
ബനുൽ ബക്കാഅ് നിവേദക സംഘം.
ഇബ്നു ശാഹിൻ അബൂ നുഐം(റ) എന്നിവർ നിവേദനം ചെയ്യുന്നു. ഹിജ്റയുടെ ഒൻപതാം വർഷം ബനുൽ ബക്കാഇൽ നിന്ന് മൂന്നാളുകളുള്ള ഒരു സംഘം തിരുനബിﷺയുടെ സന്നിധിയിൽ എത്തി. നൂറു വയസ്സുള്ള മുആവിയത് ബിൻ സൗർ അൽ ബക്കാഇ, അദ്ദേഹത്തിന്റെ മകൻ ബിശർ, ഫുജയ്ഉ ബിൻ അബ്ദുല്ലാഹി ബിനു ജുൻദുഹ് എന്നിവരായിരുന്നു ആ മൂന്നു പേർ. അബ്ദു അംറ് എന്ന ഒരു അന്ധനും അവരെ അനുഗമിച്ചു. ഈ സംഘത്തിന് നല്ല ആതിഥ്യവും സൽക്കാരവും ഒരുക്കി മദീനയിൽ സ്വീകരിച്ചു. സന്തോഷകരമായ ആതിഥ്യത്തിനു ശേഷം അവർ നാട്ടിലേക്ക് തിരിച്ചു പോകാൻ ഒരുങ്ങി. ആ സമയത്ത് വയോധികനായ മുആവിയ(റ) പറഞ്ഞു. അല്ലയോ പ്രവാചകരേﷺ, ഞാൻ ഏറെ പ്രായമായല്ലോ അവിടുത്തെ സ്പർശം കൊണ്ട് ഞാൻ അനുഗ്രഹം സ്വീകരിക്കുന്നു. ഇതാ എന്റെ ഈ മകൻ എനിക്ക് ഏറെ നന്മ നൽകുന്ന പുത്രനാണ്. അവിടുന്ന് മകന്റെ മുഖത്ത് ഒന്ന് തലോടിയാലും. പ്രവാചകർﷺ അവർക്ക് അനുഗ്രഹ പ്രാർത്ഥന നൽകി. ആശിർവാദങ്ങളും അനുഗ്രഹങ്ങളും നേർന്നു. നല്ല കറവയുള്ള ഉയർന്ന തരം വെളുത്ത ആടുകളെ അവർക്ക് സമ്മാനിച്ചു. ഈ സംഭവത്തിന്റെ നിവേദകന്മാരിൽ ഒരാൾ പറയുന്നു. പിൽക്കാലത്ത് അവരുടെ ഗോത്രത്തിൽ ദാരിദ്ര്യം ഉണ്ടാകുമ്പോഴും മുആവിയ(റ)യുടെ കുടുംബത്തിന് ദാരിദ്ര്യം സ്പർശിക്കാറില്ലായിരുന്നു.
അന്ധനായി അവരുടെ ഒപ്പം ഉണ്ടായിരുന്ന അബ്ദു അംറി(റ)നെ അബ്ദുറഹ്മാൻ എന്ന് നാമകരണം ചെയ്തു. അംറിന്റെ ദാസൻ എന്നർത്ഥമുള്ള പേരുമാറ്റി അല്ലാഹുവിന്റെ ദാസൻ എന്നാക്കിയെന്നു സാരം.
ബനൂ ബക്കർ ബിൻ വാഇലിന്റെ സംഘം.
ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. ബനൂ ബക്കർ ഗോത്രത്തിലെ ഒരു സംഘം തിരുനബിﷺയുടെ സന്നിധിയിൽ എത്തി. കൂട്ടത്തിൽ നിന്ന് ഒരാൾ തിരുനബിﷺയോട് ചോദിച്ചു. ഖുസ്സ് ബിൻ സാഇദായെ അവിടുത്തേക്ക് അറിയുമോ? അയാൾ നിങ്ങളുടെ കൂട്ടത്തിൽ പെട്ട ആളല്ലല്ലോ? എന്നുമാത്രം തിരുനബിﷺ പ്രതികരിച്ചു.
അബ്ദുല്ലാഹി ബിൻ അസ്‌വദ് എന്ന വ്യക്തിയും ഈ സംഘത്തോടൊപ്പം വന്നിരുന്നു. അവർ വരുന്ന വഴിയിൽ യമാമയിൽ ഇറങ്ങി കൈവശമുണ്ടായിരുന്ന ചരക്കുകൾ കച്ചവടം ചെയ്തു സംഖ്യയും കയ്യിൽ കരുതിയാണ് മദീനയിലെത്തിയത്. ഒരു തോൽപാത്രത്തിൽ കാരക്കകൾ പ്രവാചക സവിധത്തിലേക്ക് അവർ കൊണ്ടുവന്നു. തിരുനബിﷺ അവർക്ക് വേണ്ടി സവിശേഷമായ പ്രാർത്ഥനകൾ നടത്തി.
പ്രവാചകരുﷺടെ സാന്നിധ്യവും ഇസ്ലാം ദർശനത്തിന്റെ വളർച്ചയും കേട്ടും അറിഞ്ഞും ചെറുതും വലുതുമായ സംഘങ്ങൾ പരിസര രാജ്യങ്ങളിൽ നിന്നെല്ലാം നിരന്തരമായി വന്നുകൊണ്ടിരുന്നു എന്നാണ് ഇത്തരം വായനകൾ നമുക്ക് സമ്മാനിക്കുന്ന സന്ദേശം. ഓരോരുത്തരെയും അർഹിക്കുന്ന വിധം സ്വീകരിക്കാനും അവരുടെ ആവശ്യങ്ങൾ അറിഞ്ഞു പ്രതികരിക്കാനും നിവാരണങ്ങൾ വേണ്ടവർക്ക് നിവാരണങ്ങൾ നൽകാനും തിരുനബിﷺ എത്രമേൽ ശ്രദ്ധിച്ചു എന്നുകൂടി ഈ സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
മദീനയിൽ നിന്ന് രൂപപ്പെട്ടുവന്ന ഒരാഗോള സംസ്കാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾക്ക് പ്രയോഗിച്ച് തെളിയിക്കാൻ സാധിച്ചിരുന്നു എന്നും ആഗോള സമൂഹം എന്ന ആധുനിക സങ്കേതങ്ങൾ രൂപപ്പെടുന്നതിന് മുമ്പ് ഒരു മഹാദർശനത്തെ ആഗോള സ്വഭാവത്തിൽ ചിട്ടപ്പെടുത്തി എന്നതും തിരുനബിﷺയുടെ ജീവിതത്തിൽ ശ്രദ്ധേയമായ ഒരു അധ്യായമാണ്. പേർഷ്യയിൽ നിന്നുള്ള സൽമാനും(റ) ആഫ്രിക്കയിൽ നിന്നുള്ള ബിലാലും(റ) ദോസിൽ നിന്നുള്ള അബൂഹുറൈറ(റ)യും യമനിൽ നിന്നുള്ള അബു മൂസ(റ)യും മനസ്സും ചിന്തയും ചേർത്തും കോർത്തും ഒരേ ലക്ഷ്യത്തിലേക്ക് ഒരേ നിരയിൽ നിന്നും ഒരു സമൂഹഗാത്രത്തെ എങ്ങനെ പരിപാലിച്ചു എന്ന ചരിത്രവും വർത്തമാനവും ഇന്നും അത്ഭുതത്തോടെ നോക്കിക്കാണുകയാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
