
ഏഴ്.
സരിയ്യത്തു അബീ സലമ.
അബൂസലമ ബിൻ അബ്ദുൽ അസദി(റ)ന്റെ നേതൃത്വത്തിൽ ഹിജ്റയുടെ 35ആം മാസത്തിലായിരുന്നു ഈ നീക്കം.
ത്വയ് ഗോത്രത്തിൽപ്പെട്ട വലീദ് ബിൻ സുഹൈർ തന്റെ സഹോദരന്റെ മകളെ സന്ദർശിക്കാൻ വേണ്ടി മദീനയിലേക്ക് വന്നു. തുലൈബ് ബിന് ഉമൈറിന്റെ കൂടെയായിരുന്നു അവൾ താമസിച്ചിരുന്നത്. അങ്ങനെ വലീദ് തന്റെ നാട്ടിലെ വർത്തമാനങ്ങൾ പറയുന്നതിനിടയിൽ ഖുവൈലിദിന്റെ മകളായ തുലൈഹ എന്നവർ പ്രവാചകർﷺക്കെതിരെ യുദ്ധം ചെയ്യാൻ ഒരുങ്ങുന്ന വിവരം പങ്കുവെച്ചു. പക്ഷേ, അഭിപ്രായത്തെ ഖൈസ് ബിൻ ഹാരിസ് വിയോജിച്ചതായും പറഞ്ഞു.
ഖുറൈശികളോട് ചേർന്നുകൊണ്ട് ഒരു സൈനിക നീക്കത്തെ അറിഞ്ഞപ്പോൾ പ്രവാചകൻﷺ അബൂസലമ(റ)യെ വിളിച്ചു. ഒപ്പം വിളിച്ചു ചേർത്ത ഒരു സംഘത്തിന്റെ നേതാവായി നിയോഗിച്ചു. ഒരു പതാകയും നിശ്ചയിച്ചു കൊടുത്തു. എന്നിട്ട് പ്രവാചകൻﷺ ഇങ്ങനെ പറഞ്ഞു. ഈ സംഘത്തിന് നിങ്ങളെ ഞാൻ നേതാവാക്കുന്നു. ബനൂ അസദ് ബിൻ ഖുസൈമ ഗോത്രക്കാരുടെ ഭൂപ്രദേശത്തുവരെ നിങ്ങൾ സഞ്ചരിക്കുക. അവരുടെ സംഘം നിങ്ങളെ നേരിടുന്നതിന് മുമ്പ് നിങ്ങൾ അങ്ങോട്ട് കടന്നു ചെല്ലുക. ശേഷം അല്ലാഹുവിന്റെ നിയമങ്ങളെ പാലിക്കാനും ശ്രദ്ധിക്കാനുമുള്ള പ്രത്യേക ഉപദേശം നൽകി. പരസ്പരം ഉണ്ടാകേണ്ട മൂല്യങ്ങളും ചിട്ടകളും പഠിപ്പിച്ചു.
150 ആളുകൾ ആയിരുന്നു ആ സംഘത്തിൽ ഉണ്ടായിരുന്നത്. ത്വയ്യ് ഗോത്രക്കാരനായ ഒരാളായിരുന്നു വഴികാട്ടി. അതിവേഗം ആ സംഘം രാപ്പകൽ ഭേദമന്യേ സഞ്ചരിച്ചു. ഏതൊരു വിവരവും എത്തുന്നതിനുമുമ്പ് അവർ ഉദ്ദേശിച്ച സ്ഥലത്തേക്ക് എത്തി. ബനൂ അസ്അദ് ഗോത്രത്തിന്റെ ഒരു ജലസ്രോതസ്സിന്റെ അടുത്ത് തമ്പടിച്ചു. അവിടെയുണ്ടായിരുന്ന ഇടയന്മാർ ഗോത്രത്തിലേക്ക് പോയി വിവരം അറിയിച്ചു. അബൂസലമ(റ)യുടെ സംഘത്തിന്റെ വലിപ്പം കേട്ടറിഞ്ഞ അവർ അവിടെനിന്ന് പലവഴിക്ക് രക്ഷപ്പെടാനൊരുങ്ങി. അബൂസലമ(റ)യും സംഘവും അവരെ പിന്തുടരുകയും അവരിൽനിന്ന് പലതും ആർജിത സ്വത്തായി സമാഹരിക്കുകയും ചെയ്തു. മദീനയെ ആക്രമിക്കാനും പ്രവാചകരെﷺ നേരിടാനുമുള്ള അവരുടെ തന്ത്രങ്ങൾ അതോടെ അവസാനിച്ചു.
