
പ്രവാചക ചരിത്രത്തിലെ ചില സൈനിക നീക്കങ്ങൾ, അതിന്റെ പരിസരങ്ങൾ ലളിതമായി നാമൊന്ന് പരിചയപ്പെടുകയാണ്.
ഒന്ന്.
സരിയ്യത്തു ഹംസ എന്നറിയപ്പെടുന്ന നയതന്ത്ര സൈനിക നീക്കമാണ് ചരിത്രത്തിൽ ഒന്നാമതായി പരാമർശിക്കപ്പെടുന്നത്. തിരുനബിﷺയുടെ പിതൃ സഹോദരനായ ഹംസ(റ)യുടെ നേതൃത്വത്തിൽ മുഹാജിറുകളായ സ്വഹാബികൾ മാത്രം ഉള്ളതായിരുന്നു ആ സംഘം. വെളുത്ത പതാകയായിരുന്നു ആ സംഘം ഉപയോഗിച്ചിരുന്നത്. മർസദ് കന്നാസ് ബിൻ ഹുസൈൻ അൽ ഗനവി(റ) എന്ന ആളായിരുന്നു ആ പതാക വഹിച്ചിരുന്നത്. ഇസ്ലാമിക ചരിത്രത്തിലെ സൈനിക നീക്കങ്ങളുടെ കൂട്ടത്തിൽ ആദ്യ പതാക കൂടിയായിരുന്നു ഇത്. ഉബൈദ് ബിൻ ഹാരിസ്(റ) എന്നയാൾ വഹിച്ചതായിരുന്നു എന്നും അഭിപ്രായമുണ്ട്. ഖുറൈശികളുടെ കച്ചവട സംഘത്തെ ലക്ഷ്യം വെച്ചു കൊണ്ടായിരുന്നു ഈ സൈനിക നീക്കം. അപകടകരമായ വലിയ യുദ്ധങ്ങൾ ഉണ്ടാവരുതെന്ന് കരുതിയായിരുന്നു പുറപ്പെട്ടത്. ഈ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ വന്നപ്പോഴാണ് ഖുറൈശികൾ തന്നെ ബദറിന് കളമൊരുക്കുകയും യുദ്ധത്തിൽ പര്യവസാനിക്കുകയും ചെയ്തത്.
രണ്ട്.
സരിയ്യത്തു ഉബൈദ് ബിൻ അൽ ഹാരിസ് എന്നായിരുന്നു ഈ സംഘത്തിന്റെ പേര്. ജൂഹ്ഫയിൽ നിന്ന് 10 കിലോമീറ്റർ അകലെ റാബഗ് താഴ്‌വരയിലെ അഹ്യാ എന്നു പേരുള്ള ജലസ്രോതസ്സിന്റെ അടുത്തു വച്ച് അബൂസുഫിയാനെയും സംഘത്തെയും നേരിടാൻ വേണ്ടിയായിരുന്നു ഈ പുറപ്പാട്.
മൂന്ന്.
സരിയ്യത്തു സഅദ് ബിൻ അബീ വഖാസ് എന്നാണ് ഈ സൈനിക നീക്കം അറിയപ്പെടുന്നത്. അംറുൽ ബഹ്റാനി എന്നയാളാണ് വെളുത്ത പതാക വഹിച്ചിരുന്നത്. പകൽ വിശ്രമവും രാത്രി സഞ്ചാരവും എന്ന രീതിയായിരുന്നു ഈ സംഘം അവലംബിച്ചത്. അഞ്ചാം ദിവസം ഗസ്സാസ് എന്ന സ്ഥലത്ത് എത്തിച്ചേർന്നു. അപ്പോഴേക്കും ലക്ഷ്യം വെച്ചിരുന്ന സംഘം അവിടെ നിന്ന് വിട്ടു പോയിരുന്നു.
നാല്.
സരിയ്യത്തു അബ്ദുല്ലാഹി ബിൻ ജഹ്ശ്.
ഒരു ദിവസം രാത്രി നിസ്കാരം കഴിഞ്ഞപ്പോൾ പ്രവാചകൻﷺ അദ്ദേഹത്തോട് പറഞ്ഞു. പ്രഭാത നിസ്കാരത്തിന് വരുമ്പോൾ ആയുധവും എടുത്തു വരണം. ഒരു സ്ഥലത്തേക്ക് നിങ്ങളെ ഞാൻ നിയോഗിക്കാൻ പോവുകയാണ്. പ്രകാരം അബ്ദുല്ലാഹിബ്നു ജഹ്ശ്(റ) ആയുധങ്ങളും കരുതി പ്രഭാതത്തിൽ തന്നെ എത്തി. പ്രവാചകൻﷺ നിസ്കാരം നിർവഹിച്ചു കഴിഞ്ഞു നോക്കുമ്പോൾ നേരത്തെ തന്നെ ഞാൻ അവിടെ എത്തിയിട്ടുണ്ടായിരുന്നു. അപ്പോഴതാ ഖുറൈശികളിൽ നിന്നുള്ള ഒരു സംഘം അവിടെ എത്തിയിരിക്കുന്നു. പ്രവാചകൻﷺ ഒരു കുറിപ്പ് അബ്ദുള്ള(റ)യുടെ കയ്യിൽ നൽകി. എന്നിട്ട് പറഞ്ഞു. ഈ സംഘത്തെ നയിച്ചുകൊണ്ട് മുന്നോട്ടു നീങ്ങുക. രണ്ടു രാത്രികൾ പിന്നിട്ടാൽ എന്റെ ഈ കുറിപ്പ് തുറന്നു നോക്കുക. ശേഷം, ആ കുറിപ്പിൽ ഉള്ളത് പ്രകാരം ചെയ്യുക. ഈ സംഘത്തിലും മക്കയിൽ നിന്ന് വന്ന സ്വഹാബികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
എട്ടു പേരായിരുന്നു സംഘത്തിലെ അംഗങ്ങൾ. അബൂ ഹുദൈഫ(റ), സഅദ് ബിൻ അബീ വഖാസ്(റ), ഉകാശ(റ), ഉതുബത് ബിൻ ഗസ്വാൻ(റ), ആമിർ ബിൻ റബീഅ(റ), വാഖിദ് ബിൻ അബ്ദുല്ല(റ), ഖാലിദ് ബിനു ബുകൈർ(റ), സുഹൈൽബിൻ ബൈളാ(റ) തുടങ്ങിയവരായിരുന്നു അവർ. തുടർച്ചയായ രണ്ടുദിവസത്തെ യാത്രയ്ക്കുശേഷം അബ്ദുല്ലാഹിബിൻ ജഹ്ശ്(റ) പ്രവാചകരുﷺടെ കുറിപ്പ് പരിശോധിച്ചു നോക്കുകയും നിർദ്ദേശാനുസരണം പ്രവർത്തിക്കുകയും ചെയ്തു. (വിശദാംശങ്ങൾ നേരത്തെ വായിച്ചു പോയിട്ടുണ്ട്.)
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
