
ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. തിരുനബിﷺ പറഞ്ഞു. ഉഹ്ദ് പർവതത്തോളം സ്വർണം എന്റെ പക്കൽ ലഭിച്ചാലും മൂന്നുദിവസത്തിലേറെ അതെന്റെ പക്കൽ ഉണ്ടായിരിക്കുകയില്ല. വല്ല കടബാധ്യതയും ഉണ്ടെങ്കിൽ അത് വീട്ടുന്നത് ഒഴിച്ചാൽ ബാക്കി മുഴുവനും ഞാൻ പാവങ്ങൾക്ക് ദാനം ചെയ്യും.
തിരുനബിﷺയുടെ വ്യവഹാര മനസ്സ് എത്രമേൽ വിശാലമായിരുന്നു എന്നറിയിക്കുന്ന അധ്യായമാണിത്. ഔദാര്യം നൽകുക എന്ന പ്രാഥമിക നന്മക്കപ്പുറം ഈ ഭൗതികലോകത്തെ സമ്പാദ്യങ്ങളോടുള്ള തിരുനബിﷺയുടെ സമീപനത്തിന്റെ നിർണയം കൂടിയായിരുന്നു അത്. ഇമാം ബുഖാരി(റ) തന്നെ നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസിൽ നിന്ന് ഇത് മനസ്സിലാക്കാം. ഹക്കീം ബിൻ ഹിസാം(റ) എന്നവർ പറയുന്നു. ഞാൻ പ്രവാചകനോﷺട് ദാനം ആവശ്യപ്പെട്ടു. അവിടുന്ന് എനിക്ക് നൽകി. വീണ്ടും ചോദിച്ചപ്പോൾ വീണ്ടും നൽകി.
ഒടുവിൽ എന്നോട് ഇങ്ങനെ പറഞ്ഞു. അല്ലയോ ഹക്കീമേ(റ)! ഈ ലോകത്തെ സമ്പാദ്യം മധുരമുള്ളതും ഹരിതാഭവുമാണ്. അഥവാ കാണാനും അനുഭവിക്കാനും രസമുള്ളതാണ്. ഔദാര്യ മനസ്സോടുകൂടി അത് സ്വീകരിച്ചാൽ അല്ലാഹു ആ സമ്പാദ്യത്തിൽ അനുഗ്രഹം ചൊരിയും. എന്നാൽ താൻ പോരിമയോടുകൂടിയും ഭൗതികതയോടുള്ള അതിരറ്റ പ്രണയത്തോടെയും ഈ ലോകത്തെ സമ്പാദ്യം സ്വീകരിച്ചാൽ അതിൽ അനുഗ്രഹം ലഭിക്കുകയില്ല. അങ്ങനെയുള്ളവർ ഭക്ഷിക്കുന്നു വയറു നിറയുന്നില്ല എന്നതുപോലെയായിരിക്കും. സ്വീകരിക്കുന്ന കയ്യേക്കാൾ ഉത്തമം നൽകുന്ന കയ്യാണ്. അഥവാ ദാനം നൽകുന്നതാണ് ദാനം സ്വീകരിക്കുന്നതിനേക്കാൾ ഉത്തമം.
ഇപ്പോൾ നാം വായിച്ച നയത്തിൽ നിന്നു കൊണ്ടായിരുന്നു തിരുനബിﷺ ഈ ഭൗതിക ലോകത്തെ അനുഗ്രഹങ്ങളെ മുഴുവനും കണ്ടത്. അതുകൊണ്ടുതന്നെ ഔദാര്യം ചെയ്യുന്നതിനോ മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നതിനോ ഒരു പിശുക്കും ഉണ്ടായിരുന്നില്ല.
