
നബിﷺയുടെ നേതൃത്വത്തിലുള്ള സൈനിക നീക്കങ്ങളും അവിടുത്തെ നിർദ്ദേശപ്രകാരമുള്ള നയതന്ത്ര നീക്കങ്ങളും സ്വതന്ത്രമായി തന്നെ നമുക്ക് വായിക്കാനുള്ളതാണ്. അവകളുടെ പരിസരത്തു നിന്നു കൊണ്ടുള്ള തിരുനബിﷺയുടെ സമീപനങ്ങളും നീതിശാസ്ത്രങ്ങളും കൂടി നമുക്ക് പഠിക്കാനുണ്ട്.
38 സൈനിക നീക്കങ്ങളാണ് നബി ചരിത്രത്തിൽ നിന്ന് വായിക്കാനുള്ളത്, ചെറുതും വലുതുമായ നയതന്ത്ര ഇടപെടലുകളെ ചേർത്തുവച്ച് നാൽപ്പതിൽ ഏറെയുണ്ടെന്നും നൂറോളം സംഭവങ്ങൾ ഉണ്ടെന്നും വ്യത്യസ്തങ്ങളായ ചരിത്രാഭിപ്രായങ്ങൾ നമുക്ക് കാണാനാവും. സൈനിക നീക്കം, യുദ്ധം എന്നിവയ്ക്ക് ക്രമപ്രകാരം സരിയ്യത്, ഗസ്വത് എന്നീ പദങ്ങളാണ് ഗ്രന്ഥങ്ങളിൽ ഉപയോഗിച്ചിട്ടുള്ളത്. സരിയ്യത് പൊതുവേ നയതന്ത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള ചെറിയ സംഘങ്ങളാണ്.
ഇത്തരം സംഘങ്ങളെ നിയോഗിക്കുമ്പോൾ തിരുനബിﷺ പാലിച്ചിരുന്ന ചില കാര്യങ്ങളാണ് ആദ്യം നമുക്ക് അറിയാനുള്ളത്. ഒന്ന്, പൊതുവേ തിരുനബിﷺ ഇത്തരം സംഘങ്ങളെ പ്രഭാതങ്ങളിലാണ് യാത്രയാക്കിയിരുന്നത്. എന്റെ സമുദായത്തിന് പ്രഭാതത്തിൽ പ്രത്യേകം അനുഗ്രഹം ചൊരിയേണമേ എന്ന് നബിﷺ പ്രാർത്ഥിച്ചതായി ഹദീസുകളിൽ കാണാം.
രണ്ട്, അവരെ യാത്രയാക്കുന്ന സമയത്ത് പ്രത്യേകമായി പ്രവാചകൻﷺ പ്രാർത്ഥിച്ചിരുന്നു. അല്ലാഹുവിൽ നിന്നുള്ള സഹായം ലഭിക്കുന്നതിനായി അല്ലാഹുവിന്റെ നാമത്തിൽ നിയോഗിക്കുന്നു എന്നായിരുന്നു പ്രവാചകരുﷺടെ പ്രാർത്ഥനാ വാചകങ്ങളുടെ പൊരുൾ.
മൂന്ന്, തിരുനബിﷺ നിയോഗിച്ച ചില സംഘങ്ങളുടെ നേതാക്കളോടൊപ്പം നബിﷺ അൽപനേരം നടക്കുകയും യാത്രയാക്കുകയും ചെയ്യുമായിരുന്നു. മുആദുബിനു ജബലി(റ)നെ നബിﷺ യമനിലേക്ക് നിയോഗിച്ചു. അദ്ദേഹം വാഹനത്തിൽ കയറി യാത്ര ആരംഭിച്ചപ്പോൾ അല്പദൂരം വരെ നബിﷺയും ഒപ്പം നടന്നു. യാത്രാ മംഗളങ്ങൾ പറഞ്ഞു പിരിയുന്ന നേരത്ത് അദ്ദേഹത്തോട് നബിﷺ ഇങ്ങനെ കൂടി ഉണർത്തി. അല്ലയോ മുആദേ(റ) ഈ വർഷത്തിനു ശേഷം നിങ്ങൾ എന്നെ കണ്ടെന്ന് വരില്ല. ഒരുപക്ഷേ, നിങ്ങൾ എന്റെ ഖബറിന്റെയും പള്ളിയുടെയും ചാരത്ത് കൂടി ആയിരിക്കും നടക്കേണ്ടി വരിക. നബിﷺയുടെ വിയോഗത്തെ കുറിച്ചുള്ള ഒരു മുന്നറിയിപ്പായിരുന്നു അത്. മുആദി(റ)ന് അത് താങ്ങാനായില്ല. അദ്ദേഹം പൊട്ടിക്കരഞ്ഞു. ശേഷം, വിരഹത്തിന്റെ വേദന കടിച്ചിറക്കി നബിﷺയോട് യാത്ര പറഞ്ഞു പിരിഞ്ഞു.