വിജയശ്രീലാളിതരായി അവർ മദീനയിലേക്ക് മടങ്ങി.
എട്ട്.
അബ്ദുല്ലാഹിബിന് ഉനൈസി(റ)ന്റെ സംഘം.
ഹിജ്റയുടെ 35 ആം മാസം മുഹറം അഞ്ചിനായിരുന്നു ഈ സംഘം പുറപ്പെട്ടത്. അന്നൊരു തിങ്കളാഴ്ചയായിരുന്നു. അബൂസുഫിയാൻ ബിൻ ഖാലിദ് ഉർന ഗോത്രത്തിലെ ഒരു സംഘത്തോടൊപ്പം പ്രവാചകനെﷺയും മദീനയേയും ആക്രമിക്കാൻ തീരുമാനിച്ചു. കുറേ ആളുകൾ ആ സംഘത്തിൽ ചേരുകയും ചെയ്തു. ഈ വിവരം നബിﷺ അറിഞ്ഞു. ഉടനെ അബ്ദുള്ളാഹിബ്നു ഉനൈസി(റ)നെ വിളിച്ചു. അദ്ദേഹം പറയുന്നു. പ്രവാചകൻﷺ എന്നെ ക്ഷണിച്ചുവരുത്തി. എന്നിട്ട് എന്നോട് പറഞ്ഞു. അബൂ സുഫിയാൻ ബിൻ ഖാലിദും സംഘവും നമ്മെ ആക്രമിക്കാൻ ഉദ്ദേശിക്കുന്നു. അവർ നഖ്ലയിലോ ഉർനയിലോ ഉണ്ടാവും. വേഗം അവരെ പോയി നേരിടുക. ഞാൻ തിരുനബിﷺയോട് പറഞ്ഞു. അദ്ദേഹത്തെക്കുറിച്ച് എനിക്കൊന്ന് വർണിച്ചു തന്നാലും. എനിക്ക് അദ്ദേഹത്തെ തിരിച്ചറിയാനും വേണ്ടപോലെ സമീപിക്കാനും സാധിക്കുമല്ലോ. അപ്പോൾ പ്രവാചകൻﷺ പറഞ്ഞു. നിങ്ങൾ അദ്ദേഹത്തെ കാണുമ്പോൾ പ്രഥമദൃഷ്ടിയിൽ നിങ്ങൾ ഭയന്നുപോകും. പിന്നീട് നിങ്ങൾ ഒന്ന് കോരിത്തരിക്കും. അപ്പോൾ ഞാൻ പ്രവാചകനോﷺട് സംസാരിക്കാനുള്ള അനുമതി വാങ്ങി. അഥവാ തന്ത്രപരമായ ചില കൗശലങ്ങൾ പ്രയോഗിക്കാനുള്ള സമ്മതം സ്വീകരിച്ചു. പ്രവാചകൻﷺ അത് അനുവദിച്ചു കൊടുത്തു. യുദ്ധം എന്നാൽ തന്നെ ഒരു കൗശലമാണല്ലോ. ശേഷം, പ്രവാചകൻﷺ പറഞ്ഞു. നിങ്ങൾ ഖുസാഅ ഗോത്രക്കാരനാണെന്ന് മാത്രം പറഞ്ഞാൽ മതി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
