
മുഹമ്മദ് ബിൻ ഉമൈർ(റ) എന്നവർ അദ്ദേഹത്തിന്റെ ഗുരുവര്യന്മാരിൽ നിന്ന് നിവേദനം ചെയ്യുന്നു. ബനൂ സഅദ് ഹുദൈം ഗോത്രത്തിലെ ഒരാൾ പറയുന്നു. ഒരു സംഘം അനുയായികളോടൊപ്പം നബിﷺ തബൂക്കിൽ ഇരിക്കുകയായിരുന്നു. അവിടുന്ന് ബിലാലി(റ)നെ വിളിച്ചു പറഞ്ഞു. അല്ലയോ ബിലാലെ(റ) നമുക്ക് ഭക്ഷണം തരൂ.. ബിലാൽ(റ) കയ്യിൽ കരുതിയിരുന്ന ഭക്ഷണം സുപ്രയിലേക്കിട്ടു. കൂടിയിരുന്നവരോട് മുഴുവൻ ഭക്ഷിച്ചുകൊള്ളാൻ നബിﷺ പറഞ്ഞു. നിറയുന്നതുവരെ ഞങ്ങളെല്ലാവരും കഴിച്ചു. ഞാൻ പറഞ്ഞു നബിﷺയെ, നേരത്തെ ആയിരുന്നെങ്കിൽ എനിക്ക് തന്നെ തികയുമായിരുന്നില്ല ഇത്രയും ഭക്ഷണം. അപ്പോൾ നബിﷺ പറഞ്ഞു. ഒരു വിശ്വാസിയുടെ വയറു നിറയുന്ന ഭക്ഷണം, അതിന്റെ 7 ഇരട്ടി ഉണ്ടായാലും അവിശ്വാസിയുടെ ആമാശയം നിറയില്ല. അടുത്ത ദിവസവും ഞാൻ ഭക്ഷണം ലക്ഷ്യം വെച്ച് നബിﷺയുടെ അടുത്ത് വന്നു. അപ്പോൾ ഞങ്ങൾ പത്തുപേർ അടുത്തുണ്ടായിരുന്നു. പതിവുപോലെ നബിﷺ ബിലാലി(റ)നെ വിളിച്ചു. ബിലാൽ(റ) തളികയിലേക്ക് ഉള്ള ഭക്ഷണം നിരത്തി. അർശിന്റെ അധിപനായ അല്ലാഹുവിൽ നിന്ന് ദാരിദ്ര്യം ഭയക്കേണ്ടതില്ലെന്നു പറഞ്ഞുകൊണ്ട് നബിﷺ ഭക്ഷണത്തിൽ അനുഗ്രഹ പ്രാർത്ഥന നടത്തി. അല്ലാഹുവിന്റെ നാമത്തിൽ ഭക്ഷിച്ചുകൊള്ളാൻ കൂടിയിരുന്നവരോട് പറഞ്ഞു. ഞാനും നന്നായി കഴിച്ചു. പള്ളയിൽ ഇടം ഒഴിവില്ലാത്ത വിധം നിറഞ്ഞു. എല്ലാവരും കഴിച്ചു കഴിഞ്ഞിട്ടും തളികയിൽ ആദ്യം ഉണ്ടായിരുന്ന അത്രയും ഭക്ഷണം തന്നെ ബാക്കിയായി. മൂന്നു ദിവസവും ഇപ്രകാരം നബിﷺയുടെ അനുഗ്രഹ സാന്നിധ്യത്തിൽ ഭക്ഷണം കഴിച്ചു. നബിﷺക്ക് അല്ലാഹു നൽകിയ അമാനുഷിക സിദ്ധികളിൽ ഏറെ ഉദ്ധരിക്കപ്പെട്ട സംഭവമാണ് ഭക്ഷണത്തിൽ ലഭിച്ച വർദ്ധനവ്.
