്ടായിരുന്നത് ഞാൻ തിരുനബിﷺക്ക് നൽകുകയും അവിടുന്ന് അത് കഴിക്കുകയും ചെയ്തു. തിരുനബിﷺയും ഇഹ്റാമിലായിരുന്നു.
ഇസ്ലാമിലെ സമീപനങ്ങളും നിയമങ്ങളും രൂപപ്പെട്ടുവന്നതിന്റെ ഒരു ചിത്രം കൂടിയാണിത്. നബി ജീവിതത്തിൽ നിന്നുള്ള പകർപ്പുകളാണ് ഇസ്ലാമിക അനുഷ്ഠാനങ്ങളുടെ മുഴുവനും അടിസ്ഥാനം. ഇഹ്‌റാമിൽ അഥവാ ഹജ്ജിനോ ഉംറക്കോ വേണ്ടി സവിശേഷമായ നിയ്യത്ത് നിർവഹിച്ചു ചിട്ടകളിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ വേട്ടയാടൽ നിഷിദ്ധമാണ്. അതുകൊണ്ടാണ് വേട്ട മൃഗത്തെ കണ്ടപ്പോൾ വേട്ടയാടുകയോ വേട്ടയ്ക്ക് പോകുന്നയാൾക്ക് ആയുധമെടുത്തു കൊടുക്കുകയോ ചെയ്യാൻ സ്വഹാബികൾ മുതിരാതിരുന്നത്. എന്നാൽ വേട്ടയാടി പിടിച്ച ഇരയെ കഴിക്കാൻ പറ്റുമോ? അത് മറ്റൊരു പ്രശ്നമാണ്. പ്രഥമദൃഷ്ട്യാ കുഴപ്പമില്ലെന്ന് കണ്ടപ്പോൾ സ്വഹാബികൾ അത് സ്വീകരിച്ചു. എന്നാൽ, അതിന്റെ കൃത്യത വരുത്താനും നിവാരണം നടത്താനും തിരുനബിﷺയെ സമീപിച്ചു. അവിടുന്ന് അവിടുത്തെ ജീവിതം കൊണ്ട് അതിന്റെ നിയമം അവർക്ക് കാണിച്ചുകൊടുത്തു.
നബി ജീവിതത്തിന്റെ ഓരോ അടരുകളും നിയമനിർമ്മാണത്തിന്റെ പാഠശാലകളായിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
