
അബൂ ദാവൂദ് അത്തയാലിസി(റ)യുടെ ഒരു നിവേദനം ഇങ്ങനെയാണ്. മുസൈലിമയുടെ കത്തുമായി അയാളുടെ ദൂതന്മാരായി ഇബ്നു നവ്വാഹ, ഇബ്നു ഉസാൽ എന്നീ രണ്ടാളുകൾ വന്നു. ഇബ്നു മസ്‌ഊദ്(റ) പറയുന്നു. നബിﷺ അവരോട് സംസാരിച്ചു. നിങ്ങൾ രണ്ടുപേരും മുസൈലിമയുടെ വിശ്വാസത്തിലാണോ? അഥവാ അയാൾ പ്രവാചകനാണെന്ന വിശ്വാസം ഉൾക്കൊള്ളുന്ന ആളുകളാണോ? അവർ പറഞ്ഞു. അതെ. ദൂതന്മാരെ വധിച്ചു കളയുന്നത് സാംഗത്യമുള്ളതല്ലെങ്കിൽ നിങ്ങൾ ആ ശിക്ഷയ്ക്ക് വിധിക്കപ്പെടേണ്ടവരാണ്. പ്രവാചകൻﷺ അവരെ വെറുതെ വിട്ടയച്ചു.
അബൂ റജാ അൽ ഉതാരിദി(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു. പ്രവാചകൻﷺ നിയോഗിക്കപ്പെട്ടപ്പോൾ ഞങ്ങൾ ആ വിവരം അറിഞ്ഞു. ഞങ്ങൾ മുസൈലിമയുടെ അടുത്തേക്ക് ചെന്നു. അയാൾ അഗ്നിയിലേക്ക് അല്ലെങ്കിൽ നരകത്തിലേക്കാണ് കൊണ്ടുപോയത്. ജാഹിലിയ്യ കാലത്ത് ഞങ്ങൾ ശിലയെ ആരാധിക്കുന്നവരായിരുന്നു. അടുത്ത നല്ല ഒരു ശില കണ്ടാൽ ആദ്യത്തേത് ഉപേക്ഷിച്ച് അതിലേക്ക് തിരിയും. അങ്ങനെ ലഭിച്ചില്ലെങ്കിൽ ഒരു കൂനമണ്ണ് ഞങ്ങൾ സ്വീകരിക്കും. അതിന്മേൽ ആടിനെ കറന്നു ക്ഷീരാഭിഷേകം നടത്തും. എന്നിട്ട് അതിനെ പ്രദക്ഷിണം ചെയ്യും. റജബ് മാസമായാൽ ആയുധങ്ങളുടെ മുനകൾ ഊരിവക്കും. എല്ലാ അസ്ത്രങ്ങളുടെയും അമ്പിന്റെയും മൂർച്ചയുള്ള ഭാഗം അഴിച്ചു മാറ്റിവെക്കും. അഥവാ യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസമായാൽ ഞങ്ങൾ ആയുധങ്ങൾ മുഴുവൻ മാറ്റിവെക്കും.
ഇബ്നു അബ്ബാസി(റ)ൽ നിന്ന് നാഫിഉ ബിനു ജുബൈർ(റ) റിപ്പോർട്ട് ചെയ്യുന്ന ഒരു നിവേദനത്തിൽ ഇങ്ങനെയുണ്ട്. തിരുനബിﷺയുടെ കാലത്ത് മുസൈലിമ നബിﷺയുടെ അടുത്തേക്ക് ഒരു സംഘത്തോടൊപ്പം വന്നു. എന്നിട്ട് പറഞ്ഞു. മുഹമ്മദ് നബിﷺക്ക് ശേഷം പ്രവാചകത്വം എനിക്കു നൽകിയാൽ ഞാൻ മുഹമ്മദ് നബിﷺയെ പിന്തുടരാം. ഈ സമയത്ത് നബി(റ)യുടെ അടുത്ത് സാബിത് ബിൻ ഖൈസ് ബിൻ ശമ്മാസ് ഉണ്ടായിരുന്നു. തിരുനബിﷺയുടെ കൈവശമുണ്ടായിരുന്ന ഒരു ഈത്തപ്പനയുടെ മട്ടൽ കഷണം എടുത്തു കാണിച്ചിട്ട് നബിﷺ പറഞ്ഞു. നീ ആവശ്യപ്പെടുന്ന പക്ഷം ഇതുപോലും ഞാൻ നിനക്ക് നൽകില്ല. അല്ലാഹു നിന്റെ കാര്യത്തിൽ എന്താണോ നിശ്ചയിച്ചത് അതിനപ്പുറത്തേക്ക് നിനക്ക് പോകാൻ സാധ്യമല്ല.
