Tweet 697

    Tweet 697
    May 11, 2024 • Saturday
    Post Header

    സൈദ് പറയുന്നു: ഉമര്‍(റ) എനിക്ക് രണ്ട് സ്വാഅ് അധികം തന്നു. ഞാന്‍ ചോദിച്ചു: എന്തിനാണ് ഈ അധിക ധനം? ഉമര്‍(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ‍ﷺ എന്നോട് അധികം തരാന്‍ പറഞ്ഞു. ഞാന്‍ തന്നു. അത്രയേ ഉള്ളൂ. ഞാന്‍ ചോദിച്ചു: താങ്കള്‍ക്കെന്നെ അറിയില്ലേ ഉമര്‍(റ)? ഇല്ല, താങ്കളാരാണ്? ഉമര്‍(റ) ചോദിച്ചു. ഞാന്‍ സൈദ്ബിന്‍ സഅന, ജൂത പുരോഹിതൻ! ഉമര്‍(റ) അത്ഭുതം കൂറി. പിന്നെ എന്തുകൊണ്ടാണ് താങ്കള്‍ അല്ലാഹുവിന്റെ ദൂതനോﷺട് ഇങ്ങനെയൊക്കെ പെരുമാറിയത്? ഉമര്‍(റ)! ഞാന്‍ റസൂലിനെ കണ്ട മാത്രയില്‍, പ്രവാചകത്വത്തിന്റെ അടയാളങ്ങളില്‍ പെട്ട രണ്ട് കാര്യങ്ങളല്ലാത്ത മറ്റെല്ലാം ഞാനാ വ്യക്തിത്വത്തിൽ കണ്ടു. ആ രണ്ടെണ്ണം ഉണ്ടെന്ന് എനിക്കുറപ്പില്ലായിരുന്നു. അവയിൽ ഒന്ന് വിവേകമാണ്, അവിവേകത്തെ അതിജയിക്കുക. അവിവേകം ആരില്‍ നിന്നു വന്നാലും നബിﷺയിൽ വിവേകം മാത്രമാണ് വർത്തിക്കുക, അതാണ് രണ്ടാമത്തേത്. അവ രണ്ടും ഞാന്‍ പരിശോധിച്ചുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു.
    ഉമര്‍(റ), താങ്കളെ സാക്ഷി നിര്‍ത്തി ഞാനിതാ പ്രഖ്യാപിക്കുന്നു: അല്ലാഹുവിനെ റബ്ബായും ഇസ്‌ലാമിനെ മതമായും മുഹമ്മദിﷺനെ നബിയായും ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു. ഒന്നുകൂടി അറിയുക. എന്റെ ഭീമമായ ധനത്തിന്റെ പാതിഭാഗം മുഹമ്മദ് നബിﷺയുടെ സമുദായത്തിന് ദാനമായി നല്‍കുകയും ചെയ്തിരിക്കുന്നു. ഉമര്‍(റ)വും സൈദും റസൂലിﷺനടുത്തേക്ക് ചെന്നു. സൈദ് ശഹാദത്ത് അഥവാ സത്യസാക്ഷ്യം ഉരുവിട്ടു: ‘അശ്ഹദു…’ അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ലെന്നും മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. ഞാന്‍ അവനില്‍ വിശ്വസിച്ചിരിക്കുന്നു. ഒപ്പം ഞാനിതാ കരാറും ചെയ്തിരിക്കുന്നു. ഈ രംഗം കണ്ടുനിന്ന ധാരാളം പേര്‍ വിശ്വാസികളായി മാറി. പിന്നീട് സൈദ്(റ) തബൂക്ക് യുദ്ധത്തില്‍ നെഞ്ച് വിരിച്ച് രക്തസാക്ഷിത്വം വരിക്കുകയുണ്ടായി. അല്ലാഹു സൈദി(റ)ന് കാരുണ്യം ചൊരിയുമാറാകട്ടെ.
