
തബൂക്ക് സൈനിക നീക്കത്തിന്റെ അനുബന്ധമായി വായിക്കേണ്ട ഒരധ്യായമാണ് മസ്ജിദ് ളിറാർ സംഭവം. അതിങ്ങനെയാണ്. ബനൂ അംറുബിൻ ഔഫ് ഒരു പള്ളി നിർമ്മിച്ചു. അതിൽ വന്നൊന്നു നിസ്കാരം നിർവഹിച്ചു കൊടുക്കാൻ അവർ നബിﷺയെ സമീപിച്ചു. ഈ സംഭവത്തിന് സാക്ഷിയായ ബനൂ ഗനം ബിനു ഔഫ് പറഞ്ഞു. നമുക്കും അതുപോലെ ഒരു പള്ളി നിർമ്മിക്കാം. അങ്ങനെയിരിക്കെ കപട വിശ്വാസികളിൽ പെട്ട അബൂ ആമിർ അവരോട് പറഞ്ഞു, നിങ്ങളും ഒരു പള്ളി നിർമ്മിക്കുക. അതിൽ പരമാവധി ആയുധങ്ങൾ ശേഖരിച്ചു വെക്കുക. ഞാൻ റോമിന്റെ ഭരണാധികാരി കൈസറിന്റെ അടുത്തേക്ക് പോവുകയാണ്. അവിടെനിന്ന് ഒരു സൈന്യത്തെ കൂടി ഞാൻ കൊണ്ടുവരാം. ശേഷം, നമുക്കൊരുമിച്ച് മുഹമ്മദ് നബിﷺയെ ഇവിടുന്ന് പുറത്താക്കാം. അബൂ ആമിർ സിറിയയിലേക്ക് പോകുന്നതിനു മുമ്പായിരുന്നു ഈ നിർദേശം.
ഏതായാലും പള്ളി നിർമ്മാണത്തിനു ശേഷം അവരിൽനിന്ന് ഒരു സംഘം നബിﷺയെ സമീപിച്ചു. എന്നിട്ട് അവർ ഇങ്ങനെ പറഞ്ഞു. ഞങ്ങൾ ഒരു പള്ളി നിർമ്മിച്ചിരിക്കുന്നു. രോഗികൾക്കും സമീപത്തുള്ളവർക്കും മഴ അധികരിക്കുമ്പോഴും ഒക്കെ നിസ്കരിക്കാൻ വേണ്ടി അടുത്തുതന്നെ ഒരു പള്ളി ഉണ്ടാക്കിയതാണ്. അവിടുന്ന് വന്ന് ആ പള്ളിയിലൊന്ന് നിസ്കരിക്കണം. പള്ളി ഔദ്യോഗിക വൽക്കരിക്കാനുള്ള അവരുടെ ഒരു കുതന്ത്രമായിരുന്നു അത്. തബൂക്കിലേക്ക് പോകാൻ ഒരുങ്ങി നിന്ന നബിﷺ പറഞ്ഞു. ഞാനിപ്പോൾ കൂടുതൽ ജോലിയിലും യാത്രയിലും ഒക്കെയാണ്. മടങ്ങി വന്നിട്ട് അല്ലാഹു നിശ്ചയിച്ചാൽ ഞാൻ നിസ്കരിക്കാൻ വരാം. അങ്ങനെ തബൂക്കിൽ നിന്ന് നബിﷺ മടങ്ങി വരുന്ന വഴിയിൽ ദൂ അവാൻ എന്ന സ്ഥലത്ത് ഇറങ്ങി. മദീനയിലേക്ക് ഒരു മണിക്കൂർ മാത്രം വഴി ദൂരമുള്ള സ്ഥലമാണത്. അവിടെവച്ച് വിശുദ്ധ ഖുർആനിലെ അത്തൗബ അദ്ധ്യായത്തിലെ 107 ആം സൂക്തം അവതരിച്ചു. ആശയം ഇങ്ങനെ വായിക്കാം. “ദ്രോഹം വരുത്താനും സത്യനിഷേധത്തെ സഹായിക്കാനും വിശ്വാസികൾക്കിടയില്‍ ഭിന്നതയുണ്ടാക്കാനും നേരത്തെ അല്ലാഹുവോടും അവന്റെ ദൂതനോﷺടും യുദ്ധം ചെയ്തവന് താവളമൊരുക്കാനുമായി പള്ളിയുണ്ടാക്കിയവരും അവരിലുണ്ട്. നല്ലതല്ലാത്തതൊന്നും ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് അവര്‍ ആണയിട്ടു പറയും. എന്നാല്‍, തീർച്ചയായും അവര്‍ കള്ളം പറയുന്നവരാണെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.”
