
മഹതിയായ ഉമ്മു സലമ(റ) നിവേദനം ചെയ്യുന്നു. ഈത്തപ്പനയുടെ നാര് നിറച്ച തലയിണ വച്ചുകൊണ്ടാണ് തിരുനബിﷺ ഉറങ്ങിയത്. അവിടുത്തെ തിരു ശരീരത്ത് പായയുടെ തഴകൾ അടയാളങ്ങൾ വീഴ്ത്തിയിരുന്നു. ഇത് കണ്ടപ്പോൾ എനിക്ക് സഹിക്കാനായില്ല. എന്റെ ഹൃദയം പിടക്കുകയും കണ്ണുകൾ ഈറനണിയുകയും ചെയ്തു. അപ്പോൾ നബിﷺ എന്നോട് ചോദിച്ചു. എന്തിനാണ് കരയുന്നത്? അവിടുത്തെ ശരീരത്തിലെ അടയാളങ്ങൾ കണ്ടതുകൊണ്ടാണ്. അതൊന്നും ഓർത്തു കരയേണ്ടതില്ല. എനിക്ക് ആവശ്യമുണ്ടെന്നു വന്നാൽ പർവതങ്ങൾ സ്വർണ്ണമായി എനിക്കൊപ്പം സഞ്ചരിക്കും. അഥവാ ഈ ലളിതമായ ജീവിതവും പരിത്യാഗവുമൊക്കെ ഞാൻ തിരഞ്ഞെടുത്തതാണ് എന്ന് സാരം.
നബിﷺ പറഞ്ഞതായി അതാഉ ബിൻ യസാർ(റ) പറയുന്നു. ഈ ഭൗതിക ലോകം അണിഞ്ഞൊരുങ്ങി പ്രത്യക്ഷപ്പെട്ടു. ഹരിതാഭവും മധുരതരവുമായിട്ടാണ് രംഗത്ത് വന്നത്. അലങ്കാരപൂർവ്വം ശിരസുയർത്തി എന്നെ നോക്കി. ഞാൻ പറഞ്ഞു നിന്നെ ഞാൻ ലക്ഷ്യം വെക്കുന്നുമില്ല; താല്പര്യവുമില്ല. അപ്പോൾ ദുനിയാവ് എന്നോട് പറഞ്ഞു. എന്നെ അവിടുന്ന് സ്വീകരിക്കുകയാണെങ്കിൽ ജനങ്ങൾ എന്റെ ചുറ്റുവട്ടത്ത് നിന്നും മാറുകയില്ല.
എത്രമേൽ അലങ്കാരത്തോടെയും സൗന്ദര്യത്തോടെയും വന്നാലും ഈ ലോകം നൈമിഷിക വാസത്തിനുള്ള സ്ഥലം മാത്രമാണെന്ന് തിരുനബിﷺക്ക് എപ്പോഴും ബോധ്യമുണ്ടായിരുന്നു.
ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്ന ഒരു നിവേദനം ഉണ്ട്. ഒരിക്കൽ ജിബ്‌രീൽ(അ) നബിﷺയുടെ അടുത്തേക്ക് വന്നു. നബി സന്നിധിയിൽ വച്ച് മേലോട്ടു നോക്കി. അതാ ഒരു മലക്ക്. ജിബ്‌രീൽ(അ) നബിﷺയോട് പറഞ്ഞു. വിളിച്ചത് മുതൽ ഇന്നേവരെ ഈ മലക്ക് ഭൂമിലോകത്തേക്ക് വന്നിട്ടില്ല. ഇപ്പോൾ മാത്രമാണ് അവതരിക്കുന്നത്. പ്രസ്തുത മലക്ക് നബിﷺയോട് ചോദിച്ചു. രണ്ടിലൊരു കാര്യം തെരഞ്ഞെടുക്കാൻ അല്ലാഹു അവിടുത്തേക്ക് അവസരം നൽകിയിരിക്കുന്നു. ഒന്നുകിൽ രാജാവായ നബി അല്ലെങ്കിൽ വിനീത ദാസനായ പ്രവാചകൻ. ഇതിൽ ഏതാണ് അവിടുന്ന് ആവശ്യപ്പെടുന്നത്. ഉടനെ പ്രവാചകൻﷺ നേരെ നോക്കി. വിനയാന്വിതമാവാൻ ജിബ്‌രീൽ(അ) നബിﷺയെ ആംഗ്യം കാണിച്ചു. നബിﷺ ദാസനായ പ്രവാചകൻ എന്ന പദവി തിരഞ്ഞെടുത്തു. പിന്നീട് ഒരിക്കലും തിരുനബിﷺ കിടന്നുകൊണ്ട് ഭക്ഷണം കഴിച്ചിട്ടില്ല എന്ന് ഇബ്നു അബ്ബാസ്(റ) അനുബന്ധമായി ചേർത്തുപറയുന്നുണ്ട്.
