
ഹിംയറുകാർക്ക് വേണ്ടി തിരുനബിﷺയൊരു സന്ദേശം എഴുതിക്കൊടുത്തു. അതിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു. “ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു. റോമിൽ ഇന്ന് മടങ്ങുന്ന വഴിയിൽ നിങ്ങളുടെ പ്രതിനിധി ഇവിടെ എത്തി. നിങ്ങളുടെ വർത്തമാനങ്ങളും വിശേഷങ്ങളും ഒക്കെ പറഞ്ഞു. നിങ്ങൾ ഇസ്ലാം സ്വീകരിച്ചു എന്നും ബഹുദൈവാരാധനക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. അല്ലാഹു നിങ്ങളെ നേർവഴിയിൽ ആക്കിയിരിക്കുന്നു. നിങ്ങൾ അല്ലാഹുവിനെയും റസൂലിനെﷺയും അനുസരിക്കുകയും നന്മയിൽ വർത്തിക്കുകയും വേണം. നിസ്കാരം നിലനിർത്തുകയും ദാനധർമ്മങ്ങൾ നൽകുകയും ചെയ്യണം. സമരാർജിത സ്വത്തിൽ നിന്ന് അല്ലാഹുവിലേക്ക് വെക്കുന്ന അഞ്ചിൽ ഒരു ഭാഗവും, പ്രവാചകന്റെﷺ അഭീഷ്ടത്തിനു വേണ്ടി നൽകുന്ന അഞ്ചിൽ ഒന്ന് ഭാഗവും കൃത്യമായി നൽകുക.(ശേഷം, കത്തിൽ സകാത്തിന്റെ വിഹിതം ഇങ്ങനെ രേഖപ്പെടുത്തി.) അരുവികളാലും മഴയാലും ഉണ്ടാകുന്നതോ, തന്നത്താന്‍ ഉണ്ടാകുന്നതോ ആയ കൃഷിയില്‍ നിന്നും 10% വും, നനച്ചുണ്ടാക്കുന്നതില്‍ നിന്നും 5% വും സകാത്ത് നല്‍കണം.”
ഒട്ടകത്തിന്റെ നിസ്വാബ് 5 എണ്ണമാണ്. 5 മുതൽ 9 വരെ ഒരു ആട്. 10 മുതൽ 14 വരെ 2 ആട്. 15 മുതൽ 19 വരെ 3 ആട്. 20 മുതൽ 24 വരെ 4 ആട്. 25 മുതൽ 35 വരെ ഒരു വയസ്സുള്ള ഒരു ഒട്ടകം. അല്ലെങ്കിൽ 2 വയസ്സുള്ള ഒരൊട്ടകം. 36 മുതൽ 45 വരെ 2 വയസ്സുള്ള ഒരു ഒട്ടകം. 46 മുതൽ 60 വരെ 3 വയസ്സുള്ള ഒരു ഒട്ടകം. 61 മുതൽ 75 വരെ 4 വയസ്സുള്ള ഒരു ഒട്ടകം. 76 മുതൽ 90 വരെ 2 വയസ്സുള്ള 2 ഒട്ടകം. 91 മുതൽ 120 വരെ 3 വയസ്സുള്ള 2 ഒട്ടകം. പിന്നീട് വരുന്ന ഓരോ 40 നും 2 വയസ്സുള്ള ഓരോ ഒട്ടകം വീതം. ഓരോ 50 ന് 3 വയസ്സുള്ള ഒട്ടകവും.
മാട് വർഗ്ഗത്തിന്റെ നിസ്വാബ് 30 മൃഗം മുതൽ 39 വരെ ഒരു വയസ്സായ കാളക്കുട്ടി. 40 മുതൽ 59 വരെ 2 വയസ്സായ പശുക്കുട്ടി. 60 മുതൽ 69 വരെ ഒരു വയസ്സുള്ള 2 കാളക്കുട്ടി. 70 മുതൽ 79 വരെ 2 വയസ്സുള്ള ഒരു പശുക്കുട്ടിയും ഒരു വയസ്സുള്ള ഒരു കാളക്കുട്ടിയും. പിന്നീട് ഓരോ 30 നും 2 വയസ്സുള്ള ഒരു കാളക്കുട്ടി വീതവും. ഓരോ 40 നും 2 വയസ്സുള്ള പശുക്കുട്ടിയും.