ശേഷം, അല്ലാഹു ആ പള്ളിയുടെ ഭവിഷ്യത്തിനെ കുറിച്ച് പറഞ്ഞു. അതിൽ നിസ്കരിക്കാൻ വേണ്ടി തങ്ങൾ പോകേണ്ടതില്ല എന്ന് നബിﷺയോട് ആജ്ഞാപിക്കുകയും ചെയ്തു. ആ പരാമർശം മേലെ ഉദ്ധരിച്ചതിനോട് അനുബന്ധമായ സൂക്തത്തിൽ തന്നെ വിശദീകരിച്ചിട്ടുണ്ട്. അത് ഇങ്ങനെയാണ്. “തങ്ങൾ ഒരിക്കലും അതില്‍ നിസ്കരിക്കരുത്. തങ്ങൾക്ക് നിസ്കാരം നിർവഹിക്കാൻ ഏറ്റവും അർഹതപ്പെട്ടത് തുടക്കം മുതൽക്കു തന്നെ ദൈവഭക്തിയില്‍ പടുത്തുയർത്തപ്പെട്ട പള്ളിയാണ്. വിശുദ്ധി വരിക്കാനിഷ്ടപ്പെടുന്നവരുള്ളത് അവിടെയാണ്. അല്ലാഹു വിശുദ്ധി കൈവരിക്കുന്നവരെ ഇഷ്ടപ്പെടുന്നു.”
ഇതിൽ പവിത്രതയോട് ചേർത്ത് പറയപ്പെട്ട പള്ളി മദീനയിലെ ഖുബ മസ്ജിദ് ആണ്.
സമൂഹത്തിന്റെ ചിദ്രതയും ഭിന്നതയും ലക്ഷ്യം വെച്ചുകൊണ്ട് ഉണ്ടാക്കിയ ഈ നിർമ്മിതി പൊളിച്ചു നീക്കാൻ പ്രവാചകൻﷺ നിർദ്ദേശം നൽകി. കേവലമായ നിർമ്മിതികളേക്കാൾ വലുത് മാനുഷികമായ ഒരുമയും മൂല്യങ്ങളിൽ ഊന്നിയുള്ള സംഘാടനവുമാണെന്ന് പ്രവാചകൻﷺ പഠിപ്പിച്ചു. വ്യക്തമായ ഒരു ആശയത്തെ മുന്നോട്ടുവെക്കാതെ നിലവിലുള്ള ഒരാശയത്തെ ആക്ഷേപിക്കാനും ഇല്ലായ്മ ചെയ്യാനും കാപട്യത്തിന്റെ മൂടുപടം അണിഞ്ഞു കൊണ്ടായിരുന്നു മുനാഫിക്കുകൾ നിർമ്മാണം നടത്തിയത്. അതിന് വിപാടനം ചെയ്യുകയല്ലാതെ ഒരു ഭരണാധികാരിക്കും നേതൃത്വത്തിനും മറ്റൊരു മാർഗം അവിടെ ഉണ്ടായിരുന്നില്ല. ആ നിർമിതിയെ ഇല്ലായ്മ ചെയ്തതോടുകൂടി അതിലൂടെ രൂപപ്പെടുത്തിയ വിധ്വംസക വിചാരങ്ങളെയും ഇല്ലായ്മ ചെയ്യാൻ സാധിച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
