
തിരുനബിﷺയുടെ പരിത്യാഗത്തെ കുറിച്ചുള്ള ചില വൃത്താന്തങ്ങളിലൂടെയാണ് ഇനി നാം സഞ്ചരിക്കുന്നത്. ഭൗതിക സൗകര്യങ്ങളോടും സമ്പത്തിനോടും ഒരാളുടെ സമീപനവും വ്യവഹാരവും എങ്ങനെയായിരുന്നു എന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ കൂടുതൽ മനസ്സിലാക്കാനുള്ള ഒരു മാപിനി കൂടിയാണ്. ലഭ്യമാകാവുന്ന സമ്പത്തെല്ലാം സമാഹരിക്കണമെന്നും തന്റെ അധീനതയിൽ നിർത്തണമെന്നും ഒരാൾ ആഗ്രഹിച്ചാൽ അയാളെ ആർത്തിയുടെ പര്യായമായിട്ടേ നമുക്ക് വായിക്കാനാകൂ. അത്തരം ആസ്തികൾക്കും സൗകര്യങ്ങൾക്കും വേണ്ടി അയാൾ ഏതു നിലപാടുകളെയും മാറ്റിയെന്നും വരും. ഒരുപക്ഷേ, ഏത് മൂല്യങ്ങളെയും ബഹിഷ്കരിച്ചെന്നും വന്നേക്കാം.
ഇവിടെ നിന്നുകൊണ്ടാണ് നാം നബി ജീവിതത്തിലെ അധ്യായങ്ങളെ വായിച്ചുകൊണ്ടിരിക്കുന്നത്. അവിടുന്ന് മുന്നോട്ടുവച്ച പാഠങ്ങൾ എന്തായിരുന്നു? അവിടുന്ന് സമീപിച്ച രീതികൾ എങ്ങനെയായിരുന്നു? വിശുദ്ധ ഖുർആനിലെ ഇത് സംബന്ധിയായി നബിﷺയോട് സംവദിക്കുന്ന ഒരു വചനമുണ്ട്. പതിനഞ്ചാം അധ്യായം അൽ ഹിജ്റിലെ എൺപത്തിയെട്ടാം സൂക്തതിന്റെ ആദ്യഭാഗത്തെ ആശയം ഇങ്ങനെ പകർത്താം. “മനുഷ്യരില്‍ വിവിധ വിഭാഗങ്ങൾക്ക് നാം നല്‍കിയ ഐഹിക സുഖാഢംബരങ്ങളില്‍ അവിടുന്ന് കണ്ണുവെക്കരുത്. അതിലൂടെ നാമവരെ പരീക്ഷിക്കുകയാണ്. തങ്ങളുടെ നാഥൻ നൽകുന്ന ഉപജീവനമാണ് ഉല്‍കൃഷ്ടം. നിലനില്‍ക്കുന്നതും അതുതന്നെയാണ്.”
ഇത്തരമൊരു വിചാര ഭൂമിയിൽ നിന്നുകൊണ്ടാണ് തിരുനബിﷺ ഈ ലോകത്തെയും അതിലെ വിഭവങ്ങളെയും സമീപിച്ചത്. നബി ജീവിതത്തിലെ ഓരോ നിമിഷങ്ങളും അനന്തമായി നാളെ ലഭിക്കാനുള്ള അനുഗ്രഹങ്ങളെ കണ്ണുവച്ചുകൊണ്ടായിരുന്നു. ഈ ലോകത്തെ അനുഗ്രഹങ്ങൾക്ക് പിന്നിൽ സഞ്ചരിച്ച് ഇതുതന്നെയാണ് അനശ്വരം എന്ന അബദ്ധവിചാരം അവിടുന്നിന് ഉണ്ടായിരുന്നില്ല. പ്രിയ പത്നി മഹതിയായ ആഇശ(റ) പറയുന്നു. ഒരിക്കൽ നബിﷺ എന്നോട് പറഞ്ഞു. അല്ലയോ ആഇശാ(റ), ഞാൻ ആഗ്രഹിച്ചിരുന്നുവെങ്കിൽ സ്വർണ്ണ മലകൾ എന്നോടൊപ്പം സഞ്ചരിക്കുമായിരുന്നു. അഥവാ അതിലൊന്നും ഞാൻ അത്ര വലിയ താല്പര്യം കാണുന്നില്ല. പ്രവാചകൻﷺ നിർവഹിച്ചിരുന്ന പ്രാർത്ഥനയായി പ്രിയ ശിഷ്യൻ അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു. അല്ലാഹുവേ മുഹമ്മദ് നബിﷺയുടെ കുടുംബത്തിന്റെ ഭക്ഷണം അടിസ്ഥാന ആവശ്യം നിറവേറ്റാൻ മാത്രമുള്ളതാക്കി നൽകേണമേ!
