Tweet 557

    Tweet 557
    December 23, 2023 • Saturday
    Post Header

    ഇമാം ഇബ്നു ഇസ്ഹാഖി(റ)ന്റെ മറ്റൊരു നിവേദനം കൂടി നമുക്ക് വായിക്കാം. മുഅ്തയിലെ പടക്കളത്തിൽ നിന്ന് സ്വഹാബികളുടെ രക്തസാക്ഷിത്വം അറിഞ്ഞപ്പോൾ തിരുനബിﷺ ആ രംഗങ്ങൾ നേരിട്ട് നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. സൈദുബ്നു ഹാരിസ(റ) പതാക എടുത്തു. കൊല്ലപ്പെടും വരെ പതാകയേന്തി പടക്കളത്തിൽ ഉറച്ചുനിന്നു. ഈ രംഗം കണ്ടുകഴിഞ്ഞപ്പോൾ തിരുനബിﷺ അല്പനേരം മൗനം ദീക്ഷിച്ചു. തിരുനബിﷺയുടെ മുഖഭാവം മാറി. അബ്ദുല്ലാഹിബിന് റവാഹ(റ)ക്ക് എന്തോ സംഭവിച്ചു പോയോ എന്ന് അൻസ്വാരികളായ സ്വഹാബികൾ ചിന്തിച്ചു. അധികം വൈകിയില്ല. അബ്ദുല്ലാഹിബ്നു റവാഹയും പതാകയേന്തി കൊല്ലപ്പെടുംവരെ പടക്കളത്തിൽ ഉറച്ചുനിന്നു. ശേഷം, നബിﷺ പറഞ്ഞു. സ്വർണ്ണത്താലുള്ള കിടക്കകളിൽ അവർ സ്വർഗത്തിൽ ഉള്ളതായി എനിക്ക് കാണിക്കപ്പെട്ടു.
    അബൂ ആമിറി(റ)ൽ നിന്ന് ഇബ്നു സഅദ്(റ) ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്. പ്രിയപ്പെട്ട സ്വഹാബികളുടെ വിയോഗ വാർത്തയറിഞ്ഞ് നബിﷺ ദുഃഖിച്ചു. മധ്യാഹ്ന നിസ്കാരത്തിന് നേതൃത്വം കൊടുത്ത ശേഷം അവിടുന്ന് ജനങ്ങളിലേക്ക് നോക്കി. ആ മുഖഭാവം നമുക്ക് താങ്ങാൻ ആവുന്നതായിരുന്നില്ല. സായാഹ്ന നിസ്കാരം കഴിഞ്ഞപ്പോഴും അതേ മുഖഭാവത്തിൽ തന്നെയായിരുന്നു. അനുയായികൾക്ക് അപ്പോഴും പ്രയാസമുണ്ടായി. സന്ധ്യാ നിസ്കാരം കഴിഞ്ഞപ്പോഴും രാത്രി നിസ്കാരം കഴിഞ്ഞപ്പോഴും അതേ മുഖഭാവം തന്നെ തുടർന്നു. അപ്പോഴെല്ലാം അനുയായികളിൽ ദുഃഖം വർദ്ധിച്ചു. അടുത്തദിവസം പ്രഭാത നിസ്കാരത്തിനു വേണ്ടി തിരുനബിﷺ പള്ളിയിൽ എത്തി. പുഞ്ചിരി തൂകിക്കൊണ്ടായിരുന്നു ആ വരവ്. പള്ളിയുടെ എല്ലാ കോണിൽ നിന്നുമുള്ള ആളുകൾ നിസ്‌കാരം വരെ ആ മുഖഭാവത്തിലേക്ക് നോക്കി സന്തോഷിച്ചു. അപ്പോൾ സ്വഹാബികൾ നബിﷺയോട് പറഞ്ഞു. അവിടുത്തെ ഈ ഭാവങ്ങളിൽ അവിടുന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണ് എന്ന് അല്ലാഹുവിനല്ലാതെ അറിയില്ല. അഥവാ അവിടുത്തെ സമീപന വ്യത്യാസങ്ങളുടെ പൊരുൾ ഞങ്ങൾക്ക് മനസ്സിലായിട്ടില്ലല്ലോ! ഒന്ന് അറിയിച്ചു തന്നാലും എന്ന്. തിരുനബിﷺ അവിടുന്ന് പറഞ്ഞു തുടങ്ങി. എന്റെ പ്രിയപ്പെട്ടവരുടെ വിയോഗം എന്നെ വേദനിപ്പിച്ചു. പക്ഷേ, അവർ സ്വർഗീയ സപ്രമഞ്ചങ്ങളിൽ ഉല്ലസിക്കുന്നത് കണ്ടപ്പോൾ എനിക്ക് സന്തോഷമായി. അവരിൽ ചിലർ മരണത്തെ ഭയന്ന് വാൾ തലപ്പിൽ നിന്നും മാറുന്നതുപോലെ എനിക്ക് തോന്നിയിരുന്നു. മലക്കുകളുടെ ചിറകുകളും വഹിച്ചു പറക്കുന്ന ജഅ്ഫറി(റ)നെ ഞാൻ സ്വർഗ്ഗത്തിൽ കണ്ടു.