കേവലം സാധാരണമായ സമീപനങ്ങളിലൂടെയും അതിസാധാരണമായ നിലപാടുകളിലൂടെയും മാത്രമാണ് തിരുനബിﷺയുടെ ജീവിതവും പ്രബോധനവും കടന്നുപോയത് എന്ന് വാദിക്കുന്നവർ നബിചരിത്രത്തെ വേണ്ട പോലെ സമീപിക്കാത്തവരാണ്. മേൽപ്പറഞ്ഞതുപോലെയുള്ള സംഭവങ്ങൾ നിരവധി വിശ്വാസികളുടെ വിശ്വാസം ഉറയ്ക്കാനും പുതുതായി പലരും ഇസ്ലാമിലേക്ക് കടന്നു വരാനും കാരണമായി. നബിﷺയെയും നബി ജീവിതത്തെയും കേവലസാധാരണത്വം ആരോപിച്ച് മതപരിഷ്കരണം ആവശ്യപ്പെടുന്നവരും അവകാശപ്പെടുന്നവരും മതത്തിന്റെ മധുരത്തെയും ആത്മാവിനെയും ആണ് ചോദ്യം ചെയ്യുന്നത്. പ്രവാചകത്വം അഥവാ നുബുവ്വത്, പ്രവാചകന്മാരിൽ നിന്നുണ്ടാകുന്ന അമാനുഷിക സംഭവങ്ങൾ അഥവാ മുഅ്ജിസത്ത്, ദിവ്യ ബോധനം അഥവാ വഹിയ് ഇതെല്ലാം മാറ്റിവെച്ചുകൊണ്ട് മുഹമ്മദ് നബിﷺയെ വായിച്ചാൽ അല്ലാഹു നിയോഗിച്ച പ്രവാചകനെﷺ അറിയാൻ സാധിക്കില്ല. മറിച്ച് അവർ രൂപകൽപ്പന ചെയ്യുന്ന ഒരു വ്യക്തിയെ മാത്രമേ വായിക്കാനാവൂ.
ഇത്തരം വസ്തുതകളുടെ ആശയങ്ങളെ പൂർണ്ണമായും ഉൾക്കൊള്ളണമെങ്കില്‍ മനുഷ്യന്റെ പരിധിയ്ക്കും പരിമിതിക്കും അപ്പുറമുള്ള ചില ലോകത്തെ ഉൾക്കൊള്ളാൻ നമുക്ക് കഴിയണം. ഇത്തരം അധ്യായങ്ങളിൽ അതെങ്ങനെയായിരുന്നു എന്ന ചോദ്യത്തിന് പ്രസക്തി ഉണ്ടാവണമെന്നില്ല. സത്യം മാത്രം പറയുന്ന പ്രവാചകൻﷺ പറഞ്ഞ മൊഴികൾ അംഗീകരിക്കുകയല്ലാതെ ന്യായമില്ല എന്ന താത്വികവും വസ്തുതാപരവുമായ പ്രമാണത്തിലേക്ക് നാം എത്തിച്ചേരണം.
പ്രവാചകന്മാർ മുന്നോട്ടുവെച്ച ഏറ്റവും വലിയ ആശയം അല്ലാഹുവിന്റെ അടുപ്പവും അവന്റെ സാന്നിധ്യവും പരമാധികാരവും ആണ്. അത്തരമൊരു യാഥാർത്ഥ്യത്തെ അംഗീകരിക്കുന്ന വ്യക്തിക്ക് അല്ലാഹുവിന്റെ ദൂതനെﷺയും അംഗീകരിക്കാൻ പ്രയാസമില്ല.
നബി ചരിത്രത്തിന്റെ അടരുകളിൽ നിന്ന് ആത്മീയ സ്പർശമായ സംഭവങ്ങളെ അടർത്തിമാറ്റിയാൽ അല്ലാഹുവിന്റെ ദൂതനായ മുഹമ്മദ് നബിﷺയെ കണ്ടെത്താനാവില്ല. വിശന്നു വിഷണ്ണനാകുന്ന ബിലാലി(റ)നെയും തിരുനബിﷺയുടെ അനുഗ്രഹീത കരങ്ങളിൽ നിന്ന് വർദ്ധിതമായ ഭക്ഷണം കഴിക്കുന്ന ബിലാലി(റ)നെയും ഒരേ സ്ക്രീനിൽ തന്നെ മദീനയിൽ നിന്ന് കാണാൻ കഴിയും. സ്വയം തന്നെ വിശന്ന് പാറ വെച്ചു കെട്ടിയ പ്രവാചകനെﷺയും അനുഗ്രഹീതമായ ആത്മീയ ഭക്ഷണങ്ങളുടെ വിശപ്പകറ്റി നടക്കുന്ന തിരുദൂതനെﷺയും അനുയായികൾ നെഞ്ചേറ്റുന്ന ചിത്രവും മദീനയുടെ സ്ക്രീനിൽ തെളിയുന്നുണ്ട്. ഇവയെല്ലാം ചേർത്തുവച്ച് വിശ്വസിക്കാൻ കഴിയുമ്പോഴാണ് നമ്മുടെ വിശ്വാസം ശരിയായ ദിശയിലാകുന്നത്.
നമുക്ക് തബൂക്കിൽ നിന്ന് പുറപ്പെടാൻ ആയിട്ടില്ല. ചാരത്തുതന്നെ ചേർന്നുനിന്ന് കുറച്ചുകൂടി സംസാരിക്കാൻ ഉണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
