
ബാഹിലയുടെ ദൗത്യസംഘം.
ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. മുത്വർരിഫ് ബിൻ അൽക്കാഹിൻ അൽ ബാഹിലി അദ്ദേഹത്തിന്റെ സമൂഹത്തിന്റെ പ്രതിനിധിയായി പ്രവാചക സവിധത്തിലേക്ക് വന്നു. മക്ക വിജയത്തിനുശേഷം ആയിരുന്നു ഇത്. അദ്ദേഹം പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ! ഞങ്ങൾ ഇസ്ലാം സ്വീകരിച്ചിരിക്കുന്നു. അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും ആകാശത്തു നിന്ന് അവൻ അവതരിപ്പിച്ച മതത്തിലും ഞാൻ സാക്ഷ്യം വഹിക്കുന്നു. തങ്ങളെﷺ ഞങ്ങൾ സ്വീകരിക്കുകയും സത്യമാണെന്ന് അംഗീകരിക്കുകയും ചെയ്യുന്നു. അവിടുന്ന് ഞങ്ങൾക്ക് അവതരിപ്പിച്ച കാര്യങ്ങൾ സ്വീകരിക്കുന്നു. അതുകൊണ്ട് ഞങ്ങൾക്ക് വേണ്ടി ഒരു സന്ദേശം എഴുതിത്തരണം.
പ്രവാചകൻﷺ എഴുതി. “മുത്വർരിഫ് ബിൻ അൽബാഹിലിക്കും ബാഹിലയിലെ ബീശ നിവാസികൾക്കും വേണ്ടി അല്ലാഹുവിന്റെ ദൂതൻ മുഹമ്മദ് നബിﷺ എഴുതുന്നത്. ഉപയോഗ രഹിതമായി കിടന്ന ഭൂമി ആരെങ്കിലും പ്രയോജനപ്രദമായി ജീവിപ്പിച്ചാൽ, നാൽക്കാലികളെ മേയ്ക്കാൻ വേണ്ടി പ്രയോജനപ്പെടുത്തിയാൽ ആടിൽ നിന്ന് 40 ഉം മാടില്‍ നിന്ന് 30ഉം ഒട്ടകത്തിൽ നിന്ന് 50ഉം എണ്ണം എത്തിയാൽ നിർദ്ദേശിക്കപ്പെട്ട സകാത്ത് നൽകാൻ അതിന്റെ ഉടമസ്ഥർ ബാധ്യസ്ഥരാണ്.”
പ്രസ്തുത സമുദായത്തോട് അനുഷ്ഠാന സാമ്പത്തിക വ്യവഹാരങ്ങളെ കുറിച്ച് പ്രവാചകൻﷺ സംസാരിച്ചു എന്നർത്ഥം. ശരിയായ വിശ്വാസത്തിലേക്കും അനുബന്ധമായ സദ്കർമ്മങ്ങളിലേക്കും എല്ലാവരും എത്തിച്ചേരുക എന്നതിനപ്പുറം സാമ്പത്തികമോ അധികാരപരമോ ആയ ഒരു താൽപര്യവും പ്രവാചകന്ﷺ ഉണ്ടായിരുന്നില്ല. ഓരോ നാട്ടിലെയും വിഭവങ്ങൾക്ക് അനുസരിച്ചായിരുന്നു അവരവരോട് സംസാരിച്ചിരുന്നത്. ധാന്യങ്ങൾ ഉള്ള നാട്ടുകാരോട് ധാന്യത്തെക്കുറിച്ചും അതിന്റെ ധർമ്മത്തെക്കുറിച്ചും നാൽക്കാലികൾ ഉള്ള നാടുകളിൽ നിന്ന് വരുന്നവരോട് അവർക്ക് ലഭ്യമായ വിഭവങ്ങളും അതിന്റെ വ്യവഹാരങ്ങളും എങ്ങനെയായിരിക്കണം എന്നും കൃത്യമായി ഉത്ബോധിപ്പിച്ചു.