നാല്, സൈനിക മേധാവികളോടുള്ള നിർദ്ദേശങ്ങൾ. ബുറൈദ(റ) എന്നവർ പറയുന്നു. യാത്രാ സംഘങ്ങളെ നിയോഗിക്കുമ്പോൾ അതിലെ നേതാക്കന്മാർക്ക് തിരുനബിﷺ പ്രത്യേകം നിർദ്ദേശങ്ങൾ നൽകുമായിരുന്നു. അതിൽ ഏറ്റവും പ്രധാനം അല്ലാഹുവിന്റെ നിയമങ്ങളെ ശ്രദ്ധിച്ചു പാലിക്കാൻ ആയിരുന്നു. യുദ്ധനീതികളെ കുറിച്ചുള്ള ഒരുപാട് നിർദ്ദേശങ്ങൾ പ്രവാചകൻﷺ ചേർത്തു പറയുമായിരുന്നു. കേവലമായ ഒരു അധികാര സ്ഥാപനമോ ശക്തി പ്രകടനമോ ആയിരുന്നില്ല തിരുനബിﷺയുടെ നീക്കങ്ങൾ. മറിച്ച് വ്യക്തമായ ഒരു ലക്ഷ്യത്തിലും ഉദ്ദേശത്തിലും ആയിരുന്നു. അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്ന ഏറ്റവും വലിയ പ്രാപഞ്ചിക സത്യവും മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ ദൂതനാണെന്ന യാഥാർത്ഥ്യവും ലോകത്തെവിടെയും എത്തിക്കുകയും അനുബന്ധമായി മനുഷ്യന്റെ മാനുഷികമായ രക്ഷയ്ക്കും ആത്യന്തികമായ മോചനത്തിനും ആവശ്യമായ നിയമനിഷ്ടകളെ പഠിപ്പിക്കലും ആയിരുന്നു ലക്ഷ്യം. അക്രമവും അനാചാരവും ഒരു കടുകിട പോലും അനുവദിച്ചു കൊടുക്കാൻ അവിടുന്ന് തയ്യാറായില്ല.
മനുഷ്യനെ എന്നെന്നേക്കും ഇല്ലായ്മ ചെയ്യുകയും അവനെ ആജീവനാന്തം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന ഏതു നയങ്ങൾക്കും വിചാരങ്ങൾക്കുമെതിരെ ശക്തമായ നിലപാടായിരുന്നു തിരുനബിﷺ ഉയർത്തിയത്. നിലപാടുകൾക്കും മൂല്യങ്ങൾക്കും വേണ്ടിയുള്ള നയതന്ത്ര സമീപനങ്ങളെ പ്രത്യക്ഷത്തിൽ യുദ്ധമെന്നോ ആയുധപ്രയോഗമെന്നോ ഒക്കെ പറയാമെങ്കിലും അടിസ്ഥാനപരമായി ലോക നന്മയ്ക്കു വേണ്ടിയുള്ള ഇടപെടലായിരുന്നു. ഇങ്ങനെ മൂല്യങ്ങളെ വെച്ചുകൊണ്ട് കാര്യങ്ങളെ മനസ്സിലാക്കാൻ നമുക്ക് സാധിക്കണം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
