
ഖൗലാൻ നിവേദക സംഘം
ഹിജ്‌റയുടെ പത്താം വർഷം ശഅ്ബാനിൽ പത്തു പേരടങ്ങുന്ന ഖൗലാൻ സംഘം നബിﷺയുടെ അടുത്തേക്ക് വന്നു. നബിﷺയോട് ഇങ്ങനെ പറഞ്ഞു. ഞങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുന്നവരും അല്ലാഹുവിന്റെ ദൂതരെﷺ അംഗീകരിക്കുന്നവരുമാണ്. ഞങ്ങൾ ഞങ്ങളുടെ ജനതയുടെ പ്രതിനിധികളാണ്. ദീർഘദൂരം ഒട്ടകസവാരി ചെയ്‌ത് ഇങ്ങോട്ട് വന്നത് ദുർഘടമായ വഴികളും വിജനമായ പാതകളും താണ്ടിയാണ്. എല്ലാ ഔദാര്യങ്ങളും അല്ലാഹുവിനും റസൂലിﷺനും ആണ്. ഞങ്ങൾ തങ്ങളെﷺ സന്ദർശിക്കാൻ വേണ്ടി വന്നതാണ്. തിരുനബിﷺ അവരെ പ്രത്യഭിവാദ്യം ചെയ്തു. നിങ്ങളുടെ വാഹനം കടന്നുവന്ന ഓരോ ചുവടുകളും നിങ്ങൾക്ക് നന്മകൾ രേഖപ്പെട്ടു കഴിഞ്ഞു. എന്നെ സന്ദർശിക്കാൻ വേണ്ടി വന്നതാണെന്നാണല്ലോ നിങ്ങൾ പറഞ്ഞത്. എന്നാൽ, മദീനയിൽ എന്നെ വന്ന് സന്ദർശിക്കുന്നവർ പരലോകത്ത് എന്റെ അയൽവാസികൾ ആയിരിക്കും.
അപ്പോൾ അവർ പറഞ്ഞു. യാത്രയിൽ ഞങ്ങൾക്ക് യാതൊരു നഷ്ടവുമില്ല. തിരുനബിﷺ അവരോടുള്ള സംഭാഷണം തുടർന്നു. അവിടുന്ന് ചോദിച്ചു. നിങ്ങളുടെ അമ്മു അനസ്സിനെ നിങ്ങൾ എന്തു ചെയ്തു? അവർ ആരാധിച്ചുകൊണ്ടിരുന്ന ബിംബത്തിന്റെ പേരായിരുന്നു അത്. അത് വളരെ കഷ്ടത്തിലും നഷ്ടത്തിലുമാണ്. അവിടുന്ന് കൊണ്ടുവന്ന മഹത്തായ ദർശനങ്ങൾ അല്ലാഹു ഞങ്ങൾക്ക് പകരമായി തന്നല്ലോ! ഇനി ഞങ്ങൾ മടങ്ങിച്ചെന്നാൽ ആ ബിംബത്തെ നീക്കം ചെയ്യും. പ്രായം ചെന്ന ഒരു സ്ത്രീയും പുരുഷനും മാത്രമേ ഉള്ളൂ ഇപ്പോൾ അമ്മു അനസിന്റെ കൂടെ. ഞങ്ങൾ മടങ്ങിച്ചെന്നാൽ തീർച്ചയായും അമ്മു അനസ്സിനെ നീക്കം ചെയ്യും. അതിൽ നിന്ന് ഞങ്ങൾക്ക് ഒരുപാട് നാശങ്ങളും ചതികളുമാണ് സംഭവിച്ചിട്ടുള്ളത്. അപ്പോൾ നബിﷺ ചോദിച്ചു. അതിൽ നിന്ന് നിങ്ങൾക്കുണ്ടായ പ്രധാന വിപത്ത് എന്തായിരുന്നു?
ഞങ്ങൾക്ക് ദാരിദ്ര്യം സംഭവിക്കുന്ന കാലത്ത് ഞങ്ങൾ കണ്ടതാണ്. ഒരു പ്രഭാതത്തിൽ മാത്രം 100 കാളകളെ ഒക്കെ അമ്മു അനസ്സിന് വേണ്ടി കാണിക്ക അറുത്തിട്ടുണ്ട്. അഥവാ ബലിദാനം നടത്തിയിട്ടുണ്ട്. അറുക്കപ്പെട്ട മൃഗങ്ങൾ ഒക്കെ വന്യജീവികൾക്കിട്ടുകൊടുക്കും. യഥാർത്ഥത്തിൽ അവകളെക്കാൾ വിശപ്പടക്കാൻ ആവശ്യക്കാർ ഞങ്ങളായിരുന്നു. അങ്ങനെ ഞങ്ങൾക്ക് മഴ ലഭിച്ചാൽ ഞങ്ങൾ പറയും അമ്മു അനസ്സിനെ കൊണ്ടാണ് ഞങ്ങൾക്ക് മഴ ലഭിച്ചത് എന്ന്.
കന്നുകാലികളിൽ നിന്നും കൃഷിയിൽ നിന്നും ദൈവങ്ങൾക്ക് വേണ്ടി സമർപ്പിക്കപ്പെടുന്നതിനെ കുറിച്ച് തിരുനബിﷺയോട് അവർ വിശാലമായി സംസാരിച്ചു. ഞങ്ങൾ കൃഷി ഇറക്കിയാൽ അതിൽ ഒരു ഭാഗം അമ്മു അനസ്സിന് വേണ്ടി വെക്കും. മറ്റൊരു ഭാഗം അല്ലാഹുവിനുവേണ്ടിയും നിശ്ചയിക്കും. കാറ്റ് അമ്മു അനസിന്റെ ഭാഗത്തേക്ക് ചാഞ്ഞാൽ ആ ഭാഗം ദൈവത്തിനു നൽകും. കാറ്റ് അല്ലാഹുവിന് വേണ്ടി നിശ്ചയിക്കപ്പെട്ട ഭാഗത്തേക്ക് ചാഞ്ഞാൽ അത് അമ്മു അനസിന് നൽകും. ഇത്രയും കേട്ടുകഴിഞ്ഞപ്പോൾ ഇത് സംബന്ധമായി അവതരിച്ച ഖുർആൻ സൂക്തം തിരുനബിﷺ അവരെ കേൾപ്പിച്ചു. ആറാം അധ്യായം അൽ അൻആമിലെ 136 ആം സൂക്തമായിരുന്നു അത്.
ആശയം ഇങ്ങനെ വായിക്കാം. “അല്ലാഹു തന്നെ സൃഷ്ടിച്ചുണ്ടാക്കിയ വിളകളില്‍നിന്നും കാലികളില്‍നിന്നും ഒരു വിഹിതം അവരവന് നിശ്ചയിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ടവര്‍ കെട്ടിച്ചമച്ച് പറയുന്നു: “ഇത് അല്ലാഹുവിനുള്ളതാണ്. ഇത് തങ്ങള്‍ പങ്കാളികളാക്കിവെച്ച ദൈവങ്ങള്‍ക്കും.” അതോടൊപ്പം അവരുടെ പങ്കാളികള്‍ക്കുള്ളതൊന്നും അല്ലാഹുവിലേക്കെത്തിച്ചേരുകയില്ല. അല്ലാഹുവിനുള്ളതോ അവരുടെ പങ്കാളികള്‍ക്കെത്തിച്ചേരുകയും ചെയ്യും. അവരുടെ തീരുമാനം എത്ര ചീത്തയാണ്.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