ഈ സന്ദേശത്തോടു നീ പുറംതിരിഞ്ഞാൽ നിന്നെ അല്ലാഹു നിലംപരിശാക്കട്ടെ! എനിക്ക് സ്വപ്നത്തിൽ ലഭിച്ച ഒരു ദർശനത്തിന്റെ ഭാഗമായിട്ടാണ് നിന്നെ ഞാൻ കാണുന്നത്. നബിﷺക്ക് സ്വപ്നത്തിൽ കാണിക്കപ്പെട്ടത് എന്ന ആശയമുള്ള പ്രയോഗത്തെക്കുറിച്ച് അബൂ ഹുറൈറ(റ)യോട് ചോദിച്ചപ്പോൾ ഇങ്ങനെ പറഞ്ഞു. നബിﷺ പറഞ്ഞു. ഞാൻ ഉറക്കിൽ വച്ച് രണ്ട് സ്വർണ്ണ വളകൾ എന്റെ കയ്യിൽ കണ്ടു. ആ സാന്നിധ്യം എന്നെ പ്രയാസപ്പെടുത്തി. ഞാൻ അതിനെക്കുറിച്ച് ആലോചിച്ചു. അപ്പോൾ അതിന്മേൽ ഊതാൻ എനിക്ക് ദിവ്യ സന്ദേശം ലഭിച്ചു. അതുപ്രകാരം ഞാൻ അതിൽ ഊതിയതും രണ്ടും പറന്ന് അപ്രത്യക്ഷമായി. എനിക്ക് ശേഷം രംഗപ്രവേശനം ചെയ്യുന്ന രണ്ട് വ്യാജന്മാർ എന്നാണ് ഈ രണ്ടു വളകളെ ഞാൻ വ്യാഖ്യാനിച്ചത്. സൻആഇൽ നിന്നുള്ള അസ്‌വദ് അൽ അനസിയും യമാമയിൽ നിന്നുള്ള മുസൈലിമയുമാണ് ആ രണ്ടുപേർ.
ബുഖാരി(റ)യുടെയും മുസ്ലിമി(റ)ന്റെയും മറ്റൊരു നിവേദനത്തിൽ ഇങ്ങനെയുണ്ട്. തിരുനബിﷺ പറഞ്ഞതായി അബൂഹുറൈറ(റ) നിവേദനം ചെയ്തു. ലോകത്തിന്റെ ഖജനാവുകൾ എനിക്ക് ലഭിച്ചതായി ഞാൻ സ്വപ്നത്തിൽ ദർശിച്ചു. കൂട്ടത്തിൽ രണ്ടു വളകൾ എന്നെ വല്ലാതെ പ്രയാസപ്പെടുത്തി. അവകൾക്കുമേൽ ഊതാൻ എനിക്ക് അല്ലാഹുവിൽ നിന്ന് സന്ദേശം ലഭിച്ചു. അതുപ്രകാരം ചെയ്തതും അവർ രണ്ടും പറന്ന് അപ്രത്യക്ഷമായി. രണ്ടു വ്യാജന്മാരായിട്ടാണ് ഞാൻ ഇതിനെ വ്യാഖ്യാനിച്ചത്. ഒന്ന് സൻആയിൽ നിന്നുള്ള ആളും രണ്ടാമത്തേത് യമാമയിൽ നിന്നുള്ള ആളും.
പ്രവാചകന്മാരാണെന്ന് വ്യാജമായി വാദിച്ച ആളുകളുടെ പരിണതിയും അവരെക്കുറിച്ച് തിരുനബിﷺക്ക് നേരത്തെ ഉണ്ടായിരുന്ന വിവരങ്ങളുമാണ് നാം വായിച്ചത്. തിരുനബിﷺയുടെ പ്രവാചകത്വ വാദം സത്യസന്ധവും പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതുമാണ് എന്നതിനുള്ള മറ്റൊരു പ്രമാണം കൂടിയാണ് ഇവകൾ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
