Tweet 773

    Tweet 773
    July 26, 2024 • Friday
    Post Header

    തിരുനബിﷺ ഇരിക്കുകയും നടക്കുകയും സ്വഹാബികളോട് സഹവസിക്കുകയുമൊക്കെ ചെയ്യുമ്പോൾ ഓരോ ചലനങ്ങളും അനുയായികൾ ഹൃദയത്തിലേക്ക് ഒപ്പിയെടുക്കും. കാലത്തിന്റെ അടുത്ത പുറത്തേക്ക് അവർ അതിനെ പകർന്നു കൊടുക്കും. അത് തുടർച്ചയായി കാലങ്ങളെ മറികടന്നു കൊണ്ടിരിക്കും. അങ്ങനെ ഇന്ന് ജീവിക്കുന്ന വിജ്ഞാനികളുടെയും പഠന ഗ്രന്ഥങ്ങളുടെയും വാക്കുകൾക്കും വിശദീകരണങ്ങൾക്കുമിടയിലൂടെ ആ നടത്തവുമൊക്കെ കാലത്തിന്റെ നാളെയിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് 1400 സംവത്സരങ്ങൾക്ക് മുമ്പുള്ള ഒരു വ്യക്തിയുടെ നടത്തവും ഇരുത്തവും സഞ്ചരിച്ച വഴികളും വ്യവഹരിച്ച വിതാനങ്ങളുമൊക്കെ നമുക്ക് പുതുമയോടെ പറയാൻ കഴിയുന്നത്.
    പ്രമുഖ സ്വഹാബിയായ അബുദദർദാഅ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ ഒരിടത്തിരുന്നാൽ ഞങ്ങളും ഓരം പറ്റിയിരിക്കും. നബിﷺ ആ സദസ്സിലേക്ക് വീണ്ടും വരാൻ ഉദ്ദേശിച്ചാൽ ചെരുപ്പോ മറ്റോ അവിടെ വച്ചിട്ടായിരിക്കും പോവുക. അപ്പോൾ സദസ്സിന് മനസ്സിലാകും ഇനിയും ഇങ്ങോട്ട് തന്നെ മടങ്ങി വരുമെന്ന്. എല്ലാവരും അവിടെത്തന്നെ ഇരിക്കും. ഒരിക്കൽ സദസ്സിൽ നിന്ന് തിരുനബിﷺയിറങ്ങി. ആവശ്യ നിർവഹണത്തിനുള്ള വെള്ളപ്പാത്രവുമായി ഞാനും പിന്നിൽ കൂടി. എന്നാൽ പ്രവാചകൻﷺ അങ്ങോട്ടു പോകാതെ മടങ്ങി വന്നു. ഞാൻ ചോദിച്ചു. എന്തേ അവിടുന്ന് ആവശ്യം നിർവഹിച്ചില്ലല്ലോ! എന്തേ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലേ! എനിക്ക് പോകേണ്ടിയിരുന്നു. പക്ഷേ, അപ്പോഴാണ് അള്ളാഹുവിൽ നിന്നുള്ള സന്ദേശ വാഹകൻ വന്നത്. അപ്പോൾ ലഭിച്ച ഖുർആൻ ശകലം നബിﷺ ഓതിക്കേൾപ്പിച്ചു. അന്നിസാഅ് അധ്യായത്തിലെ നൂറ്റിപ്പത്താമത്തെ സൂക്തമായിരുന്നു അത്. ആശയം ഇങ്ങനെയാണ്. “തെറ്റ് ചെയ്യുകയോ തന്നോടുതന്നെ അതിക്രമം കാണിക്കുകയോ ചെയ്തശേഷം അല്ലാഹുവോട് പാപമോചനം തേടുന്നവന്‍, ഏറെ പൊറുക്കുന്നവനും ദയാപരനുമായി അല്ലാഹുവിനെ കണ്ടെത്തുന്നതാണ്.”
    “തിന്മ ചെയ്യുന്നതാരായാലും അതിന്റെ ഫലം അവന് ലഭിക്കും. അല്ലാഹുവിനെക്കൂടാതെ ഒരു രക്ഷകനെയും സഹായിയെയും അവന് കണ്ടെത്താനാകില്ല.” ഈ ആശയം ഉൾക്കൊള്ളുന്ന സൂക്തത്തിനു ശേഷം ആശ്വാസം നൽകുന്ന സന്ദേശമായിരുന്നു മേൽ സൂക്തത്തിലൂടെ തിരുനബിﷺ പങ്കുവെച്ചത്. അനുബന്ധമായി നബിﷺ ഇങ്ങനെ കൂടി പറഞ്ഞു. എന്റെ അനുയായികൾക്ക് സന്തോഷ വാർത്ത അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അപ്പോൾ അവർ ഇങ്ങനെ ഒരു വിശദീകരണം കൂടി ആവശ്യപ്പെട്ടു. വ്യഭിചാരവും മോഷണവും സംഭവിച്ചാൽ പോലും പാപമോചനത്തിന് വഴിയുണ്ടോ എന്നായിരുന്നു. അങ്ങനെയാണെങ്കിലും ശേഷം അല്ലാഹുവിനോട് പാപമോചനം തേടിയാൽ അവൻ കാരുണ്യം ചെയ്യുമെന്ന സന്ദേശമായിരുന്നു നബിﷺ തിരിച്ചു നൽകിയത്. മൂന്നുപ്രാവശ്യം ആവർത്തിച്ചപ്പോഴും അവിടുന്ന് അങ്ങനെ തന്നെ പറഞ്ഞു.
    തിരുനബിﷺയുടെ സദസ്സിൽ നിന്ന് സമൂഹത്തിന് ലഭിച്ച ആശ്വാസത്തിന്റെയും ക്ഷേമത്തിന്റെയും ഒരു സന്ദേശം കൂടിയാണിത്. ഒരു സദസ്സിൽ ഇരിക്കുമ്പോൾ എങ്ങനെയൊക്കെ ആകണമെന്നും, സദസ്യർക്ക് എന്തെല്ലാം ന്യായങ്ങൾ വകവച്ചു കൊടുക്കണമെന്നും, സദസ്സിൽ നിന്ന് എഴുന്നേൽക്കുമ്പോൾ എന്തു വിചാരത്തിലും പ്രാർത്ഥനയിലും പിരിഞ്ഞു പോകണമെന്നും പ്രവാചക പാഠശാലയിൽ പ്രത്യേകം അധ്യാപനങ്ങളുണ്ട്. ഏഷണിയോ പരദൂഷണമോ നബിﷺയുടെ സദസ്സിൽ അനുവദിച്ചിരുന്നില്ല. സഹായം ആവശ്യമുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നവരെ പ്രത്യേകം പ്രോത്സാഹിപ്പിച്ചു. സദസ്സിലിരിക്കുമ്പോൾ പാരസ്പര്യങ്ങളിൽ സവിശേഷമായ മര്യാദകൾ പാലിക്കണമെന്ന് അവിടുന്ന് നിർദ്ദേശിച്ചു. സദസ്സ്യരെ അലോസരപ്പെടുത്തുന്നത് ഒരാളിൽനിന്നും ഉണ്ടാകരുതെന്ന് പ്രത്യേകം നിഷ്കർഷിച്ചു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...