
മുഅ്ത പുതിയ ഒരു ചരിത്രം കൂടി രചിച്ചു. ലോക യുദ്ധ ചരിത്രങ്ങളിൽ ഏറ്റവും വേറിട്ട ഒന്നായിരുന്നു അത്. രണ്ടു ലക്ഷത്തോളം വരുന്ന ശത്രുക്കളോട് മൂവായിരത്തോളം ആളുകൾ മാത്രമാണ് മുസ്ലിം പക്ഷത്ത് നിന്ന് നേരിട്ടത്. അതും ഏറെ വിദൂരത്തായതുകൊണ്ടും കാലാവസ്ഥാപരമായി വളരെ വ്യത്യസ്തമായതുകൊണ്ടും പ്രത്യക്ഷത്തിൽ യുദ്ധത്തിന് അനുകൂലമല്ലാത്ത സാഹചര്യത്തിൽ.
മുഅ്തയിൽ നിന്നു കൊല്ലപ്പെട്ടവരെ കുറിച്ച് രേഖപ്പെടുത്തിയപ്പോൾ മുസ്‌ലിം പക്ഷത്തു നിന്ന് കേവലം പന്ത്രണ്ട് ആളുകൾ മാത്രമേ വധിക്കപ്പെട്ടിട്ടുള്ളൂ എന്നാണ് അൽ ബിദായ ക്ലിപ്തപ്പെടുത്തുന്നത്. ശത്രുക്കളുടെ എണ്ണവും മേൽപ്പറയപ്പെട്ട സാഹചര്യങ്ങളും വെച്ചുനോക്കുമ്പോൾ എത്രമേൽ അത്ഭുതകരമായ ഒരു വാർത്തയാണിത്. വിശുദ്ധ ഖുർആൻ മൂന്നാം അധ്യായം ആലു ഇമ്രാനിലെ പതിമൂന്നാമത്തെ സൂക്തം ഇതിന്റെ പൊരുൾ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. “പരസ്പരം ഏറ്റുമുട്ടിയ രണ്ടു കൂട്ടരില്‍ നിങ്ങള്‍ക്ക് ഗുണപാഠമുണ്ട്. ഒരു വിഭാഗം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പടവെട്ടുകയായിരുന്നു. മറു വിഭാഗം സത്യനിഷേധികളും. സത്യനിഷേധികളുടെ ദൃഷ്ടിയില്‍ സത്യവിശ്വാസികള്‍ തങ്ങളുടെ ഇരട്ടിയുള്ളതായാണ് തോന്നിയത്. അല്ലാഹു അവനിച്ഛിക്കുന്നവരെ അവന്റെ സഹായത്താല്‍ കരുത്തുള്ളവരാക്കുന്നു. തീര്‍ച്ചയായും ഉള്‍ക്കാഴ്ചയുള്ളവര്‍ക്കൊക്കെ ഇതില്‍ വലിയ ഗുണപാഠമുണ്ട്.”
യുദ്ധത്തിന്റെ സന്നിഗ്ദ്ധ ഘട്ടത്തിൽ പ്രതിസന്ധികൾ ഏറിയപ്പോൾ പിടിച്ചു നിൽക്കാൻ കഴിയാതെ ചിലർ പടക്കളത്തിൽ നിന്നു പിൻവാങ്ങേണ്ടി വന്നു. സ്വഹാബികൾ മദീനയിലേക്ക് മടങ്ങിയപ്പോൾ അവരും ഒപ്പമുണ്ടായിരുന്നു. അവരുടെ ആഗമനം കണ്ടപ്പോൾ മദീന നിവാസികളിൽ ചിലർ യുദ്ധത്തിൽ നിന്ന് ‘പിന്തിരിഞ്ഞോടിയവരെ, പേടിച്ചോടിയവരെ’ എന്നിങ്ങനെ പറഞ്ഞുകൊണ്ട് അവർക്കെതിരെ സംസാരിച്ചു. പൊടിമണ്ണുകൾ വിതറി അവരോട് പ്രതിഷേധം അറിയിച്ചു. ഉടനെ തിരുനബിﷺ ഇടപെട്ട് ഇങ്ങനെ പറഞ്ഞു. അവർ ഭീരുക്കൾ ആയി വന്നവരല്ല. അവർ പോർക്കളത്തിലേക്ക് ഇനിയും ഒരുങ്ങി പോകാനുള്ളവരാണ്.
പ്രസ്തുത സംഘം യഥാർത്ഥത്തിൽ ശത്രുവിന്റെ അംഗബലം കണ്ടപ്പോൾ കൃത്യമായ ഒരു നിലപാട് സ്വീകരിക്കാൻ കഴിയാത്തവരായിരുന്നു. അവർ അപരാധികളോ കുറ്റകരമായ വിധത്തിൽ പടക്കളത്തിൽ നിന്ന് ഓടിയവരോ അല്ല. അനുകൂലമായ പരിസരങ്ങൾ ലഭ്യമാകാതെ വന്നപ്പോൾ മാറി നിൽക്കേണ്ടി വന്നവരാണ്. തിരുനബിﷺ അവരെ ആശ്വസിപ്പിക്കുകയും അവരെക്കുറിച്ച് അനുകൂലമായ നിലപാട് മറ്റുള്ളവരെ അറിയിക്കുകയും ചെയ്തു. എങ്കിൽപോലും അവർക്ക് സ്വയം തന്നെ ഒരു ജാള്യതയും പ്രയാസവും ഉണ്ടായിരുന്നു.
മുമ്പ് കഴിഞ്ഞുപോയ ഒരു സമരത്തിലും നേരിടേണ്ട സാഹചര്യങ്ങൾ ആയിരുന്നില്ല മുഅ്തയിൽ ഉണ്ടായിരുന്നത്. ആ കൃത്യമായ ഒരു ബോധ്യത്തെ ഖാലിദ് ബിൻ വലീദ്(റ) മദീനക്കാരോട് പങ്കുവെച്ചു. 9 വാളുകൾ പൊട്ടിപ്പോകുന്ന വിധത്തിൽ ഏറെനേരം ഏറെ ശക്തമായി ശത്രുപാളയത്തെ നേരിടേണ്ടിവന്ന രംഗം ഖാലിദ്(റ) അവരോട് പറഞ്ഞു.
ഖാലിദി(റ)നെയും സംഘത്തെയും നബിﷺ ഹൃദ്യമായി സ്വീകരിച്ചു. തിരുനബിﷺയുടെ പ്രശംസകളിൽ അവർ അവിടുത്തെ തിരു കരങ്ങൾ ചുംബിച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
