
തിരുനബിﷺയുടെ ജീവിതത്തിലെ ഭക്ഷണ രീതികൾ അവിടുത്തെ ജീവിതത്തെ അടുത്തറിയാനും നമ്മുടെ ജീവിതത്തിലേക്ക് പകർപ്പുകൾ എടുക്കാനുമുള്ളതാണ്. ചില കാര്യങ്ങൾ ആ മഹാജീവിതത്തിന്റെ ലാളിത്യമറിയാൻ വേണ്ടി മാത്രമായിരിക്കും. അവിടുത്തെ ചര്യകൾ നമ്മൾ പകർത്തുമ്പോൾ നമുക്ക് ഭൗതികവും ആത്മീയവുമായ നന്മകൾ ലഭിക്കാനായിരിക്കും.
ഇബ്നു അബ്ബാസ്(റ) പറയുന്നു. ഒരു ഭക്ഷണപാനീയത്തിലേക്കും ശ്വാസം അങ്ങോട്ടയക്കുമായിരുന്നില്ല. ചൂട് പാനീയങ്ങൾ വായകൊണ്ട് ഊതി കുടിക്കുന്നത് ചിലപ്പോഴൊക്കെ ശീലമാകാറുണ്ടല്ലോ. അത്ര ഉചിതമായ രീതിയല്ല എന്നാണ് ഈ അധ്യാപനം പകർന്നു തരുന്നത്.
ഇബ്നു അബ്ബാസ്(റ) തന്നെ നിവേദനം ചെയ്യുന്നു. ഒരിക്കൽ നബിﷺ ഒരു അൻസ്വാരിയുടെ തോട്ടത്തിലേക്ക് പ്രവേശിച്ചു. അവിടുത്തെ കാരക്കകൾ പറിച്ചു തോട്ടത്തിലൂടെ നടക്കുമ്പോൾ തന്നെ കഴിക്കുന്നുണ്ടായിരുന്നു. പ്രസ്തുത ഘട്ടത്തിൽ തിരുനബിﷺയോടൊപ്പമുണ്ടായിരുന്ന സ്വഹാബിയാണ് ഇബ്നു അബ്ബാസ്(റ). ഇരുന്നും നടന്നും വലത്തോട്ടും ഇടത്തോട്ടുമൊക്കെ ഭക്ഷണം കഴിച്ച സന്ദർഭങ്ങൾ നബിﷺയുടെ ജീവിതത്തിൽ നിന്ന് കണ്ടിട്ടുണ്ട് എന്ന് ആഇശ(റ) പറയുന്ന ഒരു നിവേദനം വായിക്കാനുണ്ട്.
ശീലമാകേണ്ടത് ഇരുന്ന് ചിട്ടയോടെ ഭക്ഷണം കഴിക്കുന്ന രീതിയാണെങ്കിലും ചില സന്ദർഭങ്ങളിൽ സാഹചര്യം അനുസരിച്ച് ഇങ്ങനെയൊക്കെ ഉണ്ടാകാം എന്ന ഒരു സൗകര്യം കൂടിയാണ് ഇത്തരം സംഭവങ്ങൾ നമുക്ക് പഠിപ്പിച്ചു തരുന്നത്. തിരുനബിﷺയുടെ ജീവിതത്തിന്റെ ചിത്രങ്ങൾ വായിക്കുമ്പോൾ നിഷ്ടയോടുകൂടി പിന്തുടരേണ്ടതും ആവശ്യമെങ്കിൽ ചെയ്യാവുന്നതും പ്രതിസന്ധിഘട്ടത്തിൽ സ്വീകരിക്കാവുന്നതും എന്നിങ്ങനെ വ്യവഛേദിച്ചു മനസ്സിലാക്കേണ്ട പാഠങ്ങളാണ് നിറഞ്ഞുനിൽക്കുന്നത്.
ഭക്ഷണം മണത്തു നോക്കുന്നതും നബിﷺക്ക് ഇഷ്ടമുള്ള കാര്യമായിരുന്നില്ല. അത് നാൽക്കാലികളുടെ രീതിയാണെന്നാണ് അവിടുന്ന് പറഞ്ഞത്. അത്ര പ്രബലമല്ലാത്ത പരമ്പരയിലൂടെയാണെങ്കിലും മഹാനായ സ്വഹാബി ജാബിർ(റ) അതും നിവേദനം ചെയ്തിട്ടുണ്ട്.