പ്രവാചകൻﷺ പറഞ്ഞതായി അബൂ ഉമാമ(റ) പങ്കുവെക്കുന്നു. മക്കയിലെ ബത്ഹാ മുഴുവൻ സ്വർണ്ണമായി എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഞാൻ പറഞ്ഞു. അല്ലാഹുവേ എനിക്കിത് വേണ്ട. ഒരു ദിവസം വിശന്നും ഒരു ദിവസം ഭക്ഷണം കഴിച്ചും അങ്ങനെ ഒന്നിടവിട്ട് മാത്രം ഭക്ഷിച്ചു ഞാൻ ജീവിച്ചു കൊള്ളാം. എനിക്ക് ഭക്ഷണം ലഭിക്കുന്ന ദിവസം ഞാൻ നിന്നെ സ്തുതിച്ചു സന്തോഷിക്കുകയും വിശക്കുന്ന ദിവസം നിന്നിലേക്ക് വിലയം തേടിയും വിനയപൂർവ്വം ജീവിച്ചും ഞാൻ നിന്റെ സാമീപ്യം പ്രതീക്ഷിച്ചു കൊള്ളാം.
ഒരുപക്ഷെ, ഉഹദ് പർവതം മുഴുവനും സ്വർണ്ണമായി എന്റെ മുന്നിൽ അവതരിച്ചാൽ കടം വീട്ടാനുള്ള എന്തെങ്കിലും ഒഴികെ മറ്റൊന്നും ഞാൻ കരുതിവെക്കാൻ ആഗ്രഹിക്കുന്നില്ല. എല്ലാം അല്ലാഹുവിന്റെ മാർഗത്തിൽ വിനിയോഗിക്കാനാണ് എന്റെ താല്പര്യം. അതിൽ നിന്ന് രണ്ടു ദിനാറെങ്കിലും എന്റെ ഉടമസ്ഥതയിൽ ഉണ്ടായിരിക്കെ അത് ശേഷിപ്പിച്ചു ഞാൻ ഈ ലോകത്തോട് വിട പറയാനും താല്പര്യപ്പെടുന്നില്ല. ഒരിക്കൽ പള്ളിയിലെ മിമ്പറിൽ ഇരുന്നുകൊണ്ട് പ്രവാചകൻﷺ ഇങ്ങനെ പറഞ്ഞു. അല്ലാഹു അവന്റെ ഒരു ദാസന് രണ്ടാൽ ഒന്ന് തിരഞ്ഞെടുക്കാൻ അവസരം നൽകി. ഒന്നുകിൽ ഈ ലോകത്തെ അനുഗ്രഹങ്ങൾ അല്ലെങ്കിൽ അല്ലാഹുവിന്റെ സാമീപ്യം. ആ ദാസൻ അല്ലാഹുവിന്റെ സാമീപ്യമാണ് തെരഞ്ഞെടുത്തത്. അഥവാ തിരുനബിﷺക്ക് അല്ലാഹു നൽകിയ അവസരത്തെ ഉപയോഗപ്പെടുത്തി അവന്റെ സാമീപ്യത്തെയാണ് ആഗ്രഹിച്ചത് എന്ന് ശിഷ്യന്മാരെ പഠിപ്പിക്കുകയായിരുന്നു.
പരിത്യാഗത്തിന്റെ പാഠശാലയിൽ ഈ അധ്യായങ്ങളെക്കാൾ മികച്ചത് മറ്റെന്താണുള്ളത്! ഈ ലോകത്തെ അധികാര, സാമ്പത്തിക മേന്മകൾക്ക് വേണ്ടി വടംവലികൾ നടന്നുകൊണ്ടിരിക്കുമ്പോൾ നിലനിൽക്കുന്ന പരലോകത്തെക്കുറിച്ച് കൃത്യമായ ബോധ്യം നിലനിർത്തുകയും അനുസൃതമായി താൽക്കാലികമായ ഈ ലോകത്തെ സമീപിക്കുകയും ചെയ്യുകയായിരുന്നു തിരുനബിﷺ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
