Tweet 774

    Tweet 774
    July 27, 2024 • Saturday
    Post Header

    തിരുനബിﷺയുടെ നടത്തം നോക്കി നിന്നുകൊണ്ട് കാലത്തിന്റെ അപ്പുറത്തേക്ക് വായിക്കാൻ നിരവധി നിവേദനങ്ങൾ നമുക്ക് കാണാൻ കഴിയും. ഒരു നേതാവിനെ ഇത്രമേൽ നിരീക്ഷിക്കുകയും അത്രത്തോളം അടയാളപ്പെടുത്തുകയും ചെയ്ത അത്യപൂർവ്വമായ ഒരു വായന കൂടിയാണിത്. അബൂഹുറൈറ(റ) രേഖപ്പെടുത്തുന്നു. തിരുനബിﷺയോളം വേഗത്തിൽ നടക്കുന്ന ഒരാളെയും ഞാൻ കണ്ടിട്ടില്ല. ഭൂമി സ്വയം ചുരുണ്ടുകൊടുക്കുന്നതുപോലെയാണ് അനുഭവപ്പെടാറുള്ളത്. തിരുനബിﷺ മനപ്പൂർവം ധൃതി കൂട്ടുകയല്ല. ഞങ്ങൾ കൂടെ നടക്കുമ്പോൾ ഒപ്പമെത്താൻ നന്നായി ശ്രദ്ധിക്കേണ്ടിയിരുന്നു.
    അബൂഹുറൈറ(റ) തന്നെ പറയുന്നു. ഒരു ജനാസയ്ക്കൊപ്പം നബിﷺയുടെ കൂടെ ഞാനും സഞ്ചരിച്ചു. നബിﷺയോടൊപ്പം തന്നെ ഉണ്ടാകാൻ ഞാൻ വളരെ ശ്രദ്ധിക്കേണ്ടിവന്നു. എന്റെ അടുത്തേക്ക് ഒരാൾ തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ പറഞ്ഞു. തിരുനബിﷺക്കും ഇബ്രാഹിം നബി(അ)ക്കും അല്ലാഹു ഭൂമി ചുരുട്ടിക്കൊടുക്കുമായിരുന്നു.
    മടിയുള്ള ഒരാൾ നടക്കുന്നതുപോലെയോ ക്ഷീണിച്ച ഒരാൾ സഞ്ചരിക്കുന്നത് പോലെയോ ഒരിക്കലും നബിﷺ നടന്നിരുന്നില്ല. അബൂ യസാർ(റ) എന്നവരുടെ പ്രയോഗം ഇങ്ങനെയാണ്. പ്രധാനപ്പെട്ട ഒരു കാര്യം നിർവഹിക്കാൻ പോകുന്ന ആളെ പോലെ ആയിരുന്നു തിരുനബിﷺയുടെ സഞ്ചാരം; അവശമോ അലസമോ ആയിരുന്നില്ല. ചിലപ്പോഴൊക്കെ ഏതോ ഒരു ഉയർച്ചയിൽ നിന്ന് ഇറങ്ങി വരുന്നതുപോലെ ശ്രദ്ധയോടുകൂടിയുള്ള ചുവടുകളായിരുന്നു. ആഇശ(റ)യുടെ അഭിപ്രായത്തിൽ പറഞ്ഞാൽ ഓരോ ചുവടുകളും ഉയർത്തി വയ്ക്കുന്ന വിധം ചടുലമായിരുന്നു ആ നടത്തം. ചിലത് നിർവഹിക്കാൻ പോകുന്നതുപോലെ മുന്നോട്ടൊന്ന് ആഞ്ഞു കൊണ്ടായിരുന്നു നടന്നിരുന്നത്. പരിസരം നിരീക്ഷിക്കുന്ന വിധം വഴിയുടെ ഇരുവശങ്ങളിലേക്കും നോക്കുകയോ വഴിയോരങ്ങളിലുള്ളവരെ പ്രയാസപ്പെടുത്തുകയോ ചെയ്തിരുന്നില്ല. അവിടുത്തെ നടത്തവും സഞ്ചാരവും പരിസരവാസികൾക്കും അനുവാചകർക്കും എപ്പോഴും സന്തോഷമായിരുന്നു.
    ആഗമനത്തിൽ തന്നെ ഒരു അനുഗ്രഹം. അഭിമുഖീകരിക്കുമ്പോളുള്ള സന്തോഷം. ചുവടുകൾക്കോ ശരീരഭാഷക്കോ ഒരു ന്യൂനതയും പറയാനില്ലാത്ത നടത്തം. എപ്പോഴെങ്കിലും തിരിഞ്ഞുനോക്കേണ്ടി വന്നാൽ ശരീരം മുഴുവനായും തിരിഞ്ഞു കൊണ്ടായിരുന്നു നോക്കുക. കേവലം പിരടി മാത്രം തിരിച്ചു പിന്നിലേക്ക് നോക്കുന്ന സ്വഭാവം ഉണ്ടായിരുന്നില്ല. കണ്ണിട്ട് നോക്കുകയോ അഭംഗിയുള്ള രീതിയിൽ നിരീക്ഷിക്കുകയോ അവിടുത്തെ ശൈലിയായിരുന്നില്ല. അഭിമുഖമായി നിന്നാലും പിന്തിരിഞ്ഞു പോയാലും അത് പൂർണ്ണമായ രീതിയിൽ തന്നെയായിരുന്നു. ചിലപ്പോഴൊക്കെ അനുയായികളുടെ കൈകോർത്തു പിടിച്ചു കൊണ്ട് നടക്കും. ഇടത്തും വലത്തും ചേർന്നു നടക്കുന്നവരെ നന്നായി പരിഗണിക്കും.
    അബൂ ഉമാമ(റ) പറയുന്നു. ഒരിക്കൽ എന്റെ കൈപിടിച്ചുകൊണ്ട് തിരുനബിﷺ നടക്കുകയായിരുന്നു. അപ്പോൾ എന്നോട് ഇങ്ങനെ പറഞ്ഞു. വിശ്വാസികളിൽ എനിക്ക് പ്രത്യേകമായി മാനസിക അടുപ്പമുള്ളവരുണ്ട്. അബൂ ബർസ അൽ അസ്‌ലമി(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുനബിﷺ നടന്നു പോകുന്ന വഴിയിൽ നിൽക്കുകയായിരുന്നു. ദൃഷ്ടിയിൽ പെട്ട ഉടനെ എന്നെ അടുത്തക്ക് വിളിച്ചു. എന്റെ കൈപിടിച്ച് നടക്കാൻ തുടങ്ങി. ബശീർ ബിൻ അൽ ഖസാസിയ(റ) എന്ന സ്വഹാബിക്ക് ഒരു പ്രഭാതത്തിൽ തിരുനബിﷺക്കൊപ്പം കൈപിടിച്ചു നടക്കാൻ അവസരം കിട്ടി. അതിനെ കുറിച് അദ്ദേഹം പറഞ്ഞത്, എനിക്ക് ഇന്ന് എല്ലാ നൻമയും ലഭിച്ചു എന്നാണ്. അബൂഉസാമ(റ) എന്നവർ മഹാനായ ജാബിർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം. സ്വഹാബികൾ തിരുനബിﷺയുടെ പിന്നിൽ സഞ്ചരിക്കുകയും മുൻഭാഗം മലക്കുകൾക്ക് വേണ്ടി വിട്ടുകൊടുക്കുകയും ചെയ്യുമായിരുന്നു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...