ഭക്ഷണം കഴിക്കുമ്പോൾ അല്ലാഹുവിന്റെ നാമം ഉച്ചരിച്ചു കൊണ്ടായിരുന്നു തിരുനബിﷺ ആരംഭിച്ചിരുന്നത്. നബിﷺയുടെ പരിചാരകരിൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം. ഭക്ഷണത്തളിക അടുത്ത് വരുമ്പോഴേക്കും തിരുനബിﷺ ബിസ്മി ചൊല്ലാറുണ്ടായിരുന്നു. ഓരോ ഉരുള വായിലേക്ക് വെക്കുമ്പോഴും ബിസ്മി ചൊല്ലിയ അനുഭവവും അനസ്(റ) നിവേദനം ചെയ്യുന്നുണ്ട്. മഹതിയായ ആഇശ(റ)യിൽ നിന്ന് ഇമാം ഇബ്നു മാജ(റ) ഉദ്ധരിക്കുന്നു. ഒരിക്കൽ തിരുനബിﷺ ആറു പേരോടൊപ്പം ഒരു സുപ്രയിൽ നിന്ന് കഴിക്കുകയായിരുന്നു. അപ്പോൾ ഗ്രാമീണനായ ഒരു അറബി അങ്ങോട്ടു കടന്നു. അയാൾ തന്നെ തളികയിലേക്ക് കൈവച്ചു. അയാൾ രണ്ടു പിടി കഴിക്കുകയും ചെയ്തു. അയാൾ ബിസ്മി ചൊല്ലിയിരുന്നെങ്കിൽ ഈ ഭക്ഷണം നിങ്ങൾക്ക് മതിയാകുമായിരുന്നു. നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ ബിസ്മി ചൊല്ലുക. ഒരുപക്ഷേ മറന്നുപോയാൽ ഓർക്കുന്ന സമയത്ത് തുടക്കവും ഒടുക്കവും അല്ലാഹുവിന്റെ നാമം കൊണ്ട് എന്ന് അർത്ഥം വരുന്ന “ബിസ്മില്ലാഹി അവ്വലഹു വ ആഖിറഹു”എന്ന് ചൊല്ലുക.
അല്ലാഹുവിന്റെ നാമം ചൊല്ലിക്കൊണ്ട് ഭക്ഷിക്കാൻ ആരംഭിക്കുന്നത് ഭക്ഷണത്തിൽ അനുഗ്രഹം ലഭിക്കാൻ കാരണമാണ്. ഭക്ഷണത്തിനുണ്ടാകുന്ന ഗുണഫലങ്ങളും അതുവഴി ഉണ്ടായേക്കാവുന്ന പ്രയാസങ്ങളിൽ നിന്നുള്ള കാവലും വിഭവങ്ങളിലെ വർധനയും ഇതെല്ലാം ഔദാര്യമായി ഒരുക്കിത്തന്ന സ്രഷ്ടാവിനെ കുറിച്ചുള്ള ഓർമ്മയും അവനോടുള്ള കടപ്പാട് രേഖപ്പെടുത്തലും ഇങ്ങനെ പല വിധേനയും അതിൽ അനുഗ്രഹങ്ങൾ നിറഞ്ഞു നിൽക്കുന്നു. നമുക്ക് പ്രത്യക്ഷത്തിൽ ബോധ്യപ്പെടാത്ത പല നന്മകളും ഗുണങ്ങളും ഇതുവഴിയുണ്ടാകും. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രവാചകരുﷺടെ നിർദ്ദേശം പാലിച്ചു എന്ന കാരണത്താൽ പരലോകത്ത് പുണ്യം ലഭിക്കുന്ന ഒരു സൽകർമ്മമായി രേഖപ്പെടുത്തപ്പെടും. എല്ലാ നല്ല കാര്യങ്ങളും അല്ലാഹുവിന്റെ നാമം ചൊല്ലിക്കൊണ്ട് ആരംഭിക്കുക എന്ന പൊതുവായ നിർദ്ദേശവും തിരുനബിﷺ നൽകിയിട്ടുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