ആടിന്റെ നിസ്വാബ് 40 എണ്ണമാണ്. 40 മുതൽ 120 വരെ ഒരു ആട്. 121 മുതൽ 200 വരെ 2 ആട്. 201 മുതൽ 300 വരെ 3 ആട്. 301 മുതൽ 400 വരെ 4 ആട്. 401 മുതൽ 500 വരെ 5 ആട്. പിന്നീട് വരുന്ന ഓരോ 100 നും ഓരോ ആട് വീതമാണ് നൽകേണ്ടത്.
ഇത് അല്ലാഹു വിശ്വാസികൾക്ക് നിശ്ചയിച്ചിട്ടുള്ള ദാനധർമ്മ വ്യവസ്ഥിതിയാണ്. ഇതിന് പുറമേ എത്രമേൽ നന്മ അധികരിപ്പിക്കുന്നുവോ അത്രമേൽ ഗുണം ലഭിക്കും.
മേൽ പറയപ്പെട്ട കാര്യങ്ങൾ നിറവേറ്റുകയും ഇസ്ലാമിനു സാക്ഷിയായി നിലകൊള്ളുകയും ബഹുദൈവാരാധനക്കെതിരെ പ്രത്യക്ഷത്തിൽ നിലപാടെടുക്കുകയും ചെയ്താൽ അയാൾ സത്യവിശ്വാസിയായി. അയാൾക്ക് അല്ലാഹുവിന്റെ സംരക്ഷണം ഉണ്ട്. ജൂത ക്രിസ്ത്യാനികളിൽ നിന്ന് വിശ്വാസം സ്വീകരിക്കുന്നവർക്ക് അവരുടേതായ പ്രതിഫലം ഉണ്ട്. ജൂത ക്രൈസ്തവ വിശ്വാസങ്ങൾ നിലനിർത്തി പോരുന്ന ആളുകൾക്ക് നികുതിയോട ജീവിക്കുകയും ജീവസന്താരണം നടത്തുകയും ചെയ്യാം. അവർക്കും പൊതുവായ സംരക്ഷണവും സുരക്ഷിതത്വവും ഉണ്ട്. ആരെങ്കിലും അല്ലാഹുവിന്റെയും റസൂലിﷺന്റെയും ശത്രുക്കളായാൽ, ആ ശത്രുതയ്ക്ക് പ്രതികരണം അവർ അനുഭവിക്കേണ്ടിവരും.
അല്ലാഹുവിന്റെ ദൂതർﷺ അവിടുത്തെ പ്രതിനിധികളെ സുർഅതു സീയസനിന്റെ അടുത്തേക്ക് അയക്കുന്നു. അവർ നിങ്ങളുടെ അടുക്കലേക്ക് വന്നാൽ നന്മയിൽ വർത്തിക്കണമെന്ന് ഞാൻ പ്രത്യേകം വസിയ്യത്ത് ചെയ്യുന്നു. മുആദ് ബിൻ ജബൽ(റ), അബ്ദുല്ലാഹി ബിൻ സൈദ്(റ), മാലിക് ബിൻ ഉബാദ(റ), ഉക്ബത് ബിൻ നമിർ(റ), മാലിക് ബിൻ മുറാറ:(റ) എന്നിവരാണ് പ്രതിനിധികൾ. അവരാണ് ദാനധർമ്മങ്ങളും മറ്റും സമാഹരിക്കുന്നത്. അവരുടെ നേതാവ് മുആദ് ബിൻ ജബൽ(റ) ആയിരിക്കും. അദ്ദേഹത്തെ നിങ്ങൾ സംതൃപ്തിയോടുകൂടി മാത്രം തിരിച്ചയക്കുക.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
