
തിരുനബിﷺ മക്കയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് അബ്ബാസ് (റ) നബിﷺയോട് പറഞ്ഞു, “ഞാൻ ആദ്യം മക്കക്കാരുമായി ഒന്നു സംസാരിക്കട്ടെ. അവർക്ക് സുരക്ഷിതത്വം പ്രഖ്യാപിക്കുകയും സത്യസന്ധമായ വിവരം കൈമാറുകയും ചെയ്യട്ടെ”. ശേഷം, അദ്ദേഹം ശഹബാഅ എന്ന് പേരുള്ള കോവർ കഴുതയുടെ പുറത്ത് കയറി മക്കയിലേക്ക് തിരിച്ചു. ഉടനെ നബിﷺ അടുത്തുള്ളവരോട് പറഞ്ഞു, “എന്റെ ഉപ്പയെ തിരികെ വിളിക്കൂ “. ഉപ്പയുടെ സ്ഥാനത്താണല്ലോ ഉപ്പയുടെ സഹോദരൻ, അതുകൊണ്ടാണ് അങ്ങനെ സംബോധന ചെയ്തത്. ഉപ്പയെ വേഗം വിളിക്കൂ. അല്ലെങ്കിൽ, ഉർവത് ബിൻ മസ്ഊദി(റ)നെ അദ്ദേഹത്തിന്റെ ഗോത്രക്കാർ വധിച്ചു കളഞ്ഞതുപോലെ, എന്റെ ഉപ്പയെ ഖുറൈശികൾ വധിച്ചു കളഞ്ഞേക്കാം”. ഉർവ (റ) തൗഹീദിലേക്ക് ക്ഷണിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ജനത അദ്ദേഹത്തെ വധിച്ചു കളഞ്ഞത്. പക്ഷേ, അബ്ബാസ് (റ) എന്നവർ തിരികെ വരാൻ മടിച്ചു. അബൂ സുഫിയാന്റെ ഗതിയും മാറുമോ എന്നതും അദ്ദേഹത്തിന്റെ ആശങ്കയായിരുന്നു. അപ്പോഴാണ് നബിﷺ അബൂസുഫിയാനെ മക്കയിലേക്ക് വിടാതെ ഒപ്പം നിർത്താനും മുസ്‌ലിം സംഘങ്ങളുടെ ആഗമനം കാണാൻ അവസരം നൽകാനും നിർദേശിച്ചത്.
അബ്ബാസ് (റ) മുന്നോട്ടു തന്നെ. അബൂസുഫിയാനെ ഒപ്പം നിർത്തുകയും നബിﷺ ആഗമനത്തെക്കുറിച്ച് മക്കക്കാരോട് വിളംബരം നടത്തുകയും ചെയ്തു എന്നും ഒരു നിവേദനത്തിൽ നമുക്ക് വായിക്കാം.
വിശ്വാസികൾ മക്കയിലേക്ക് പ്രവേശിച്ചതോടെ അബൂസുഫിയാനും മക്കയിലേക്ക് കടന്നു. ‘അബൂസുഫിയാന്റെ ഭവനത്തിൽ അഭയം തേടുന്നവർക്ക് സുരക്ഷ’ എന്ന് അദ്ദേഹം വിളിച്ചു പറഞ്ഞു. അപ്പോൾ കേട്ടവർ ചോദിച്ചു. “എത്രയാളുകളാണ് നിങ്ങളുടെ ഭവനത്തിൽ ഉൾക്കൊള്ളുക?” അപ്പോൾ അദ്ദേഹം അനുബന്ധമായി വിളിച്ചുപറഞ്ഞു. “സ്വന്തം ഭവനത്തിൽ വാതിൽ അടച്ചിരിക്കുന്നവർക്കും സുരക്ഷ നൽകിയിരിക്കുന്നു”. അബ്ബാസു(റ)മായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ വിളംബരം ചെയ്തത്. പക്ഷേ, ഈ പ്രഖ്യാപനമോ സന്ദേശമോ ഒന്നും അബൂസുഫിയാന്റെ ഭാര്യ ഹിന്ദിന് അത്ര ദഹിച്ചില്ല. അവൾ അബൂസുഫിയാനെ വിമർശിച്ചു കൊണ്ടിരുന്നു. ‘അബൂസുഫിയാന്റെ നിലപാട് ഭീരുത്വമാണെന്നും ഇതെത്ര ദുഃഖകരമായ സാഹചര്യമാണെന്നും’ അവൾ വിളിച്ചു പറഞ്ഞു.