ഉഖ്ബ ബിൻ ആമിർ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ ഇപ്രകാരം വായിക്കാം. ഞാൻ പ്രവാചകരുﷺടെ പിന്നിൽ നിന്ന് ഒരു ദിവസം സായാഹ്ന നിസ്കാരം അഥവാ അസർ നിസ്കാരം നിർവഹിച്ചു. മദീനയിൽ വച്ചായിരുന്നു സംഭവം. പതിവിൽനിന്ന് വ്യത്യസ്തമായി നിസ്കാരം കഴിഞ്ഞ ഉടനെ പ്രവാചകൻﷺ മുസ്വല്ലയിൽ നിന്ന് എഴുന്നേറ്റു പോയി. പിന്നിൽ ഉണ്ടായിരുന്ന നിരകൾ ഭേദിച്ച് അതിവേഗമുള്ള പ്രവാചകന്റെﷺ ഈ പോക്ക് അനുയായികളെ ആശ്ചര്യപ്പെടുത്തി. പ്രവാചകൻﷺ മടങ്ങിവന്ന് പോക്കിന്റെ രഹസ്യം പറഞ്ഞു. എന്റെ പക്കൽ ഉണ്ടായിരുന്ന ഒരു സ്വർണ്ണക്കട്ടിയെ കുറിച്ച് ഓർത്തത് കൊണ്ടാണ് ഞാൻ പോയത്. അതെന്റെ പക്കൽ കരുതിവെക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അത് വിതരണം ചെയ്യാൻ ഏൽപ്പിക്കുന്നതിന് വേണ്ടി പോയതായിരുന്നു.
ഈ ലോകത്തെ സമ്പാദ്യങ്ങളും ഖജനാവുകളും ഒന്നും കരുതിവെച്ചു പരിപാലിക്കാൻ തിരുനബിﷺ ആഗ്രഹിച്ചില്ല. അനന്തരാവകാശികൾക്ക് വേണ്ടി സൂക്ഷിച്ചുവെക്കാനും താല്പര്യപ്പെട്ടില്ല. ഭൗതികതയോടുള്ള പ്രണയം ആളുകളെ ആത്മീയതയിൽ നിന്ന് അകറ്റുമെന്നും താൽക്കാലിക സന്തോഷങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങൾ അനന്തമായ സന്തോഷത്തെ ചിലപ്പോൾ ഇല്ലായ്മ ചെയ്യുമെന്നും തിരുനബിﷺക്ക് ബോധ്യമുണ്ടായിരുന്നു. അത് ഇടയ്ക്കിടെ അനുയായികളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.
ലോകത്ത് അറിയപ്പെടുന്ന പലമഹാന്മാരുടെയും ഔദാര്യങ്ങളുടെ അധ്യായങ്ങൾ നമുക്ക് വായിക്കാൻ ഉണ്ടാകും. എന്നാൽ, ഇത്രമേൽ വിശാലമായ ഒരു ഔദാര്യ വിചാരത്തെ ലോക സമക്ഷത്തിൽ അവതരിപ്പിക്കുകയും ജീവിതം കൊണ്ട് പ്രയോഗിക്കുകയും അന്ത്യനാൾ വരെയുള്ള പലകോടി ജനങ്ങളിൽ അത് സ്ഥാപിക്കുകയും ചെയ്ത ഔദാര്യത്തിന്റെ ഒരു പര്യായത്തെ ചരിത്രത്തിൽ വേറെ എവിടെയും വായിക്കാനുണ്ടാവില്ല. വിവിധ മൂല്യങ്ങളുടെ പ്രചാരകരും പ്രവാചകനുമായി ലോകത്ത് അവതരിപ്പിക്കപ്പെടുന്ന പലരും അവരുടെ ജീവിതത്തിൽ ഉണ്ടായ ഏതോ ചില സന്ദർഭങ്ങളെയും സംഭവങ്ങളെയും മുന്നിൽ വച്ചുകൊണ്ട് അവരോധിക്കപ്പെട്ടവരായിരിക്കും. എന്നാൽ, മൂല്യങ്ങളെ അതിന്റെ ശരിയായ ലക്ഷ്യങ്ങളോടെ അവതരിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്ത, അന്ത്യനാൾ വരെയുള്ള അനുയായികളുടെ ജീവിത വ്യവഹാരങ്ങളിൽ അടയാളപ്പെടുത്തിയ എത്ര പേരെ നമുക്ക് വായിക്കാൻ ലഭിക്കും! ഇവിടെയാണ് തിരുനബിﷺയുടെ വ്യക്തിത്വവും ജീവിതമൂല്യങ്ങളും എല്ലാവരെക്കാളും ഉയർന്നു നിൽക്കുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
