Tweet 499

    Tweet 499
    October 26, 2023 • Thursday
    Post Header

    ഹുനൈൻ കൗതുകകരമായ പലരംഗങ്ങൾക്കും സാക്ഷിയായി. വ്യക്തിപരമായ കഴിവും മികവും കാണിക്കാൻ ഇസ്ലാം പക്ഷത്തുനിന്ന് പോരാടിയ ഒരാളെ കുറിച്ച് നബിﷺ പറഞ്ഞു. അയാൾ സ്വർഗ്ഗസ്ഥനാവുകയില്ല എന്ന്. നല്ല ഉദ്ദേശത്തോടെ ധർമ്മ സംസ്ഥാപനത്തിനായി അല്ലാഹുവിന്റെ മാർഗത്തിൽ സമരം ചെയ്യുന്നവർക്കേ പരിഗണനയുള്ളൂ. ഈ സന്ദേശം നബിﷺ അനുയായികളെ പഠിപ്പിച്ചു.
    യുദ്ധത്തിനിടയിൽ കുട്ടികളെ വധിച്ചു കളയരുത് എന്ന് പ്രത്യേകം യോദ്ധാക്കളോട് നിർദ്ദേശിച്ചു. അവർ ബഹുദൈവാരാധകരുടെ മക്കളല്ലേ എന്നായിരുന്നു യോദ്ധാക്കളുടെ ചോദ്യം. കുട്ടികൾ കുട്ടികളാണെന്നും എല്ലാ കുഞ്ഞും പവിത്രതയോടെയാണ് ജനിക്കുന്നത് എന്നും പ്രവാചകൻﷺ പഠിപ്പിച്ചു. മാതാപിതാക്കളുടെ കുറ്റം മക്കളുടെ മേൽ ആരോപിക്കരുതെന്ന് നിർദ്ദേശിച്ചു. യുദ്ധക്കളത്തിലും അനിവാര്യമായി പാലിക്കേണ്ട മൂല്യങ്ങളെയും ധർമ്മങ്ങളെയും പഠിപ്പിച്ചു. മാനുഷിക മൂല്യങ്ങളെ മുഴുവനും കാറ്റിൽ പറത്തി, ഒരു സഹജീവിക്കു നൽകേണ്ട പരിഗണന പോലും നൽകാതെ ആയിരക്കണക്കിന് കുരുന്നുകളെ കൊന്നുകൂട്ടുന്ന വർത്തമാനകാലത്ത് യുദ്ധ ധാർമികതയും മാനുഷിക മൂല്യങ്ങളും ആര് ആരെയാണ് പഠിപ്പിക്കേണ്ടത്.
    യുദ്ധത്തടവുകാരോട് കാണിക്കേണ്ട നീതിയും പ്രത്യേകമായി തിരുനബിﷺ പഠിപ്പിച്ചു. ക്രൂര വിനോദങ്ങൾ ഉണ്ടാവരുതെന്നും പൊതു ക്ഷേമത്തിന് ആവശ്യമായ തീരുമാനങ്ങൾക്കൊപ്പമാണ് എല്ലാ അനുയായികളും നിൽക്കേണ്ടതെന്നും അനുയായികളെ ബോധവൽക്കരിച്ചു. ബന്ധികളെ കൈകാര്യം ചെയ്യുന്നതിൽ ഉഗ്ര സമീപനം ആവശ്യപ്പെട്ടവരെ നബിﷺ തിരുത്തി.
    ഹുനൈനിലെ ബന്ധികൾക്കിടയിൽ സ്വഹാബികൾ ഒരു സ്ത്രീയെ കണ്ടെത്തി. അവർ പറഞ്ഞു ഞാൻ നിങ്ങളുടെ പ്രവാചകന്റെﷺ സഹോദരിയാണ്. പെട്ടെന്ന് സ്വഹാബികൾക്ക് വിശ്വസിക്കാനായില്ല. ശൈമ(റ) എന്ന പേരുള്ള മഹതി വീണ്ടും പറഞ്ഞു. ഞാൻ നിങ്ങളുടെ പ്രവാചകന്റെﷺ സഹോദരിയാണ്. അവരെ നേരെ നബിﷺയുടെ മുന്നിൽ ഹാജരാക്കി. നബിﷺക്കും പെട്ടെന്ന് ആളെ മനസ്സിലായില്ല. അവർ തുറന്നു പറഞ്ഞു. അല്ലയോ പ്രവാചകരെﷺ ഞാൻ തങ്ങളുടെ സഹോദരിയാണ്. എന്തെങ്കിലും അടയാളം പറയാനുണ്ടോ എന്ന് നബിﷺ കൗതുകകരമായി ചോദിച്ചു. അപ്പോൾ അവർ പറഞ്ഞു തുടങ്ങി. ഒരിക്കൽ എന്റെ തള്ളവിരലിൽ കടിച്ചത് ഓർമ്മയില്ലേ. എന്റെ ഈ ഒക്കത്തുവെച്ചല്ലേ സിറർ താഴ്‌വരയിൽ തങ്ങളെ ഞാൻ കൊണ്ടു നടന്നത്. നമ്മൾ ഒരുമിച്ചല്ലേ ആടിനെ മേയ്ക്കാൻ പോയത്. ഉമ്മാനോട് അടിപിടി കൂടിയപ്പോഴും നമ്മൾ ഒരുമിച്ചല്ലേ ഉണ്ടായിരുന്നത്. എന്റെ മാതാപിതാക്കൾ തങ്ങളുടെയും മാതാപിതാക്കൾ അല്ലേ.
