Tweet 498

    Tweet 498
    October 25, 2023 • Wednesday
    Post Header

    ഹുനൈൻ യുദ്ധത്തിൽ ഉപരിലോകത്ത് നിന്ന് മലക്കുകളെ അവതരിപ്പിച്ച് അല്ലാഹു നബിﷺയെ സഹായിച്ചു. ഖുർആനിലെ അത്തൗബ അധ്യായത്തിലെ 26ആം സൂക്തം ഇത് പരാമർശിക്കുന്നുണ്ട്. അത് സത്യനിഷേധികൾക്ക് ശിക്ഷയായി ഭവിച്ചു എന്നും അതേ സൂക്തത്തിൽ തന്നെ വിശദീകരിക്കുന്നു. സഈദ് ബിനു ജുബൈർ(റ) നിവേദനം ചെയ്യുന്ന പ്രകാരം 5000 മലക്കുകളെ അല്ലാഹു അവതരിപ്പിച്ചു. അതുവഴി വിശ്വാസികളുടെ ഹൃദയത്തിൽ ശാന്തിയും സമാധാനവും നൽകി. ഖുർആനിലെ അത്തൗബ അദ്ധ്യായം ഇരുപത്തിയാറാം സൂക്തത്തിൽ അല്ലാഹുവിന്റെ ദൂതനുംﷺ വിശ്വാസികൾക്കും മനസ്സമാധാനം നൽകി എന്ന പ്രയോഗത്തിൽ അൻസ്വാരികളെയാണ് പ്രത്യേകം പരാമർശിച്ചത്.
    ജുബൈർ ബിനു മുത്ഇമി(റ)ല്‍ നിന്ന് ഇമാം ബൈഹഖി(റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. ജനങ്ങൾ പിന്തിരിഞ്ഞോടുന്നതിന് മുമ്പ് ഒരു കറുത്ത മൂടുപടം ആകാശലോകത്ത് കണ്ടു. പിന്നെ, അത് താഴേക്ക് വീണ് ഭൂമിയിൽ താഴ്‌വരയിൽ ഒന്നാകെ പരന്നു. അത് കറുത്ത ഉറുമ്പിന്റെ കൂട്ടങ്ങൾ ആയിരുന്നു. അത് വസ്ത്രങ്ങളിൽ ഇഴഞ്ഞു കയറിയിട്ട് ഞങ്ങൾ അതിനെ കുടഞ്ഞു കളഞ്ഞിരുന്നു. അല്ലാഹുവിന്റെ സഹായം കൊണ്ട് നമുക്ക് ജയിക്കാനും മുന്നേറാനും സാധിച്ചു.
    മുസ്അബു ബിൻ ശൈബ(റ) അദ്ദേഹത്തിന്റെ പിതാവിൽ നിന്ന് ഉദ്ധരിക്കുന്നു. ഞാൻ പ്രവാചകരുﷺടെ കൂടെ ഹുനൈനിലേക്ക് സഞ്ചരിച്ചു. അന്ന് ഞാൻ വിശ്വാസിയായിരുന്നില്ല. എന്നുമാത്രമല്ല ഹവാസിൻ ജയിക്കണമെന്ന് ആഗ്രഹിച്ച ആൾ കൂടിയായിരുന്നു. അങ്ങനെ ഞാൻ പ്രവാചകന്റെﷺ അടുത്ത് നിൽക്കുമ്പോൾ ഒരു കറുത്ത കുതിരയെ കണ്ടു. ഞാൻ പ്രവാചകനോﷺട് പറഞ്ഞു. ഞാനൊരു കറുത്ത കുതിരയെ കാണുന്നുണ്ടല്ലോ! അപ്പോൾ നബിﷺ പറഞ്ഞു. ഒരു അവിശ്വാസിയായ ആൾ മാത്രമേ അത് കാണുകയുള്ളൂ. വിശ്വാസിയായ ഒരാൾ അത് കാണാനിടയില്ലല്ലോ! എന്നിട്ട് എന്റെ മാറിടത്തിലേക്ക് അവിടുത്തെ തിരുകരങ്ങൾ കൊണ്ട് ഒന്ന് തട്ടി. അല്ലാഹുവേ ശൈബയ്ക്ക് നീ നേർവഴി കാണിച്ചു കൊടുക്കേണമേ എന്ന് പ്രാർത്ഥിച്ചു. മൂന്നുപ്രാവശ്യം ഇങ്ങനെ ചെയ്തതിനുശേഷം അവിടുത്തെ കരങ്ങൾ ഉയർത്തി. എന്റെ മാറിടത്തിൽ നിന്ന് അവിടുത്തെ കരങ്ങൾ ഉയർത്തിയതും, ലോകത്തേക്ക് വെച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരായി തിരുനബിﷺ മാറി.