    ഈ നിവേദനങ്ങൾ എന്തൊക്കെ സന്തോഷങ്ങളും സമീപനങ്ങളുമാണ് നമുക്ക് പകർന്നു തരുന്നത്.
    ഒന്ന്. തിരുനബിﷺയുടെ ഓരോ ഭാവങ്ങളെയും ഇമവെട്ടാതെ നോക്കിയിരിക്കുന്ന അനുയായികൾ. ഓരോ ഭാവഭേദങ്ങളും അവരെ സ്വാധീനിക്കുന്നു. അതിന്റെ പൊരുൾ എന്താണെന്ന് അറിയാൻ അവർ താൽപര്യപ്പെടുന്നു. വിശദീകരണം ആവശ്യമുള്ള നേരങ്ങളിൽ അതിന്റെ വിശദാംശങ്ങൾ അനുയായികളോട് പങ്കുവെക്കുന്നു.
    രണ്ട്. അനുയായികളുടെ ദുഃഖവും സന്തോഷവും നേതാവായ തിരുനബിﷺയിൽ ഏറെ ആഴത്തിൽ സ്വാധീനിക്കുന്നു. അവരുടെ വേദനയിൽ അവിടുന്ന് വേദനിക്കുന്നു. അവിടുത്തെ ആനന്ദത്തിൽ അവരുടെ ഹൃദയം നിറയുന്നു. അനുയായികൾക്ക് അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹം ലഭിക്കുമ്പോൾ തിരുനബിﷺ ആനന്ദിക്കുന്നു.
    മൂന്ന്. ഈ ലോകത്തിരുന്ന് കൊണ്ട് പരലോകത്തെ ഓരോ രംഗങ്ങളും വീക്ഷിക്കാനുള്ള അവസരം അല്ലാഹു തിരുനബിﷺക്ക് നൽകിയിരിക്കുന്നു. അസാധാരണമായ കാഴ്ചയും അറിവും വിശേഷണങ്ങളും നൽകി അല്ലാഹു അവന്റെ പ്രിയ ദൂതനെ ആദരിച്ചിരിക്കുന്നു എന്നതിന്റെ പ്രമാണമാണിത്. എത്ര വ്യക്തമായിട്ടാണ് സ്വർഗ്ഗീയ കാഴ്ചകളെ കുറിച്ച് മുത്ത് നബിﷺ അനുയായികളോട് സംസാരിച്ചത്.
    നാല്. പ്രവാചകത്വ വിശേഷണങ്ങളിൽ നിന്നുകൊണ്ട് തിരുനബിﷺ സംസാരിച്ചപ്പോൾ കേവല യുക്തിക്കപ്പുറമുള്ള ഒരുപാട് ലോകങ്ങളുണ്ട് എന്ന് അംഗീകരിക്കാനും വിശ്വസിക്കാനും ഉള്ള വിശാലതയും സൗഭാഗ്യവും പ്രവാചക ശിഷ്യന്മാർക്ക് ലഭിച്ചു. അതവരുടെ പുരോഗമനത്തിന്റെ പടവുകളായി വർത്തിച്ചു. അതിലൂടെ ഇരുലോക വിജയത്തിനും അവർ നിയുക്തരായി. കേവല യുക്തിയെ മാത്രം പ്രമാണമായി കാണുന്ന ആളുകൾക്ക് ലഭിക്കാത്ത ഒരുപാട് സൗഭാഗ്യങ്ങൾ ആത്മീയ വിശ്വാസികൾക്ക് ലഭിക്കുന്നു എന്ന് ജീവിതം കൊണ്ട് അവർ അടയാളപ്പെടുത്തി.
    നബി ജീവിതത്തിലെ ഓരോ സംഭവങ്ങൾക്കും ഒരായിരം സന്ദേശങ്ങളുടെ അകക്കാമ്പുണ്ട്. കാല ദേശങ്ങളുടെ അപ്പുറത്തേക്ക് കടന്നെത്താനുള്ള വിജ്ഞാനങ്ങളുടെ അന്തസാരങ്ങൾ ഉണ്ട്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...