
തിരുനബിﷺയുടെ ഭക്ഷണത്തളികയിലേക്ക് നോക്കി നിൽക്കുമ്പോൾ അനുചരന്മാർ പകർന്നെടുത്ത ചിത്രങ്ങളുണ്ട്. അതിൽ തിരുനബിﷺയുടെ ഭക്ഷണ മര്യാദകളും ചിട്ടകളുമെല്ലാം ലയിച്ചു ചേർന്നുനിൽക്കുന്നു. അമ്മാർ ബിൻ യാസിർ(റ) പറയുന്നു. തിരുനബിﷺക്ക് സമ്മാനമായി ആരെങ്കിലും ഭക്ഷണപാനീയങ്ങൾ കൊണ്ടുവന്നാൽ കൊണ്ടുവന്ന ആളോട് തന്നെ ആദ്യം ഭക്ഷിക്കാൻ ആവശ്യപ്പെടും. ഖൈബറിൽ വച്ച് വിഷം ചേർത്ത ആട്ടു മാംസം നബിﷺക്ക് സൽക്കരിച്ച ഒരു പശ്ചാത്തലം കൂടി ഈ പ്രസ്താവനക്കും സമീപനത്തിനും പിന്നിലുണ്ട്.
ഇബ്നുൽ ഹൂതികിയ്യ(റ) എന്നവർ നിവേദനം ചെയ്യുന്നു. ഞാൻ ഉമർ(റ) എന്നവരോട് നോമ്പിനെ കുറിച്ച് ചോദിച്ചു. അപ്പോൾ ഉമർ(റ) സദസ്സിലുള്ളവരോട് ചോദിച്ചു. അൽ ഖാഹ എന്ന പ്രദേശത്ത് വച്ച് ഗ്രാമീണനായ ഒരു അറബി തിരുനബിﷺക്ക് ചുട്ടമുയൽ കൊണ്ടുവന്ന് കൊടുത്ത സമയത്ത് നമ്മളിൽ ആരൊക്കെയാണ് അവിടെയുണ്ടായിരുന്നത്? അപ്പോൾ സദസ്സ് ഒന്നടങ്കം പറഞ്ഞു. ഞങ്ങളെല്ലാവരും അവിടെയുണ്ടായിരുന്നു. എങ്കിൽ ആ സംഭവം നിങ്ങളൊന്നു വിശദീകരിക്കൂ എന്ന് ഉമർ(റ) അവരോട് ആവശ്യപ്പെട്ടു. അപ്പോൾ അവർ പറഞ്ഞു തുടങ്ങി.
ഞങ്ങളെല്ലാവരും അൽ ഖാഹ എന്ന പ്രദേശത്ത് നബിﷺയോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോൾ ഗ്രാമീണനായ ഒരു അറബി ചുട്ടമുയൽ നബിﷺക്ക് ഭക്ഷണമായി കൊണ്ടുവന്നു കൊടുത്തു. ഖൈബറിലെ അനുഭവത്തിനുശേഷം സമ്മാനമായി കൊണ്ടുവരുന്ന ഭക്ഷണത്തിൽ നിന്ന് കൊണ്ടുവന്നയാൾ കഴിക്കാതെ നബിﷺ കഴിക്കാറില്ലായിരുന്നു. അത് പ്രകാരം ഈ ഗ്രാമീണനോടും പറഞ്ഞു. നിങ്ങൾ അതിൽ നിന്ന് കഴിക്കൂ. അപ്പോൾ അദ്ദേഹം പറഞ്ഞു ഞാൻ നോമ്പുകാരനാണ്. ശേഷം അവിടുന്ന് അദ്ദേഹത്തോട് എപ്പോഴൊക്കെയാണ് നോമ്പെടുക്കുന്നത് എന്ന് അന്വേഷിക്കുകയും അയ്യാമുൽ ബീളിന്റെ നോമ്പിനെ നബിﷺ പരിചയപ്പെടുത്തുകയും ചെയ്തതാണ് തുടർ ഭാഗം. സ്വഹീഹ് ഇബ്നു ഖുസൈമയിലും ത്വബ്’രിയിലും ഈ ഹദീസ് വായിക്കാൻ കഴിയും.