    പ്രതിസന്ധി ഘട്ടത്തിൽ പ്രവാചകരോﷺടൊപ്പം ഉറച്ചുനിന്ന ആളുകൾ എത്ര പേരാണെന്നും അവരാരൊക്കെ ആണെന്നും ചരിത്രത്തിൽ വിവിധ അഭിപ്രായങ്ങൾ ഉണ്ട്. അൻസ്വാരികളിൽ നിന്നും മുഹാജിറുകളിൽ നിന്നുമായി 80 ആളുകൾ ആയിരുന്നു തിരുനബിﷺക്കൊപ്പം പതറാതെ നിന്നത് എന്നതാണ് പ്രബല അഭിപ്രായം. വലത്തും ഇടത്തുമായി 100 ആളുകൾ ഉണ്ടായിരുന്നു എന്നാണ് മുഹമ്മദ് ബിൻ ഉമർ(റ) എന്നവരുടെ അഭിപ്രായം. അദ്ദേഹം നബിﷺ തങ്ങൾക്കൊപ്പം ഹുനൈനിൽ പങ്കെടുത്ത ആളാണ്. ഹാരിസത്തുബിനു നുഅ്മാനെ കുറിച്ച് ജിബ്‌രീല്‍(അ) നബിﷺയോട് പറഞ്ഞപ്പോൾ ഹുനൈനിൽ സഹിഷ്ണുതയോടു കൂടി നിന്ന 100 പേരിൽ ഒരാൾ ആണെന്ന് പരിചയപ്പെടുത്തുന്നുണ്ട്. അൽ മിഅത്തു സ്വാബിറ എന്നാണ് അവരെക്കുറിച്ച് പ്രയോഗിക്കാറുള്ളത്.
    ബനൂഹാഷിമിൽ നിന്നുള്ള മൂന്നുപേരും മറ്റൊരാളും അങ്ങനെ നാലു പേരായിരുന്നു ഏറ്റവും പ്രതിസന്ധി ഘട്ടത്തിൽ തിരുനബിﷺയുടെ തൊട്ടു ചാരത്ത് ഉണ്ടായിരുന്നത് എന്ന അഭിപ്രായവും ഉണ്ട്. അലിയ്യുബിനു അബീത്വാലിബ്(റ), അബ്ബാസ് ബിന് അബ്ദുൽ മുത്തലിബ്(റ), അബൂസുഫിയാൻ ബിൻ ഹാരിസ്(റ), ഇബ്നു മസ്ഊദ്(റ) എന്നിവരായിരുന്നു ആ നാലുപേർ.
    നസീബത്ത് ബിൻത് കഅബ്(റ) അഥവാ ഉമ്മു ഉമാറ എന്ന മഹതി ഹുനൈനിലെയും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. ഉമ്മു സുലൈം ബിൻത് മില്ഹാൻ(റ) എന്നും മഹതിയെ വിളിക്കാറുണ്ട്. ഒരു കഠാരയും കയ്യിൽ പിടിച്ചു നിൽക്കുന്ന ഉമ്മു സുലൈമി(റ)നെ ഹുനൈനിൽ വച്ച് അബൂത്വൽഹ കണ്ടു. അദ്ദേഹം അവരോട് ചോദിച്ചു, എന്താണിത്? അപ്പോൾ പറഞ്ഞു. ശത്രുക്കളാരെങ്കിലും ഞങ്ങളെ സമീപിച്ചാൽ അവരുടെ പള്ളയിൽ ഞങ്ങൾ കുത്തും. ഈ വർത്തമാനം നബിﷺയോട് പറഞ്ഞപ്പോൾ അവിടുന്ന് ഒന്ന് ചിരിച്ചു.
    യുദ്ധവേളകളിൽ പരിക്കേറ്റവരെ പരിചരിക്കാനും മറ്റും കുറഞ്ഞ സ്ത്രീകളും മുസ്ലിം സൈന്യത്തോടൊപ്പം സഞ്ചരിച്ചിരുന്നു. അവർ ആത്മരക്ഷാർത്ഥം ആയുധങ്ങൾ കരുതുകയും ചെയ്തിരുന്നു. യുദ്ധക്കളത്തിലോ യോദ്ധാവായോ സ്ത്രീകൾക്ക് ഉത്തരവാദിത്വം ഉണ്ടായിരുന്നില്ല. ഹുനൈൻ യുദ്ധവേളയിൽ പ്രധാനമായും ഞങ്ങൾ നാലു സ്ത്രീകളാണ് ഉണ്ടായിരുന്നത് എന്ന് ഉമ്മു ഉമാറ(റ) തന്നെ പറയുന്നുണ്ട്. പ്രവാചകൻﷺ ഒറ്റപ്പെടുകയോ ആക്രമിക്കപ്പെടുന്നു എന്ന അവസ്ഥയെത്തുകയോ ചെയ്താൽ അടിയന്തിര ഘട്ടം എന്ന നിലയിൽ പ്രവാചകരെﷺ സംരക്ഷിക്കാൻ വേണ്ടി അടുത്തുവന്ന രംഗങ്ങളാണ് സ്ത്രീകളുടെ ആയുധപ്രയോഗങ്ങളായി യുദ്ധ ചരിത്രത്തിൽ നാം വായിച്ചു പോയത്. അല്ലെങ്കിൽ സ്ത്രീകളുടെ ക്യാമ്പിലേക്ക് ശത്രുക്കൾ ദുരുദ്ദേശത്തോടെ കടന്നുവന്നപ്പോഴായിരുന്നു.
    ശത്രുപക്ഷത്തിലേതാണെങ്കിലും സ്ത്രീകളെയും കുട്ടികളെയും സായുധമായി നേരിടാൻ പാടില്ല എന്നാണ് ഇസ്ലാമിന്റെ യുദ്ധ സമീപനം.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...