
ഔദാര്യത്തിന്റെ പര്യായമായ പ്രവാചകൻﷺ, പിശുക്ക് ഒരു ദുർഗുണമാണെന്നും മനുഷ്യർ അതിൽ നിന്ന് വിട്ടുനിൽക്കണമെന്നും പഠിപ്പിച്ചിട്ടുണ്ട്. വിശുദ്ധ ഖുർആൻ അൽഹശ്ര്‍ അധ്യായത്തിലെ ഒൻപതാം സൂക്തത്തിന്റെ ശകലം പകർന്നു തരുന്ന ആശയം ഇങ്ങനെയാണ്.
“ഏതൊരാള്‍ തന്റെ മനസ്സ് പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍.”
ആലുഇംറാന്‍ അധ്യായത്തിലെ 180 ആം സൂക്തത്തിന്റെ ആശയം ഇങ്ങനെ ചേർത്തു വായിക്കാം.
”അല്ലാഹു അവന്റെ അനുഗ്രഹത്തില്‍ നിന്ന് തങ്ങള്‍ക്കു തന്നിട്ടുള്ളതില്‍ പിശുക്ക് കാണിക്കുന്നവര്‍ അതവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്. എന്നല്ല, അവര്‍ക്ക് ദോഷകരമാണത്. അവര്‍ പിശുക്ക് കാണിച്ച ധനം കൊണ്ട് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവരുടെ കഴുത്തില്‍ ഹാരം ചാര്‍ത്തപ്പെടുന്നതാണ്.”
ലുബ്ധനെയും ലുബ്ധതയെയും എത്രമേൽ ഗൗരവതരമായിട്ടാണ് ഇസ്ലാം കൈകാര്യം ചെയ്യുന്നത്. പരസ്പരം ആശ്രയിച്ചു കഴിഞ്ഞു പോകേണ്ട സാമൂഹിക ഘടനയിൽ ഔദാര്യവും ദാനവും ആണ് നിർമ്മാണാത്മകവും കരണീയവും എന്ന് പ്രവാചകൻﷺ പഠിപ്പിക്കുന്നു. അതിനെതിരായി നിൽക്കുന്ന ദുർഗുണമാണ് പിശുക്ക്. പ്രവാചകരുﷺടെ തിരു മൊഴിയിൽ അക്രമത്തെക്കുറിച്ച് പറഞ്ഞിട്ടാണ് പിശുക്കിനെ സൂചിപ്പിക്കുന്നത്. മുസ്ലിം(റ) ഉദ്ധരിക്കുന്ന ഒരു ഹദീസിന്റെ ആശയം ഇപ്രകാരം പകർത്താം. നബിﷺ പറയുന്നു: ”അക്രമത്തെ നിങ്ങള്‍ സൂക്ഷിക്കണം. നിശ്ചയമായും അക്രമം അന്ത്യദിനത്തിലെ ഇരുട്ടുകളില്‍ പെട്ടതാണ്. പിശുക്കിനെ നിങ്ങള്‍ സൂക്ഷിക്കുക. കാരണം, പിശുക്കാണ് നിങ്ങള്‍ക്ക് മുമ്പുള്ളവരെ നശിപ്പിച്ചത്. പരസ്പരം രക്തം ചിന്താനും പവിത്രതകള്‍ കളങ്കപ്പെടുത്താനും അവരെ പ്രചോദിപ്പിച്ചത്.
സാമൂഹികമായ ഈ ദുരന്ത തലത്തെ കൂടി ഉൾക്കൊണ്ടുകൊണ്ടാണ് അന്നിസാഅ് അദ്ധ്യായത്തിൽ മുപ്പത്തി ഏഴാം സൂക്തത്തിൽ ഖുർആൻ ഇങ്ങനെ പറഞ്ഞത്. “പിശുക്ക് കാണിക്കുകയും പിശുക്ക് കാണിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും തങ്ങള്‍ക്ക് അല്ലാഹു അവന്റെ ഔദാര്യം കൊണ്ട് നല്‍കിയ അനുഗ്രഹം മറച്ചു വെക്കുകയും ചെയ്യുന്നവരാണവര്‍. ആ നന്ദികെട്ടവര്‍ക്ക് അപമാനകരമായ ശിക്ഷയാണ് നാം തയ്യാർ ചെയ്തു വെച്ചിരിക്കുന്നത്.”
എത്ര ഗൗരവതരമായിട്ടാണ് ഖുർആൻ ഈ വിഷയത്തെ സമീപിക്കുന്നത്. പരസ്പര സഹായത്തെയും ഔദാര്യത്തെയും അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന മതം എങ്ങനെയാണ് പിശുക്കിനെയും ലുബ്ധതയെയും അംഗീകരിക്കുക!
പിശുക്കന് പരലോകത്ത് ലഭിക്കാനിരിക്കുന്ന ദുരന്തത്തെ കൂടി ഇസ്ലാം അനുബന്ധമായി സൂചിപ്പിക്കുന്നു. ഇമാം അഹ്മദും(റ) മറ്റും ഉദ്ധരിക്കുന്ന ഒരു നിവേദനത്തിന്റെ ആശയം ഇങ്ങനെ വായിക്കാം. പിശുക്കു കാണിക്കുന്നവനും ജനങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുന്നവനും താന്‍ ഉടമപ്പെടുത്തിയതില്‍ മോശമായ ഇടപാട് നടത്തുന്നവനും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.
ഇമാം ബുഖാരി(റ)യും മറ്റും അബൂഹുറൈറ(റ)യില്‍ നിന്നും നിവേദനം ചെയ്യുന്നു. നബിﷺ പറഞ്ഞു : ”ഓരോ ദിവസവും പ്രഭാതമാവുമ്പോൾ രണ്ട് മലക്കുകള്‍ ഇറങ്ങിവരും. അവരില്‍ ഒരാള്‍ പറയും: അല്ലാഹുവേ, ചെലവഴിക്കുന്നവര്‍ക്ക് വീണ്ടും കൊടുക്കേണമേ! രണ്ടാമത്തെ മലക്ക് പറയും: പിടിച്ച് വെക്കുന്നവര്‍ക്ക് അഥവാ പിശുക്ക് കാണിക്കുന്നവര്‍ക്ക് നാശം കൊടുക്കേണമേ!
അപരനുവേണ്ടി വിനിയോഗിക്കാൻ നിരന്തരമായി പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന മതം, ഓരോ വ്യക്തിക്കും അല്ലാഹു നൽകിയ അനുഗ്രഹത്തെ മറ്റുള്ളവർക്ക് വേണ്ടി കൂടി പങ്കുവെച്ചുകൊടുക്കാൻ നിർദ്ദേശിക്കുന്നു. അതിനു വിരുദ്ധമായ ലുബ്ധതയും പിശുക്കും ഹൃദയങ്ങളെ കൂടുതൽ സങ്കുചിതമാക്കുകയും പല നന്മകളെയും നിരാകരിക്കുകയും ചെയ്യും.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