ഇബ്നു സഅദ്(റ) തന്നെ നിവേദനം ചെയ്യുന്ന മറ്റൊരു റിപ്പോർട്ട് ഇങ്ങനെയാണ്. നഹ്ശൽ ബിൻ മാലിക് അൽ വാഇലി എന്ന ആൾ ബാഹിലയിൽ നിന്ന് പ്രവാചക സവിധത്തിലേക്ക് വന്നു. തിരുനബിﷺ അവർക്ക് വേണ്ടി സന്ദേശങ്ങൾ എഴുതി കൊടുത്തു. അതിൽ ഇസ്ലാമിക നിയമങ്ങളും ചിട്ടകളും കൃത്യമായി രേഖപ്പെടുത്തിയിരുന്നു. ഉസ്മാൻ ബിൻ അഫ്ഫാനാ(റ)ണ് ആ കത്ത് തയ്യാർ ചെയ്തത്.
ഇസ്ലാം സംസ്കൃതിയുടെ ഏറ്റവും വലിയ പ്രത്യേകത ജീവിത വ്യവഹാരത്തിന്റെ ഓരോ തലത്തിലും വ്യക്തമായ നിയമങ്ങളും നിർദ്ദേശങ്ങളും ഉണ്ട് എന്നതാണ്. ഓരോ സാധാരണ വിശ്വാസിയും മതാനുസൃതമായി ജീവിക്കണമെങ്കിൽ കുറെയേറെ കാര്യങ്ങളിൽ അറിവ് ആർജിക്കേണ്ടതുണ്ട്. മതം നിർദ്ദേശിക്കുന്ന നിർബന്ധ ആരാധനകളും അത് നിർവഹിക്കേണ്ട രീതികളും, മനുഷ്യസഹജമായി ദൈനംദിന കാര്യങ്ങൾ എങ്ങനെ നിർവഹിക്കണം എന്നതിന്റെ മത നിയമങ്ങളും ചിട്ടയോടെ പഠിച്ചു കൊണ്ട് വേണം മുന്നോട്ടു പോകാൻ. പ്രാഥമിക ശുചീകരണ പ്രക്രിയകൾ മുതൽ അന്താരാഷ്ട്ര വ്യവഹാരങ്ങൾ വരെ ഇസ്ലാമിന് ഇസ്ലാമിന്റേതായ നിർദ്ദേശങ്ങളും ചിട്ടകളും ഖുർആനും തിരുചര്യകളും പഠിപ്പിക്കുന്നുണ്ട്.
അതാതു കാര്യങ്ങളിൽ മതം നിർദ്ദേശിച്ച രൂപത്തിൽ നിർവഹിച്ചാൽ മാത്രമേ നടപടികൾ പ്രതിഫലാർഹവും ശിക്ഷയിൽ നിന്ന് മുക്തവും ആവുകയുള്ളൂ. പൊതുവിഭവങ്ങളെ വിനിയോഗിക്കുന്നത് എങ്ങനെയൊക്കെ ആയിരിക്കണം എന്നതിന് കണിശമായ നിർദ്ദേശങ്ങൾ മതം വെച്ചിട്ടുണ്ട്. അത് പാലിക്കാത്ത പക്ഷം ശിക്ഷ നടപ്പിലാക്കാൻ ഇസ്ലാമിക ഗവൺമെന്റുകൾക്ക് അധികാരമുണ്ട്. ഇസ്ലാമിക ഗവൺമെന്റുകൾ നിലവിലില്ലാത്ത സ്ഥലങ്ങളിൽ ആണെങ്കിലും പരലോകത്ത് ചെല്ലുമ്പോൾ ആത്യന്തികമായ നീതിന്യായ വ്യവസ്ഥിതി നടപ്പിലാക്കപ്പെടുമെന്നും ഭൂമിയിൽ നിർവഹിച്ച കർമ്മങ്ങൾക്ക് രക്ഷാശിക്ഷകളും പ്രതിഫലങ്ങളും വിജയിച്ചവർക്ക് സ്വർഗ്ഗവും പരാജയപ്പെട്ടവർക്ക് നരകവും ഉണ്ടെന്നും അത് കൃത്യമായി ലഭിക്കുമെന്നും ഇസ്ലാം പഠിപ്പിക്കുന്നു. താൽക്കാലിക കൗശലങ്ങൾ കൊണ്ട് ഈ ലോകത്ത് രക്ഷപ്പെടുന്നവരും പരമാധികാരത്തിന്റെ പരലോകത്ത് പടച്ചവന്റെ നീതിന്യായ നടപടിക്ക് മുമ്പിൽ ഹാജരാക്കപ്പെടുമെന്നും ഇസ്ലാം വ്യക്തമായും ന്യായമായും പഠിപ്പിക്കുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