    അടയാളങ്ങൾ കണ്ട് പെട്ടെന്ന് കൂടുതൽ ബോധ്യമായ തിരുനബിﷺ ധൃതിയിൽ എഴുന്നേറ്റു. അവിടുത്തെ മേൽ മുണ്ട് വിരിച്ചുകൊടുത്ത് ആദരപൂർവ്വം ഇരുത്തി. പഴയ ഓർമ്മകൾ തിരുനബിﷺയുടെ കണ്ണുകളെ നനയിച്ചു. സഹോദരിയോട് ക്ഷേമാന്വേഷണം നടത്തുകയും പഴയ കഥകൾ പങ്കുവെക്കുകയും ചെയ്തു. ഒടുവിൽ നബിﷺ പറഞ്ഞു. നിങ്ങൾക്ക് തൃപ്തിയാണെങ്കിൽ ഏറെ സന്തോഷത്തോടെയും സ്നേഹത്തോടെയും എന്നോടൊപ്പം താമസിക്കാം. അതല്ല, മടങ്ങിപ്പോകാനാണ് താല്പര്യം എങ്കിൽ സുരക്ഷിതമായി ആവശ്യമായ സാധനസാമഗ്രികളോടെ അവിടെ എത്തിക്കാം. പരസ്യമായി ഇസ്ലാം പ്രഖ്യാപിച്ചു കൊണ്ട് അവർ പറഞ്ഞു. ഞാൻ നാട്ടിലേക്ക് തന്നെ തിരിച്ചു പോവുകയാണ്. രണ്ടു ഒട്ടകങ്ങളും ഒരു പരിചാരികയും രണ്ട് അടിമകളെയും നബിﷺ അവർക്ക് സമ്മാനമായി നൽകി. എന്നിട്ട് പറഞ്ഞു നിങ്ങൾ ജഇറാനയിലേക്ക് പോവുകയല്ലേ ഞാൻ ത്വാഇഫിലേക്ക് പോവുകയാണ്. എന്നിട്ട്, അവർക്കും കുടുംബക്കാർക്കും കുറെ ആടുകളെ കൂടി സമ്മാനിക്കുകയും സുരക്ഷിതമായി ജഇറാനയിൽ എത്തിച്ചു കൊടുക്കുകയും ചെയ്തു.
    മൂല്യങ്ങളെയും ബന്ധങ്ങളെയും നിരന്തരമായി പരിപാലിക്കുന്ന പ്രവാചക ജീവിതത്തിന്റെ ശോഭന അധ്യായങ്ങളാണ് നാം വായിക്കുന്നത്. അമ്മിഞ്ഞ പ്രായത്തിൽ ബനൂസഅദിൽ തിരുനബിﷺയെ പാലൂട്ടിയ ബീവി ഹലീമ(റ)യുടെ മകളാണ് ശൈമ(റ). അരനൂറ്റാണ്ടിനു ശേഷം കണ്ടുമുട്ടുമ്പോഴും ആ പഴയ ഓർമ്മകൾ നബിﷺയെ വൈകാരികമായി സ്വാധീനിച്ചു. താരാട്ടുകയും പരിപാലിക്കുകയും ചെയ്ത കരങ്ങൾക്ക് സമ്മാനങ്ങൾ നൽകി. സ്നേഹം നിറഞ്ഞ ഓർമ്മകൾക്ക് മുന്നിൽ നബിﷺ ശൈശവകാലത്തേക്ക് മടങ്ങി.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...