കൊണ്ടുവരുന്ന ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട സമയങ്ങളിൽ ശ്രദ്ധിക്കണം എന്നൊരു പാഠം ഇവിടെ പ്രത്യേകിച്ചും നൽകുന്നുണ്ട്. പ്രധാന വ്യക്തികളുടെ ഭക്ഷണത്തിൽ സവിശേഷമായി ശ്രദ്ധ പുലർത്തുന്ന സംവിധാനങ്ങൾ തന്നെ പുതിയകാലത്തുമുണ്ട്. പരിചാരകർ കൊടുത്ത ഭക്ഷണത്തിൽ വിഷം കലർത്തപ്പെട്ടതിന്റെ പേരിൽ കൊല്ലപ്പെട്ട ഭരണാധികാരികളുടെ ചരിത്രവും നമുക്ക് വായിക്കാനുണ്ട്. തിരുനബിﷺ ലോക നേതാവായിരിക്കെ നിരവധി പ്രതിയോഗികളുടെ പ്രതികാരത്തിന്റെ സാധ്യതകൾ കൂടി പരിഗണിച്ചു കൊണ്ടായിരിക്കണമല്ലോ സമീപിക്കേണ്ടത്.
ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഭക്ഷണം കഴിക്കുമ്പോൾ എങ്ങനെയിരിക്കണം എന്നതിലേക്കുള്ള പരാമർശങ്ങളിൽ ഇങ്ങനെ വായിക്കാം. അബൂ ജഹൈഫ(റ) എന്നവർ പറയുന്നു. ഞാൻ ചാരിയിരുന്നു ഭക്ഷണം കഴിക്കാറില്ല എന്ന് തിരുനബിﷺ അവിടുത്തെ സമീപത്തുള്ള ഒരാളോട് പറഞ്ഞു.
അയാൾ ചാരിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാവാം തിരുനബിﷺ അങ്ങനെ പറഞ്ഞിട്ടുണ്ടാവുക. ഈ ആശയം ഉൾക്കൊള്ളുന്ന വേറെയും നിവേദനങ്ങൾ നമുക്ക് വായിക്കാൻ ലഭിക്കും.
ഇമാം മുസ്ലിം(റ) ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇങ്ങനെ കൂടിയുണ്ട്. അബ്ദുല്ലാഹിബിന് ബൂസ്ർ(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ ഒരാൾ തിരുനബിﷺക്ക് ആട്ടിറച്ചി സമ്മാനമായി നൽകി. നബിﷺ മുട്ടുകുത്തി നിന്ന് ഭക്ഷിക്കാൻ തുടങ്ങി. അപ്പോൾ അഅ്റാബി ചോദിച്ചു. ഇതെന്ത് ഇരുത്തമാണ്? അല്ലാഹു എന്നെ മാന്യനായ അടിമയായിട്ടാണ് നിയോഗിച്ചത്. അല്ലാതെ ശത്രുത പുലർത്തുന്ന പോക്കിരിയായിട്ടല്ല.
തിരുനബിﷺയുടെ വിനയം നിറഞ്ഞ ജീവിതത്തിന്റെ ഒരു രംഗമായിരുന്നു അത്. സാധാരണക്കാരോടൊപ്പം സാധാരണ പോലെ ഇരുന്നുകൊണ്ട് അവിടുന്ന് ഭക്ഷണം കഴിക്കുമോ! ഇതായിരുന്നു ആ ഗ്രാമീണന്റെ സംശയം. ഞാൻ വിനയത്തെ തെരഞ്ഞെടുക്കുകയും സാധാരണക്കാരോടൊപ്പം ചേർന്ന് നിൽക്കുകയും എന്നതായിരുന്നു മറുപടിയുടെ താല്പര്യം. നബി ജീവിതത്തിന്റെ എല്ലാ അടരുകളും ഒരായിരം വിഷയങ്ങളുടെ കലവറയായിട്ടാണ് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