    എത്ര ശോഭനമായ ഒരു രംഗമാണ് നാം വായിച്ചത്. പ്രവാചകരുﷺടെ വിശേഷങ്ങളും മഹത്വങ്ങളും മുൻകാല വേദങ്ങളിൽ നിന്ന് വായിക്കുന്നു. ഒറ്റക്കാഴ്ചയിൽ തന്നെ പല വിശേഷങ്ങളും വായിച്ചെടുക്കുന്നു. സ്വഭാവപരമായി നബിﷺയിൽ ഉണ്ടായിരിക്കേണ്ട ഗുണങ്ങളെ പരീക്ഷിച്ചറിയുന്നു. കോപത്തെ നിയന്ത്രിക്കുകയും സഹിഷ്ണുതയോടെ സമീപിക്കുകയും ചെയ്യുമെന്ന ഗുണം നേരിട്ടുതന്നെ പരീക്ഷിക്കാൻ തീരുമാനിക്കുന്നു. 100% വും അത് ശരിയാണ് എന്ന് ബോധ്യപ്പെടുന്നു.
    വസ്ത്രത്തിലാകമാനം കടന്നുപിടിച്ച് ക്രൂരമായി നോക്കിയ മനുഷ്യനോട് സൗമ്യമായി സംഭാഷണം നടത്താൻ തിരുനബിﷺക്ക് സാധിക്കുന്നു. പ്രതിയോഗിയായി കടന്നു വന്നയാളെ നേരിടാൻ ശ്രമിക്കുന്ന അനുയായിയെ നിയന്ത്രിക്കുന്നു. ഓരോ ഘട്ടങ്ങളിലും ഒരാൾ നന്മയ്ക്കുവേണ്ടി എങ്ങനെയാണ് ചിന്തിക്കേണ്ടത് എന്ന് അനുയായിയെ പഠിപ്പിക്കുന്നു. ഇടപാടുകാർ തമ്മിൽ ഇടഞ്ഞു നിന്നാൽ കൊടുക്കാനുള്ളയാൾ കൃത്യമായി കൊടുക്കാനും ചോദിക്കുന്ന ആൾ സൗമ്യമായി ചോദിക്കാനും പഠിപ്പിക്കുകയാണ് വേണ്ടത് എന്ന് ഉപദേശിക്കുന്നു. വ്യത്യസ്ത രംഗങ്ങൾ മുഴുവനും അനുവാചകന്റെ ഹൃദയത്തിൽ ആഴത്തിൽ പതിക്കുന്നു. പ്രവാചകൻﷺ മുന്നോട്ടുവെച്ച വിശ്വാസത്തിലേക്ക് വളരെ ലളിതമായി കടന്നുവരുന്നു.
    ഇവിടെ സൈദ്(റ) എങ്ങനെയാണ് ഇസ്ലാം സ്വീകരിച്ചത്. മഹത്വങ്ങളുടെ മഹാ സമ്മേളനത്തെ ഒരു സംഗീതം പോലെ സ്വീകരിക്കുകയായിരുന്നു. ധാർമിക പാഠങ്ങളുടെ രാഗങ്ങൾ ഒത്തുചേർന്ന ഒരു ജീവിതത്തെ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുകയായിരുന്നു. സാമൂഹിക നടപടികളിൽ ഉണ്ടായിരിക്കേണ്ട നന്മകളെ മുഴുവൻ ഒരുമിച്ച് പ്രകാശിപ്പിക്കുന്ന ഒരു മഹാലോകത്തേക്ക് പുഞ്ചിരിച്ചുകൊണ്ട് കടന്നു വരികയായിരുന്നു. ഇങ്ങനെയൊക്കെ സ്വീകരിക്കപ്പെട്ട ഇസ്ലാം, എങ്ങനെയാണ് വാളും ബലാൽക്കാരവും ഒക്കെ ഉപയോഗപ്പെടുത്തുക. ഇല്ല, ചരിത്രത്തിൽ എവിടെയും അങ്ങനെയൊരു പഠനവും പാഠനവും പ്രബോധന രീതിയും ഇസ്ലാം പരിചയപ്പെടുത്തിയിട്ടില്ല. ഇല്ലേയില്ല! ജീവിതത്തിന്റെ സൗന്ദര്യത്തിൽ മനോഹരമായ ഒരു ഉദ്യാനത്തിലേക്ക് പ്രവേശിക്കുമ്പോലെയാണ് പരകോടികൾ ഇസ്ലാമിനെ സ്വീകരിച്ചത്. ശാന്തതയെ നാമവും ശൈലിയും ആയി സ്വീകരിച്ചപ്പോൾ ശാന്തിയുടെ ഹൃദയങ്ങൾ ഈ ശാദ്വല തീരത്തേക്ക് വന്നു ചേരുകയായിരുന്നു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...