ലോകത്തെ മുഴുവൻ ഭണ്ടാരങ്ങളുടെയും ഖജനാവുകളുടെയും താക്കോൽ അവിടുത്തേക്ക് തരട്ടെ എന്ന് പ്രവാചകനോﷺട് ചോദിച്ചുവത്രേ. അപ്പോഴെല്ലാം നാളെ പരലോകത്ത് എനിക്ക് ലഭിച്ചാൽ മതിയെന്നായിരുന്നു അവിടുത്തെ മറുപടി.
കുറഞ്ഞ ചെലവിൽ ലളിതമായി ജീവിക്കുന്ന മിസ്കീന്മാരോട് നബിﷺക്ക് വളരെ താല്പര്യമായിരുന്നു. ആ ഗണത്തിൽ ഒരു മിസ്കീനായി താമസിക്കാൻ ഞാനും ആഗ്രഹിക്കുന്നു എന്ന് പലപ്രാവശ്യവും തിരുനബിﷺ പറഞ്ഞിട്ടുണ്ട്. എന്നെ മിസ്കീന്മാർക്കൊപ്പം ആക്കേണമേ എന്ന പ്രാർത്ഥനാ വചനവും പ്രസിദ്ധമാണ്.
മഹാനായ ഉമർ(റ) പറയുന്ന ഒരു നിവേദനം ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) മറ്റും ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു. ഞാൻ ഒരിക്കൽ പ്രവാചകരുﷺടെ വീട്ടിലെത്തി. അവിടുന്ന് ഒരു പായയിൽ കിടക്കുകയായിരുന്നു. അതിലെ പരുക്കൻ പ്രതലം തിരുനബിﷺയുടെ മേനിയിൽ അടയാളങ്ങൾ വീഴ്ത്തിയിട്ടുണ്ട്. ഞാൻ വീടിന്റെ ഉപരി ഭാഗത്തേക്ക് ഒന്ന് നോക്കി. ചെറുചില്ലറ സാധനങ്ങൾ അല്ലാതെ ഒന്നും അവിടെ ഉണ്ടായിരുന്നില്ല. ഉമറി(റ)ന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അദ്ദേഹം ചോദിച്ചു. ഇതെന്താണ് നബിﷺയെ? അവിടുന്ന് അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട നേതാവല്ലേ! അല്ലാഹുവിന്റെ സൃഷ്ടികളിൽ ഏറ്റവും ഉന്നത പദവിയിലുള്ളവരല്ലേ! കിസ്റയും കൈസറും കണ്ടില്ലേ! അവർ എത്ര പ്രൗഢിയിലാണ് ജീവിക്കുന്നത്!
മുഖം ചുവന്നു തുടുത്ത ഉമർ(റ) മെല്ലെ അവിടെ ഇരുന്നു. നബിﷺ ചോദിച്ചു. അല്ല ഉമറെ(റ), എന്തെങ്കിലും സംശയമുണ്ടോ? നിങ്ങൾ പരാമർശിച്ച കൂട്ടർക്ക് അനുഗ്രഹങ്ങൾ അല്ലാഹു അതിവേഗം നൽകിയിരിക്കുന്നു. ഈ ലോകത്തെ സുഖാഡംബരങ്ങളിൽ അവർ പരിമിതപ്പെടുന്നു. അവർക്ക് ഈ ലോകവും നമുക്ക് പരലോകവും ലഭിക്കുന്നതിൽ നിങ്ങൾക്ക് തൃപ്തിപ്പെടാനാകുന്നില്ലേ? അതെ, എന്ന് പ്രതികരിക്കുകയും അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്തു. ഈ ഹദീസിന്റെ ഒരു നിവേദനത്തിൽ ഒരു അനുബന്ധം കൂടിയുണ്ട്. അല്ലയോ ഉമറെ(റ), വേണമെന്ന് വെച്ചാൽ മാനം മുട്ടുന്ന പർവതങ്ങൾ സ്വർണ്ണമായി നമ്മളോടൊപ്പം സഞ്ചരിച്ചേനെ. നാം അത് താല്പര്യപ്പെടുന്നില്ലല്ലോ എന്ന് സാരം.
ഭൗതിക ലോകത്തോടും അതിലെ ആഡംബരങ്ങളോടും തിരുനബിﷺ എങ്ങനെയാണ് സമീപിച്ചത് എന്നതിന്റെ ഉജ്ജ്വലമായ ഉദാഹരണങ്ങളാണിത്. പരിത്യാഗിയായ പ്രവാചകനെﷺ അന്വേഷിക്കുന്നവർക്ക് ഈ ഉദ്യാനത്തിൽ ഇനിയും പുഷ്പങ്ങളുണ്ട്. അതിൽ വരുന്ന ഏറെ കനികൾ നമുക്ക് ആസ്വദിക്കാൻ വേറെയുമുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
