
അഞ്ച്.
സരിയ്യത്തു സൈദ് ബിൻ ഹാരിസ.
സൈദി(റ)ന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ സൈനിക സംഘമായിരുന്നു ഇത്. ഖുറൈശികൾ ശ്യാമിലേക്കുള്ള വഴി ഉപേക്ഷിച്ച് ഇറാഖിലേക്കുള്ള മാർഗ്ഗം സ്വീകരിച്ചപ്പോൾ അവരെ പിന്തുടരാൻ വേണ്ടിയായിരുന്നു ഇങ്ങനെയൊരു മുന്നേറ്റം നടത്തിയത്. ഖറദ എന്ന പ്രദേശത്ത് വെച്ച് ഖുറൈശികളെ കണ്ടുമുട്ടുകയും ഓപ്പറേഷൻ വിജയിപ്പിക്കുകയും ചെയ്തു. അതുവഴി സമരാർജിത സ്വത്ത് കണ്ടെടുക്കാനും കഴിഞ്ഞു.
ആറ്.
കഅബു ബിനുൽ അശ്റഫിന് നേരെയുള്ള സൈനിക നീക്കവും ഈ ഗണത്തിൽ നമുക്ക് പഠിക്കാനുള്ളതാണ്. അദ്ദേഹത്തിന്റെ കവിതകൾ പ്രവാചകനെﷺ ആക്ഷേപിക്കുകയും ശത്രുക്കളെ ഇസ്ലാമിനെതിരെ ഇളക്കിവിടാൻ പ്രയോഗിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെ വിശുദ്ധ ഖുർആൻ മൂന്നാം അധ്യായം 186 ആമത്തെ സൂക്തം പരാമർശിക്കുന്നത് ഇങ്ങനെയാണ്. “തങ്ങള്‍ക്കു മുൻപേ വേദം ലഭിച്ചവരില്‍ നിന്നും ബഹുദൈവ വിശ്വാസികളില്‍ നിന്നും നിങ്ങള്‍ ധാരാളം ചീത്തവാക്കുകള്‍ കേള്‍ക്കേണ്ടിവരും.”
മുഹമ്മദ് നബിﷺയും അനുയായികളും ബദ്റിൽ വിജയിച്ചത് കഅബിന് വിശ്വസിക്കാനായില്ല. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നതിനേക്കാൾ നല്ലത് മരണപ്പെട്ടു പോകുന്നതാണെന്ന് അയാൾ പറഞ്ഞു. ഒടുവിൽ അയാളുടെ സഞ്ചാരങ്ങളും അയാളുടെ പ്രവർത്തനങ്ങളും അയാളെ തന്നെ നശിപ്പിച്ചു. മുഹമ്മദ് ബിനു മസ്ലമ(റ)യാണ് ഈ സൈനിക നീക്കത്തിന് നേതൃത്വം വഹിച്ചത്.
അസ്മാ ബിൻത് മർവാൻ എന്ന സ്ത്രീക്ക് എതിരെയുള്ള ചില നയതന്ത്ര നീക്കങ്ങളും ഇതേ സ്വഭാവത്തിൽ വായിക്കേണ്ടതാണ്. പള്ളിയിലേക്ക് മാലിന്യമെറിയുകയും പ്രവാചകനെﷺ ഭൽസിക്കുകയും ആയിരുന്നു അവരുടെ വിനോദം. ഉമൈർ ബിന് അദിയ്യ്(റ) എന്ന സ്വഹാബി പ്രസ്തുത ഓപ്പറേഷൻ നന്നായി നിർവഹിച്ചു. കണ്ണിന് കാഴ്ച കുറവ് ഉണ്ടായിരുന്ന അദ്ദേഹം അത്ഭുതകരമായിട്ടായിരുന്നു ഈ ദൗത്യം നിർവഹിച്ചത്.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ എന്തും ആകാം എന്ന കാഴ്ചപ്പാട് ശരിയല്ല. ആരെക്കുറിച്ചും എന്തും എഴുതാം അവതരിപ്പിക്കാം എന്ന ചിന്തയും സ്വീകരിക്കപ്പെടേണ്ടതല്ല. ഒരു രാഷ്ട്രത്തിന്റെ ഭരണാധികാരി, ആ രാഷ്ട്രം മഹത്വം കൽപ്പിക്കുന്ന മൂല്യങ്ങൾ, ചിഹ്നങ്ങൾ എന്നിവ ആക്ഷേപിക്കപ്പെടാതിരിക്കണം എന്നത് പൊതുവായ നന്മയുടെ ഭാഗമാണ്. ആർക്കും ആരെയും എന്തും പറയാം എങ്ങനെയും അവതരിപ്പിക്കാം എന്ന പരമസ്വതന്ത്ര വിചാരം രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും ഭദ്രതകൾ ഇല്ലായ്മ ചെയ്യും.
രാഷ്ട്രപിതാവിനെ വിമർശിക്കുക, മാനംകെടുത്താനുള്ള കരുതിക്കൂട്ടിയുള്ള ശ്രമങ്ങൾ നടത്തുക എന്നിവ ഒരു രാജ്യം അംഗീകരിച്ചു കൊടുക്കാൻ പറ്റാത്തത് എന്തുകൊണ്ടാണ്? അതൊരു ദേശ ഘടനയുടെ ഭാഗമായി കേൾപ്പിക്കപ്പെടുന്ന മാനങ്ങളുടെയും ബഹുമാനങ്ങളുടെയും ഭാഗമാണ്. അതുപോലെ ഏതു സമൂഹത്തിലും ഏത് വിശ്വാസധാരകളിലും ഉണ്ടാവണം.
ഒരു പ്രസ്ഥാനത്തിന്റെ നേതാവിനെതിരെയുള്ള പ്രയോഗങ്ങൾ ആ പ്രസ്ഥാനത്തെ നശിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ചിലപ്പോൾ ഒരു ഭരണാധികാരിയെ കുറിച്ച് ഇല്ലായ്മകൾ പറഞ്ഞുണ്ടാക്കുന്നത് രാഷ്ട്രത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിരിക്കും. അതുകൊണ്ടുതന്നെ ആ രാജ്യത്തിനും സമൂഹത്തിനും ഒക്കെ അത്തരം ആക്ഷേപങ്ങളെ നിരുത്സാഹപ്പെടുത്തുകയോ ഇല്ലായ്മ ചെയ്യുകയോ വേണ്ടിവരും. കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിച്ചു എന്ന പേരിലോ തീവ്രമായ വിചാരങ്ങൾ ഉണർത്തി എന്ന അടിസ്ഥാനത്തിലോ ആധുനിക രാഷ്ട്രീയ സാംസ്കാരിക ഘടനയിൽ തന്നെ എത്ര എഴുത്തുകാരെയും പ്രഭാഷകരെയും ആണ് നിയന്ത്രിച്ചിട്ടുള്ളത്. ചിലപ്പോഴൊക്കെ അത്തരം സാംസ്കാരിക പ്രവർത്തകർക്ക് ശിക്ഷ അനുഭവിക്കേണ്ടി വരെ വന്നിട്ടുണ്ട്.
ഏതു വിധേനയുള്ള ആവിഷ്കാരങ്ങൾക്കും മാനവിക മൂല്യങ്ങളുടെയും ധാർമിക വിചാരങ്ങളുടെയും സാമൂഹിക താളത്തിന്റെയും നിരവധി മാനങ്ങളും പരിഗണനകളും അനിവാര്യമാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