“എല്ലാവർക്കും പരിപൂർണമായ മാപ്പ് ” എന്നുറക്കെ വിളിച്ചുപറഞ്ഞു കൊണ്ടാണ് നബിﷺയും വിശ്വാസികളും മക്കയിലേക്ക് പ്രവേശിച്ചത്. എന്നാൽ സാമൂഹിക സുരക്ഷയ്ക്കും രാഷ്ട്രരക്ഷയ്ക്കും വേണ്ടി ചില സാമൂഹിക ദ്രോഹികളെ കരിമ്പട്ടികയിലായി പ്രഖ്യാപിക്കേണ്ടതുണ്ടായിരുന്നു. അത് ഏത് സമൂഹത്തിനും ആവശ്യമായി വന്നേക്കാം. സമഗ്രമായ ഒരു വ്യവസ്ഥിതിയും സംവിധാനവും മുന്നോട്ടു കൊണ്ടുപോകാൻ ഭരണാധികാരികൾക്ക് ചില സന്ദർഭങ്ങളിൽ ഇതാവശ്യമായി വരും. പിടികിട്ടാപ്പുള്ളികളെയും രാജ്യദ്രോഹികളെയുമെല്ലാം ലിസ്റ്റ് ചെയ്ത് പ്രഖ്യാപിക്കുന്ന പതിവ് വർത്തമാനകാല ആധുനിക സമൂഹങ്ങളിലും നിലനിൽക്കുന്നുണ്ടല്ലോ. ഇല്ലാത്ത കേസുകളും മാപ്പില്ലാത്ത കുറ്റങ്ങളും ഓരോ ഭരണകൂടത്തിന്റെ മുന്നിലും നമുക്ക് കാണാനാവും.
ഇവ്വിധം ചിലയാളുകളെ പേരെടുത്ത് പ്രഖ്യാപിക്കുകയും അവരെക്കണ്ടെത്തിയാൽ നിയമത്തിനു മുന്നിൽ ഹാജരാക്കണമെന്ന അറിയിപ്പ് നൽകുകയും ചെയ്തു. അങ്ങനൊരാളായിരുന്നു ഇബ്നു ഖത്തൽ. ആദ്യകാലത്ത് അയാൾ ഇസ്‌ലാം വിരുദ്ധ ചേരിയിലായിരുന്നു. പിന്നീട് ഇസ്‌ലാം സ്വീകരിച്ചു. അബ്ദുല്ല എന്ന് നബിﷺ നാമകരണം ചെയ്യുകയും അദ്ദേഹം മദീനയിലെത്തുകയും ചെയ്തു. ശേഷം, അദ്ദേഹത്തിന്റെ ഒരു യാത്രയിൽ ഭക്ഷണം പാചകം ചെയ്യാനും മറ്റുമായി ഖുസാഅ ഗോത്രക്കാരനായ ഒരാളെ നിയോഗിച്ചു. ഗ്രാമീണരായ അറബികൾ സക്കാത്ത് സമാഹരിക്കുന്ന ഒരു സംഗമത്തിലേക്ക് എത്തിച്ചേർന്നു. പരിചാരകനോട് ഭക്ഷണം പാചകം ചെയ്യാൻ പറഞ്ഞു ഇബ്നു ഖത്തൽ സംഗമത്തിലേക്ക് പോയി. തിരികെ വന്നപ്പോൾ പരിചാരകൻ ഭക്ഷണം പാചകം ചെയ്യാതെ ഉറങ്ങുകയായിരുന്നു. ഉടനെ അദ്ദേഹത്തെ വധിച്ചു കളയുകയും ഇസ്‌ലാമിൽ നിന്ന് പുറത്തു പോവുകയും ചെയ്തു. ശേഷം, പാട്ടുകാരികളായ രണ്ട് സ്ത്രീകൾക്കൊപ്പം ഇസ്‌ലാമിനെയും പ്രവാചകരെﷺയും ആക്ഷേപിക്കാൻ തുടങ്ങി. തെമ്മാടികളായ ആ സ്ത്രീകൾക്കൊപ്പം നിരന്തരമായി ആക്ഷേപകാവ്യങ്ങൾ ഉതിർത്തുകൊണ്ടിരുന്നു.
ഇത്തരം സാമൂഹികവിരുദ്ധനായ ഇയാൾക്കെതിരെ പരസ്യമായി വധശ്ശിക്ഷ പ്രഖ്യാപിച്ചു. കണ്ടെത്തിയാൽ നിയമത്തിനു മുമ്പിൽ ഹാജരാക്കാൻ നിർദേശം നൽകി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ
وَصَحْبِهِ وَسَلِّمْ
